പള്ളികളിൽ ആരാധന അനുവദിക്കണമെന്ന്​ സുന്നി മഹല്ല്​ ഫെഡറേഷൻ

കോഴിക്കോട്​: ലോക്​ഡൗണിൽ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരങ്ങളിലല്ലാത്ത മുസ്‍ലിം പള്ളികളിൽ നിബന്ധനകൾക്ക്​ വിധേയമായി ആരാധന അനുവദിക്കണമെന്ന് സമസ്​ത കേരള സുന്നി മഹല്ല് ഫെഡറേഷൻ. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ചെമ്മുക്കന്‍ അലവിക്കുട്ടി എന്ന കുഞ്ഞാപ്പു ഹാജിയാണ് ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. 

ലോക്​ഡൗണ്‍ നാലാംഘട്ട ഇളവുകള്‍ക്കനുസൃതമായി വ്യാപാര സ്ഥാപനങ്ങള്‍, പൊതുഗതാഗതം, 50 പേരടങ്ങുന്ന വിവാഹം, എസ്.എസ്.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ മുതലായവ നടത്താന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ നിയന്ത്രണ വിധേയമായി മസ്​ജിദുകളില്‍ ജുമുഅ, ജമാഅത്തുകള്‍ നടത്താൻ കേന്ദ്ര സർക്കാറിൻെറ അനുമതി തേടി ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവ​ശ്യപ്പെടുന്നു.

സർക്കാർ നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആരാധന നടത്താമെന്നും കത്തിൽ ഉറപ്പുനൽകുന്നു. പള്ളികൾ തുറക്കാൻ സർക്കാർ അനുമതി നൽകുന്ന പക്ഷം പള്ളി കമ്മിറ്റികൾ പാലിക്കേണ്ട 12 നിർദേശങ്ങൾ അടങ്ങിയ മാർഗരേഖയും ഫെഡറേഷൻ മുന്നോട്ടു​െവച്ചിട്ടുണ്ട്.

മാർഗനിർദേശങ്ങൾ:

1. ടൗണുകൾ ഒഴികെയുള്ള സ്​ഥലങ്ങളിൽ മാത്രം പള്ളികൾ തുറക്കുക. 
2. രോഗികള്‍, കുട്ടികള്‍ എന്നിവരെ ഒഴിവാക്കി ആരോഗ്യവാന്‍മാര്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുക.
3. തെര്‍മല്‍ സ്‌ക്രീനിംഗ്, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയവക്ക്​ പ്രവേശന കവാടത്തില്‍ സംവിധാനമൊരുക്കുക.

4. ഹൗള് ഒഴിവാക്കി ടാപ്പ് ഉപയോഗിക്കുക. പരമാവധി വീട്ടില്‍നിന്ന് അംഗശുദ്ധി വരുത്തി വരാനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുക.
5. ബാങ്കിന് അഞ്ച്​ മിനിറ്റ് മുമ്പ് മാത്രം തുറക്കുകയും തുടര്‍ന്ന് 15 മിനിറ്റിനകം ആരാധനാ കര്‍ങ്ങള്‍ നിര്‍ഹിച്ച് കൂട്ടംചേരാതെ പിരിഞ്ഞ് പോവുകയും പള്ളി അടക്കുകയും ചെയ്യുക.
6. അതാത് മഹല്ലിലെ സ്ഥിര താമസക്കാരായ പരിചയമുള്ളവരെ മാത്രം പ്രവേശിപ്പിക്കുക.

7. പള്ളിയും പരിസരവും സമയാസമയങ്ങളില്‍ അണുമുക്തമാക്കുക.
8. മസ്​ജിദിൻെറ വിസ്​തൃതിക്കനുസരിച്ച് പ്രവേശിക്കാവുന്നവരുടെ എണ്ണം നിർണയിക്കുക.
9. പള്ളിക്കകത്ത് സാമൂഹിക അകലം പാലിക്കുക.

10. മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പുവരുത്താനും മേല്‍നോട്ടം വഹിക്കാനും അതാത് മഹല്ലിലെ താമസക്കാരായ മുസ്‌ലിം ഉദ്യോഗസ്ഥരെയും ആരോഗ്യ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കുക.
11. ശുചിത്വവും വൃത്തിയും ഉറപ്പുവരുത്തുവാന്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുക.
12. മേല്‍നിബന്ധനകള്‍ക്ക് പുറമെ സര്‍ക്കാര്‍ നിർദേശിക്കുന്ന മാനദണ്ഡങ്ങള്‍ പൂർണമായി അംഗീകരിച്ച് നടപ്പാക്കുകയും ഉത്തരവാദിത്തം ഗൗരവത്തോടെ മഹല്ല്  നമസ്‌കാര പള്ളി ഭാരവാഹികള്‍ ഏറ്റെടുക്കുകയും ചെയ്യുക.


 

Tags:    
News Summary - prayer should allow in masjids

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.