ഇപ്പോള്‍ കേരളത്തിലുള്ള സുപ്രീം കോടതി
ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുറിന് സംസ്ഥാനത്തെ
മാധ്യമങ്ങള്‍ സമര്‍പ്പിക്കുന്ന തുറന്ന കത്ത്
ഇന്ത്യയുടെ ബഹുമാന്യനായ ചീഫ് ജസ്റ്റിസിന്,
കേരളത്തിന്‍െറ അറുപതാം പിറന്നാള്‍ ദിനത്തില്‍ താങ്കളെ ഈ സംസ്ഥാനത്തേക്ക് ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി കേരള ഘടകവും കേരള ടെലിവിഷന്‍ ഫെഡറേഷനും സ്വാഗതം ചെയ്യുന്നു. ഈ സംസ്ഥാനത്തിന്‍െറ ജന്മദിനമായ നവംബര്‍ ഒന്നിനു തന്നെയാണ് കേരള ഹൈകോടതിയുടെയും ജന്മദിനമെന്നത് താങ്കള്‍ക്കും അറിയാമല്ളേ്ളാ. ഈ ശുഭദിനത്തില്‍ ഖേദകരമായൊരു കാര്യത്തെപ്പറ്റി താങ്കളെ അറിയിക്കേണ്ടിവരുന്നു. വജ്രജൂബിലി ആഘോഷിക്കുന്ന കേരള ഹൈകോടതിയിലെ നീതിന്യായനടപടിയുടെ സുതാര്യതയെ മറയ്ക്കുന്ന വലിയൊരു കളങ്കം വരുത്തിവെച്ചിരിക്കുകയാണ് ഈ സംവിധാനത്തിന്‍െറതന്നെ ഭാഗമായ ഒരു കൂട്ടമാളുകള്‍. ഈ ആറുപതിറ്റാണ്ടിനിടെ, ഉന്നതദര്‍ശനവും ഉള്‍ക്കാഴ്ചയുമുള്ള മഹാന്മാരായ ജഡ്ജിമാരുടെ സമയോചിതമായ ഇടപെടല്‍ പ്രബുദ്ധവും നിയമസാക്ഷരതയുള്ളതുമായ കേരള സമൂഹത്തെ രൂപപ്പെടുത്താനുപകരിച്ചിട്ടുണ്ട്. എന്നാല്‍, കേരള ഹൈകോടതിയില്‍ ഗവണ്‍മെന്‍റ് പ്ളീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാന്‍ കൊച്ചിയിലെ പൊതുനിരത്തില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന കേസ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ നീതിന്യായ നടപടിയുടെ സുതാര്യത നിലനിര്‍ത്താനുള്ള കൂട്ടായ പ്രവര്‍ത്തനത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരിക്കുകയാണ്. ഞങ്ങളുടെ മുതിര്‍ന്ന പ്രതിനിധികള്‍ ഇക്കാര്യമുന്നയിച്ച് ഡല്‍ഹിയില്‍ താങ്കളുമായി നടത്തിയ കൂടിക്കാഴ്ച ഓര്‍ക്കുമല്ളോ. അന്ന് ഞങ്ങള്‍ക്കു പറയാനുള്ളതു താങ്കള്‍ ക്ഷമയോടെയും ശ്രദ്ധയോടെയും കേട്ടതിനു നന്ദി അറിയിക്കുന്നു.
കേരളത്തിലെ കോടതികളിലെ മാധ്യമവിലക്കിന്‍െറ സാഹചര്യം ഇന്ത്യയുടെ ബഹുമാന്യനായ രാഷ്ട്രപതിയെയും നേരിട്ടു കണ്ട് ബോധ്യപ്പെടുത്തുകയും പ്രശ്നപരിഹാരത്തിന് അദ്ദേഹത്തിന്‍െറ സഹകരണം തേടുകയും ചെയ്തിരുന്നു. ആ കൂടിക്കാഴ്ചകള്‍ക്കുശേഷം പ്രശ്നം വേഗം തന്നെ പരിഹരിക്കപ്പെടുമെന്നു ഞങ്ങള്‍ പ്രതീക്ഷിച്ചു. ഖേദകരമെന്നു പറയട്ടെ, സ്ഥിതിയില്‍ കാര്യമായ പുരോഗതിയൊന്നുമുണ്ടായില്ല. സംസ്ഥാന ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, ആഗോള മാധ്യമസംഘടനകള്‍, സാമൂഹിക- രാഷ്ട്രീയ നേതാക്കള്‍, പൗരപ്രമുഖര്‍ എന്നിവരൊക്കെ ഇടപെട്ടിട്ടും ഈ ഇരുളടഞ്ഞ അവസ്ഥ തുടരുകയാണ്. സ്വതന്ത്ര റിപ്പോര്‍ട്ടിങ്ങിനു മാധ്യമങ്ങള്‍ക്കു കോടതികളില്‍ വിലക്കില്ളെന്ന ഹൈകോടതി രജിസ്ട്രാര്‍ ജനറലിന്‍െറ രണ്ടു പത്രക്കുറിപ്പുകള്‍ക്കു പുറമെ, ചീഫ് ജസ്റ്റിസിന്‍െറ ഉറപ്പും കിട്ടിയ ശേഷം തൊട്ടുപിറ്റേന്ന് ചീഫ് ജസ്റ്റിസിന്‍െറ തന്നെ കോടതിയില്‍ റിപ്പോര്‍ട്ടിങ്ങിനത്തെിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതുകൂടി താങ്കള്‍ അറിയേണ്ടതുണ്ട്. മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഞങ്ങളെ ഞെട്ടിക്കുകയും അദ്ഭുതപ്പെടുത്തുകയും ചെയ്തു, ആ സംഭവം. അതിനേക്കാള്‍ ആശങ്കയുണ്ടാക്കുന്ന മറ്റൊന്നുണ്ട്, സംസ്ഥാനത്തെ വിവിധ കോടതികളില്‍ അതേ തിരക്കഥയില്‍ അതേ ഹീനമായ കളികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിമുറിയില്‍ ജഡ്ജിയുടെ സാന്നിധ്യമുള്ളപ്പോഴാണ് വനിതകളുള്‍പ്പെട്ട മാധ്യമപ്രവര്‍ത്തകരെ ഒരു കൂട്ടം അഭിഭാഷകര്‍ നിന്ദിച്ചും കൈയേറ്റം ചെയ്തും പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകരുടെ തൊഴിലുപകരണങ്ങളും വാഹനങ്ങളും കേടുവരുത്തുകയും ചെയ്തു. കഴിഞ്ഞ തവണ സംഘര്‍ഷമുണ്ടായപ്പോള്‍ കോടതിവളപ്പില്‍നിന്ന് ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ വലിച്ചെറിഞ്ഞതുമായി താരതമ്യപ്പെടുത്തിയാല്‍ ഇതിനു തീവ്രത കുറവാണെന്നു തോന്നാം. എന്നാല്‍, വനിതകളുള്‍പ്പെടെ മാധ്യമപ്രവര്‍ത്തകരുടെ ഫോട്ടോകള്‍ സഹിതം അപകീര്‍ത്തികരമായ പോസ്റ്ററുകളും പ്രചാരണബോര്‍ഡുകളും പ്രദര്‍ശിപ്പിച്ച് ഞങ്ങളുടെ മനോവീര്യം കെടുത്താനാണ് ഒടുവിലത്തെ ശ്രമം. നിയമപ്രശ്നങ്ങളില്‍ മാധ്യമങ്ങള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍നിന്ന് അഭിഭാഷകരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നതുവരെ എത്തിനില്‍ക്കുന്നു കാര്യങ്ങള്‍. ഭരണഘടന ഉറപ്പുനല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മാത്രമല്ല, കോടതികളില്‍ തങ്ങളുടെ വാദം ബോധിപ്പിക്കുകയെന്ന സ്വാഭാവിക നീതിയും ഇന്നാട്ടിലെ മാധ്യമങ്ങള്‍ക്കൊന്നാകെ നിഷേധിക്കപ്പെടുകയാണ്. ഒരു വിഭാഗം അഭിഭാഷകരുടെ കൈയ്ക്കാണ് കോടതിവാര്‍ത്തകള്‍ക്കും ജനങ്ങള്‍ക്കുമിടയില്‍ മതില്‍ പണിതിരിക്കുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്നതിനോട് ജുഡീഷ്യറിയില്‍ ഒരു വിഭാഗം പുലര്‍ത്തുന്ന നിസ്സംഗത നീതിന്യായരംഗത്തെ സ്ഫടിക സമാനമായ സുതാര്യതയെ കെടുത്തുകയാണ്.
ആ സുതാര്യത മുഖമുദ്രയാക്കിക്കൊണ്ട് കോടതിയും മാധ്യമങ്ങളും നിര്‍വഹിച്ചുപോന്ന കൂട്ടായ സാമൂഹിക ദൗത്യം ഇതോടെ ഇല്ലാതാകുന്നു. നിയമത്തിനുവേണ്ടി നിലകൊള്ളേണ്ടവര്‍ കോടതിപരിസരങ്ങളില്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുന്നതു ഖേദകരമാണ്. ഏതൊരാളെയുംപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിയിലത്തൊമെന്ന ക്ഷണം വെറുമൊരു ചടങ്ങാണ്. ജഡ്ജിമാരുടെ പി.എസ് ഓഫിസുകളില്‍ ഞങ്ങള്‍ക്കു പ്രവേശനമില്ല. ജഡ്ജിമാര്‍ തുറന്ന കോടതിയില്‍ പ്രസ്താവിക്കുന്ന വിധിന്യായങ്ങളും ഉത്തരവുകളും കേട്ടെഴുതുന്ന പി.എസ്/ പി.എമാരില്‍ നിന്നു കൃത്യതയോടെ വിവരങ്ങള്‍ ശേഖരിക്കാനാണു ചേംബറുകളോടു ചേര്‍ന്നുള്ള പി.എസ് ഓഫിസുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നത്. ഹൈകോടതിയിലെ മീഡിയാ റൂം അടഞ്ഞുകിടക്കുന്നു. പഴയ ഹൈകോടതി മന്ദിരത്തില്‍ 1992 മുതല്‍ പ്രവര്‍ത്തിച്ചുവന്നതും പുതിയ മന്ദിരത്തില്‍ അതിന്‍െറ രൂപരേഖയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചുതന്നതുമായ മീഡിയാ റൂം ആണ് അടഞ്ഞുകിടക്കുന്നത്.
സര്‍, ബ്രിട്ടീഷ് ചിന്തകനായ ജര്‍മി ബന്‍താമിന്‍െറ വീക്ഷണം താങ്കളും ശരിവെക്കുന്നുണ്ടാകുമല്ളോ. ‘പരസ്യപ്പെടുത്താത്തിടത്തു നീതിയില്ല. പരസ്യപ്പെടുത്തലിലാണു നീതിയുടെ ആത്മാവ്. കൊള്ളരുതായ്മക്കെതിരായ ഏറ്റവും ശക്തമായ രക്ഷകവചമാണത്’. മാധ്യമപ്രവര്‍ത്തനത്തിനുള്ള അവകാശവും വായനക്കാരന്‍െറയും പ്രേക്ഷകന്‍െറയും അറിയാനുള്ള അവകാശവും തടസ്സപ്പെടുത്തുന്ന ഒരു കൂട്ടം അഭിഭാഷകര്‍ക്കും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനു സാഹചര്യമൊരുക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും സദ്ബുദ്ധി ഉപദേശിക്കണമെന്ന് ഈ തുറന്ന കത്തിലൂടെ ഞങ്ങള്‍ താങ്കളോട് അഭ്യര്‍ഥിക്കുന്നു. ഒരുപക്ഷേ, സുരക്ഷയെക്കരുതി ഞങ്ങളുടെ സഹപ്രവര്‍ത്തകരെ കോടതികളില്‍നിന്നു പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകും മുമ്പുള്ള അവസാന അഭ്യര്‍ഥനയാകും ഇത്. വജ്രജൂബിലി വേളയില്‍ ഒരിക്കല്‍ക്കൂടി താങ്കളെ അഭിവാദ്യം ചെയ്യന്നു. കേരളത്തില്‍നിന്നു മടങ്ങും മുമ്പ് ഈ പ്രശ്നങ്ങള്‍ക്കു പരിഹാരം കാണാന്‍ താങ്കള്‍ ശ്രമിക്കുമെന്നു പ്രതീക്ഷിക്കുന്നു. ആശംസകളോടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.