വിവാദങ്ങൾക്കിടെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി പ്രകാശ് ജാവദേക്കർ

ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കർ. ഉച്ചയോടെയാണ് പ്രകാശ് ജാവദേക്കർ വെള്ളാപ്പള്ളിയുടെ വീട്ടിൽ നിന്നും മടങ്ങിയത്. ബി.ജെ.പിയുടെ സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളും പ്രകാശ് ജാവദേക്കറോടൊപ്പം ഉണ്ടായിരുന്നു. വെള്ളാപ്പള്ളിയുടെ വർഗീയ പരമാർശങ്ങൾ വിവാദമാകുന്നതിനിടെയാണ് ബി.ജെ.പി നേതാവ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തി വെള്ളാപ്പള്ളി നടേശനെ കണ്ടത്.

മലപ്പുറവുമായി ബന്ധപ്പെട്ടും മുസ്ലിം ലീഗിനെതിരെയും നിരന്തരം നടത്തുന്ന വർഗീയ പരാമർശങ്ങൾ ഏറെ വിവാദമാവുകയും വൻതോതിൽ വിമർശനങ്ങൾ ക്ഷണിച്ചുവരുത്തുകയും ചെയ്തിരുന്നു. സമൂഹിക മാധ്യമങ്ങളിലും വെള്ളാപ്പള്ളിക്കെതിരെ വലിയ എതിർപ്പാണ് ഉയർന്നത്. ഇതിനെതിരെ രാഷ്ട്രീയമായി ചെറുത്തുനിൽപ്പ് തീർക്കാൻ ബി.ജെ.പി ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായും വെള്ളാപ്പള്ളിയെ ബി.ജെ.പിയോട് അടുപ്പിക്കുന്നതിന്‍റെയും ഭാഗമായാണ് ദേശീയ നേതാവിന്‍റെ സന്ദർശനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ദിവസം തന്നോട് ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനെ വാർത്ത സമ്മേളനത്തിൽ തീവ്രവാദിയെന്ന് വിളിച്ച് വെള്ളാപ്പള്ളി നടേശന്‍ അധിക്ഷേപിച്ചിരുന്നു. ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതി​നിടെ ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകൻ റഹീസ് റഷീദിനെതിരെയാണ് അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. ഈ മാധ്യമപ്രവര്‍ത്തകന്‍ തീവ്രവാദിയാണെന്നും ഈരാറ്റുപേട്ടക്കാരനാണെന്നും ഇയാള്‍ മുസ്‍ലിംകളുടെ വലിയ വക്താവാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസം ‘തീവ്രവാദി’ പരാമർശത്തിൽ വെള്ളാപ്പള്ളി വിശദീകരണവുമായി രംഗത്തെത്തി. തീവ്രമായി സംസാരിക്കുന്നവൻ എന്ന അർഥത്തിലാണ് തന്റെ പരാമർശം. താൻ ആരെയും മതതീവ്രവാദിയെന്ന് വിളിച്ചിട്ടില്ല. തീവ്രവാദിയെന്ന് ഞാന്‍ ഇനിയും പറയും. അന്ന് വേറെ ചാനലുകള്‍ കുറേ ഉണ്ടായിരുന്നുവല്ലോ. അവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ല. തീവ്രവാദപരമായി സംസാരിച്ചവര്‍ ആരായാലും അവൻ തീവ്രവാദിയാണ്​. മിതമായി സംസാരിച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ മിതവാദികളാണ്. ഒളിഞ്ഞും തെളിഞ്ഞും ചാനലിന്​ റേറ്റിങ്​ കൂട്ടാൻ ഈഴവ സമുദായത്തെ ഉപയോഗിക്കുന്നത്​ അസംബന്ധമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു​.

Tags:    
News Summary - Prakash Javadekar meets Vellappally Natesan at his home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.