തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം

സ്വകാര്യ കമ്പനി പ്രതിനിധികൾ തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര സ്ട്രോങ് റൂമിൽ; വിവാദം

തിരുവല്ല: ശബരിമല സ്വർണപ്പാളി അട്ടിമറിക്കിടെ, തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര സ്ട്രോങ് റൂമിൽ സ്വകാര്യ കമ്പനിയുടെ പ്രതിനിധികൾ കയറിയത്​ വിവാദത്തിൽ. ഇടിമിന്നലേറ്റ്​ തകർന്ന സ്വർണംപൂശിയ കൊടിമര സ്വർണപ്പറകളുടെ കേടുപാടുകൾ തീർക്കുന്ന ജോലിയുമായി ബന്ധപ്പെട്ട് ചെന്നൈയിലെ സ്വകാര്യ കമ്പനിയുടെ പ്രതിനിധികളാണ്​ സ്ട്രോങ് റൂമിൽ പ്രവേശിച്ചത്​.

ശബരിമലയിലെ ദ്വാരപാലക ശിൽപപ്പാളികളിൽ സ്വർണം പൂശിയ ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിന്റെ സഹോദര സ്ഥാപനമായ മന്ത്ര ഗോൾഡിനെയാണ് സ്വർണപ്പറകളുടെ അറ്റകുറ്റപണികൾക്കായി ദേവസ്വം ബോർഡ് നിയോഗിച്ചത്. എന്നാൽ ഭക്തരിൽ ഒരുവിഭാഗത്തിന്‍റെ എതിർപ്പിനെതുടർന്ന് ഈ പദ്ധതി നടപ്പിലാക്കിയില്ല. ഈ കമ്പനിയുടെ പ്രതിനിധികളാണ് മേയിൽ തിരുവാഭരണ കമീഷണർ, ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർ, അസി.ദേവസ്വം കമീഷണർ ഇൻ ചാർജ് എന്നിവർക്കൊപ്പം സ്ട്രോങ് റൂമിൽ പ്രവേശിപ്പിച്ചത്.

ദേവസ്വം ബോർഡിന്‍റെ നിയമപ്രകാരം ഭരണസമിതി അംഗങ്ങൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർക്ക് മാത്രമാണ് സ്​ട്രോങ്​ റൂമിൽ കയറാൻ അനുമതിയുള്ളത്. തിരുവല്ല സബ് ഗ്രൂപ്പിലെ കീഴിലുള്ള നിരവധി ക്ഷേത്രങ്ങളിലെ കോടികൾ വിലമതിക്കുന്ന സ്വർണ ആഭരണങ്ങളും മറ്റ് ഉരുപ്പടികളുമാണ്​ ഇവിടെ സൂക്ഷിച്ചിരിക്കുന്നത്.

മന്ത്ര ഗോൾഡിന്റെ പ്രതിനിധികൾ സ്ട്രോങ്ങ് റൂമിൽ കയറി നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ ശ്രീകുമാർ വി. കോങ്ങരേട്ട് നൽകിയ വിവരാവകാശ അപേക്ഷക്ക്​ കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന മറുപടിയാണ് ദേവസ്വം ബോർഡിൽ നിന്നും ലഭിച്ചത്. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഭക്തജന സമിതിയുടെ നേതൃത്വത്തിൽ നിവേദനം തയാറാക്കി മുഖ്യമന്ത്രിക്കും നൽകിയിട്ടുണ്ട്.

നേരത്തെ, ഈ സ്വർണ്ണപ്പറകൾ അറ്റകുറ്റപണികൾക്കായി ചെന്നൈയി​ലേക്ക് കൊണ്ടുപോകാനും നീക്കം നടത്തിയിരുന്നു. ഇതിനെതിരെ ഭക്തജനങ്ങൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ ദേവസ്വം ബോർഡ് പിൻമാറുകയായിരുന്നു. 50 വർഷ ഗാരന്‍റിയിൽ 15 വർഷം മുമ്പാണ്​ കൊടിമരത്തിൽ സ്വർണം പൂശിയത്​. 2021ൽ ഇടിമിന്നൽ ഏറ്റതിനെ തുടർന്നാണ് സ്വർണ്ണ കൊടിമരം നിലം പതിച്ചത്. നിലവിൽ പുതിയ കൊടിമരത്തിനായി തടി ഒരുക്കുന്ന ജോലികൾ നടന്നുവരികയാണ്​.

Tags:    
News Summary - Private company representatives in Thiruvalla Sri Vallabha Temple strong room; Controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.