ബോട്ടപകടങ്ങൾ തടയൽ: ഹൈകോടതി സമഗ്ര റിപ്പോർട്ട്​ തേടി

കൊച്ചി: താനൂർ ബോട്ടപകടം പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സ്വീകരിക്കുന്ന നടപടികളും മാനദണ്ഡങ്ങളുമടക്കം വ്യക്തമാക്കി സമഗ്ര റിപ്പോർട്ട്​ നൽകാൻ സർക്കാറിന്​ ഹൈകോടതി നിർദേശം. താനൂർ ബോട്ടപകടത്തെ തുടർന്ന് സ്വമേധയാ എടുത്ത കേസിലാണ് ഹൈകോടതിയുടെ നിർദേശം.

റിപ്പോർട്ട്​ തയാറാക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെയും ഇയാളെ സഹായിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലെ സീനിയർ ഉദ്യോഗസ്ഥരെയും ചീഫ് സെക്രട്ടറി നിയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്.വി.എൻ ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. റിപ്പോർട്ട്​ നൽകാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയതിനെത്തുടർന്ന് ഹരജി 27ലേക്ക് മാറ്റി.

മേയ് ഏഴിനാണ് മലപ്പുറം താനൂരിൽ ബോട്ടപകടത്തെ തുടർന്ന് 22 പേർ മരിച്ചത്. മേയ് ഒമ്പതിന്​ വിഷയം സ്വമേധയാ പരിഗണിച്ച കോടതി പിന്നീട്​ സർക്കാറിന് ചില നിർദേശങ്ങൾ നൽകിയിരുന്നു. ടൂറിസ്റ്റ്, യാത്രാ ബോട്ടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക, അമിതമായി യാത്രക്കാരെ കയറ്റാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരുന്നത്.

ബുധനാഴ്ച ഹരജി പരിഗണിച്ചപ്പോൾ ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാൻ സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം തേടിയതോടെയാണ്​ കോടതി സമഗ്ര റിപ്പോർട്ട്​ തേടിയത്​.

Tags:    
News Summary - Prevention of boat accidents: HC seeks comprehensive report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.