ഹൈകോടതി
കൊച്ചി: ഈ മാസം 22ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ശബരിമല സന്ദർശനവുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങൾ തീർഥാടകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ഹൈകോടതി.30,000 തീർഥാടകർ സന്നിധാനത്ത് ഉണ്ടാകുമെന്ന് കരുതുന്നതിനാൽ ആൾക്കൂട്ട നിയന്ത്രണത്തിൽ അതിജാഗ്രത പുലർത്തണം. ഇതിനായി മുൻകൂട്ടി തയാറെടുക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.
സുരക്ഷാക്രമീകരണങ്ങൾ സംബന്ധിച്ച് ശബരിമല സ്പെഷൽ കമീഷണർ സമർപ്പിച്ച റിപ്പോർട്ടും അനുമതിതേടി തിരുവിതാകൂർ ദേവസ്വം ബോർഡ് സമർപ്പിച്ച അപേക്ഷയും കോടതി അംഗീകരിച്ചു.രാഷ്ട്രപതി സഞ്ചരിക്കുന്ന വാഹനത്തിന് പുറമേ ആംബുലൻസ് അടക്കം പൊലീസിന്റെ ആറ് വാഹനങ്ങൾക്കാണ് കോടതി അനുമതി നൽകിയത്.
സ്വാമി അയ്യപ്പൻ റോഡിലൂടെയോ പരമ്പരാഗത പാതയിലൂടെയോ ആകും യാത്ര. വി.വി.ഐ.പി സന്ദർശനവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ‘ബ്ലൂ ബുക്ക്’ പ്രോട്ടോകോൾ കർശനമായി പാലിച്ചുവേണം നടപ്പാക്കാനെന്നും കോടതി നിർദേശിച്ചു. വാഹന വ്യൂഹത്തിന്റെ റിഹേഴ്സലിനും കോടതി അനുമതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.