തിരുവനന്തപുരം: പ്ലസ് വൺ പരീക്ഷ മൂല്യനിർണയത്തിനുള്ള ഉത്തരസൂചിക തയാറാക്കാനുള്ള (സ്കീം ഫൈനലൈസേഷൻ) അധ്യാപക പട്ടികയിൽ സീനിയോറിറ്റി മറികടന്ന് ഭരണാനുകൂല സംഘടന നേതാക്കളുടെ തള്ളിക്കയറ്റമെന്ന് ആക്ഷേപം. മിക്ക വിഷയങ്ങൾക്കും തയാറാക്കിയ പട്ടികയിൽ സംഘടനയുടെ സംസ്ഥാന- ജില്ല നേതാക്കൾക്കാണ് നിയമനം നൽകിയത്. പരിചയ സമ്പന്നരും ഏറ്റവും സീനിയറുമായ അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചാണ് 14 ജില്ലകളിലും സ്കീം ഫൈനലൈസേഷനുവേണ്ടിയുള്ള അധ്യാപകരെ തെരഞ്ഞെടുക്കേണ്ടതെന്നാണ് പരീക്ഷാ മാന്വലിൽ പറയുന്നത്.
ഇതെല്ലാം കാറ്റിൽ പറത്തിയാണ് പട്ടിക തയാറാക്കിയതെന്നാണ് ആരോപണം. കെമിസ്ടിക്ക് ഇക്കൊല്ലം സ്കീം ഫൈനലൈസേഷനുവേണ്ടി അധ്യാപകരിൽനിന്ന് അപേക്ഷ ക്ഷണിച്ചശേഷം അവരെ ഒഴിവാക്കി. പരാതിയെ തുടർന്ന് പ്ലസ് ടു പരീക്ഷയുടെ സ്കീം തയാറാക്കാൻ സർക്കാർ നിയോഗിച്ച അധ്യാപകരെ ഉപയോഗിച്ചാണ് പ്ലസ് വൺ സ്കീം ഫൈനലൈസേഷനും നടത്താൻ പോകുന്നതെന്നാണ് ആരോപണം. മൂല്യനിർണയത്തിൽ പോലും രാഷ്ട്രീയം കളിക്കാനുള്ള ഹയർസെക്കൻഡറി പരീക്ഷ വിഭാഗത്തിന്റെയും ഉദ്യോഗസ്ഥരുടെയും നീക്കത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്കും ഡയറക്ടർക്കും പരാതി നൽകുമെന്ന് എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.