സ്വകാര്യ ബസുകളിലും സൗജന്യ യാത്ര, സർക്കാർ പണം നൽകണം; ഡീസൽ സബ്സിഡി, കൺസെഷൻ ആവശ്യങ്ങളുമായി സ്വകാര്യ ബസുടമകൾ

തിരുവനന്തപുരം: സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തി ഗതാഗത മന്ത്രി സി.പി. ജോൺ. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫിസിലായിരുന്നു ചർച്ച. പ്രിയദർശിനി പദ്ധതി വന്നതോടെ സ്വകാര്യ ബസ് സർവിസ് നഷ്ടത്തിലാണ്. സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് ടിക്കറ്റിന്റെ പണം സർക്കാർ നൽകണം എന്നാണ് ബസുടമകളുടെ ആവശ്യം. ഡീസൽ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ ഉന്നയിച്ചിട്ടുണ്ട്.

ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സൂചിത പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദർശിനി നടപ്പാക്കിയതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചിരുന്നു. പലയിടത്തും ബസ് സർവിസുകൾ നിർത്തലാക്കി. സ്വകാര്യ ബസുകൾ മറ്റു വരുമാന സ്രോതസ്സ് തേടണമെന്ന് മന്ത്രി പറഞ്ഞിരുന്നു.

എന്നാൽ, വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർഥികളുടെ കൺസെഷൻ ചാർജ് വർധിപ്പിച്ചതിനെതിരെ കൽപ്പറ്റ ആർ.ടി.ഒ ഓഫിസിൽ എസ്.എഫ്.ഐ പ്രതിഷേധം നടത്തി. എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ കൽപ്പറ്റ ആർ.ടി.ഒയെ ഉപരോധിച്ചു. കുട്ടികളിൽ നിന്ന് അനധികൃതമായി അധിക തുക ഈടാക്കുന്നതിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. വിദ്യാർഥികളുടെ കൺസെഷൻ ചാർജ് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയാക്കി ബസ് ഉടമകൾ വർധിപ്പിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കൽപ്പറ്റ ആർ.ടി.ഒ ഓഫിസിന് മുന്നിൽ പ്രതിഷേധവുമായി എത്തിയത്.

അതേസമയം, പ്രിയദർശിനി സൗജന്യയാത്ര നടപ്പാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രതിസന്ധികൾ പഠിക്കാൻ സർക്കാർ പ്രത്യേക കമ്മിറ്റിയെ രൂപവത്കരിച്ചു. റിട്ടയേർഡ് ഐ.പി.എസ് ഉദ്യോഗസ്ഥൻ കെ. പത്മകുമാറാണ് കമ്മിറ്റി ചെയർമാൻ. സ്വകാര്യ ബസുകൾക്ക് ബസിനകത്തും പുറത്തും പരസ്യം പതിക്കാൻ അനുമതി നൽകുമെന്നും സംസ്ഥാനത്ത് സമഗ്രമായ ഗതാഗത നയം രൂപവത്കരിക്കുമെന്നും ബസ് ഉടമകളുമായി നടത്തിയ ചർച്ചക്ക് ശേഷം മന്ത്രി സി.പി. ജോൺ അറിയിച്ചു.

എന്നാൽ, സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും റിപ്പോർട്ട് വന്ന് തീരുന്നതിന് മുമ്പ് പല ബസുകളും നിരത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും ബസുടമകൾ ആശങ്ക പ്രകടിപ്പിച്ചു. നിലവിൽ ബസുകൾ നിർത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് കടക്കുന്നില്ലെങ്കിലും വരും ദിവസങ്ങളിൽ സംയുക്ത യോഗം ചേർന്ന് ഭാവി സമരപരിപാടികൾ തീരുമാനിക്കുമെന്ന് ഉടമകളുടെ പ്രതിനിധികൾ വ്യക്തമാക്കി. 

ബസുകളുടെ ദിവസ നികുതിയിൽ 130 മുതൽ 150 രൂപ വരെ സർക്കാർ കുറച്ചെങ്കിലും യാതൊരുവിധ പ്രയോജനവും ലഭിക്കുന്നില്ലെന്നും ഉടമകൾ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിൽ ദിവസേന ഒമ്പത് സർവിസുകൾ നടത്തുന്ന ഒരു ബസിന് ഇന്ധനച്ചെലവായി മാത്രം 4,500 മുതൽ 5,000 രൂപ വരെ ആവശ്യമാണ്. ലിറ്ററിന് 3.5 കിലോമീറ്റർ മാത്രമാണ് മൈലേജ് ലഭിക്കുന്നത്. നേരത്തെ ദിവസ വരുമാനം 9,000 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത്, നിലവിൽ 6,000 മുതൽ 7,000 രൂപ വരെയായി വരുമാനം ഇടിഞ്ഞത് ബസുടമകളെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ജീവനക്കാരുടെ പ്രതിദിന ശമ്പളം (1,000 – 1,200 രൂപ), ഫിനാൻസ് തിരിച്ചടവ്, ഇൻഷുറൻസ്, ടാക്സ്, അറ്റകുറ്റപ്പണികൾ തുടങ്ങിയ ചെലവുകൾ കണക്കിലെടുക്കുമ്പോൾ ബസ് ഓട്ടം നഷ്ടത്തിലാണെന്ന് ഉടമകൾ പറയുന്നു.

Tags:    
News Summary - Women can travel free in private buses too: Private bus owners demand diesel subsidy and concessions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.