21ാം വയസ്സിൽ പഞ്ചായത്ത്​ ​പ്രസിഡന്‍റ് ​; സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ആദ്യ വനിത അധ്യക്ഷ ഇവിടെയുണ്ട്​

പൊന്നാനി(മലപ്പുറം): രാജ്യത്തെ തന്നെ പ്രായം കുറഞ്ഞ മേയറെന്ന ഖ്യാതിയുമായി തിരുവനന്തപുരത്തെ ആര്യ രാജേന്ദ്രൻ വാർത്തകളിൽ ഇടം പിടിക്കുമ്പോൾ സംസ്ഥാനത്തെ പ്രായം കുറഞ്ഞ ആദ്യ തദ്ദേശസ്ഥാപന അധ്യക്ഷ ഓർമകളിലൂടെ കാൽ നൂറ്റാണ്ട്​ പിറകോട്ട്​ സഞ്ചരിക്കുകയാണ്​. 25 വർഷം മുമ്പ് തന്നെ ഇരുപത്തിയൊന്നുകാരി വനിത അധ്യക്ഷ പദവി അലങ്കരിച്ചത് മാറഞ്ചേരി പഞ്ചായത്തിലായിരുന്നു. ഖദീജ മൂത്തേടത്ത് ആയിരുന്നു സംസ്ഥാന ചരിത്രത്തിലെ പ്രായം കുറഞ്ഞ ആദ്യ പഞ്ചായത്ത് പ്രസിഡന്‍റ്​.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയറായി തിരുവനന്തപുരത്തെ ആര്യാ രാജേന്ദ്രൻ സ്ഥാനമേൽക്കാനൊരുങ്ങുമ്പോൾ, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷപദം കുറഞ്ഞ പ്രായത്തിൽ തന്നെ അലങ്കരിച്ച ഖ്യാതിയാണ് മലപ്പുറം ജില്ലയിലെ മാറഞ്ചേരി പഞ്ചായത്ത് മുൻ പ്രസിഡന്‍റായ ഖദീജ മൂത്തേടത്തിനുള്ളത്.

രണ്ടര പതിറ്റാണ്ട് മുമ്പ് തന്നെ 1995ൽ നടന്ന തെരഞ്ഞെടുപ്പിലാണ് മുസ്ലിം ലീഗിലെ ഖദീജ മൂത്തേടത്ത് വിജയിച്ച് അധ്യക്ഷയായത്. തദ്ദേശ സ്ഥാപനങ്ങളിൽ ആദ്യമായി 33 ശതമാനം സ്ത്രീ സംവരണം ഏർപ്പെടുത്തിയ സമയത്ത് തന്നെ പഞ്ചായത്തിലെ നാലാം വാർഡിൽ നിന്ന്​ വിജയിച്ച ഖദീജക്ക് അർഹിക്കുന്ന അംഗീകാരമായാണ് കൗമാരത്തിൽ തന്നെ അധ്യക്ഷ സ്ഥാനം ലഭിച്ചത്. സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ പൂർത്തീകരിച്ച് പൊതുമരാമത്ത് വകുപ്പിൽ താൽക്കാലിക ജോലി ചെയ്യുന്നതിനിടെയാണ് ഖദീജ മൂത്തേടത്ത് മത്സര രംഗത്തെത്തിയത്. ആദ്യ അങ്കത്തിൽ തന്നെ വിജയിച്ച് പ്രസിഡൻ്റായ ഖദീജ പഞ്ചായത്തിലെ നിരവധി ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് മൂന്ന് തവണ ബ്ലോക്ക് പഞ്ചായത്തംഗമാവുകയും, ഒരു തവണ ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷയാവുകയും ചെയ്തു.

മൂന്നിൽ കൂടുതൽ തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കരുതെന്ന പാർട്ടി തീരുമാനത്തെത്തുടർന്ന് ഇത്തവണ ഖദീജ മത്സര രംഗത്ത് നിന്ന്​ സ്വയം പിൻമാറുകയായിരുന്നു. ഇരുപത്തിയഞ്ച് വർഷം മുമ്പ് ഇരുപത്തിയൊന്നാം വയസിൽ പ്രസിഡൻറായത് ചരിത്രത്തിന്‍റെ ഭാഗമാണെന്ന കാര്യം തിരിച്ചറിഞ്ഞത് കഴിഞ്ഞ ദിവസങ്ങളിൽ മാത്രമാണെന്നാണ് ഖദീജ മൂത്തേടത്ത് പറയുന്നത്. വനിതകൾക്ക് അൻപത് ശതമാനം സംവരണം ഏർപ്പെടുത്തിയതിനാൽ സ്ത്രീകൾ പൊതുരംഗത്തേക്ക് കൂടുതലായി കടന്ന് വരുന്നത് സ്വാഗതാർഹമാണെന്നും, തന്‍റെ പാതയിൽ ആര്യ എത്തിയത് എറെ സന്തോഷകരമാണെന്നുമാണ് ഖദീജയുടെ പക്ഷം. നിലവിൽ വനിത ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറിയാണ് ഖദീജ മൂത്തേടത്ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.