തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ 100 ശതമാനം തെറ്റാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് ഇന്നലെ പറഞ്ഞത്. എന്നാൽ, യു.ഡി.എഫ് കൺവീനർ പറഞ്ഞു എന്നത് ശരിയാണെന്നും പത്രക്കാരുടെ ചോദ്യത്തിന് അദ്ദേഹം അദ്ദേഹത്തിന്റേതായ ശൈലിയിൽ മറുപടി പറഞ്ഞതാവാം അതെന്നുമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വിശദീകരണം.
‘പി.എം ശ്രീ വിഷയം യു.ഡി.എഫ് യോഗം ചർച്ച ചെയ്തപ്പോൾ ഞങ്ങൾ വേറൊരഭിപ്രായം പറഞ്ഞു, അവർ മറ്റൊന്നു പറഞ്ഞു എന്നതൊക്കെ ഇല്ലാത്തതാണ്. മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് പി.എം ശ്രീയിൽ യു.ഡി.എഫിൽ കോൺഗ്രസ് ഒരു അഭിപ്രായം പറഞ്ഞു, ലീഗ് മറ്റൊരു അഭിപ്രായം പറഞ്ഞു എന്നാണ്. ഇത് ശരിയല്ല. വിഷയത്തിൽ മന്ത്രിസഭ ഉപസമിതി ചർച്ച ചെയ്ത് തീരുമാനിക്കും, പറയും’ -അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിൽനിന്നുള്ള ഫണ്ട് ആരുടെയും ഔദാര്യമല്ലെന്നും അത് സംസ്ഥാനത്തിന്റെ അവകാശമാണെന്നും കഴിഞ്ഞ സർക്കാർ ഒപ്പിട്ട സാഹചര്യത്തിൽ പി.എം ശ്രീയുമായി സർക്കാർ മുന്നോട്ടുപോകുമെന്നുമായിരുന്നു യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞത്. ‘ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പദ്ധതി നടപ്പാക്കേണ്ടത് എന്നത് സർക്കാർ തീരുമാനിക്കും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട കരാറിൽനിന്ന് ഇനി പിന്മാറാനാവില്ല. കേന്ദ്രസർക്കാരിൽനിന്ന് ലഭിക്കുന്ന ഫണ്ട് എവിടെയൊക്കെ വിനിയോഗിക്കണമെന്ന് സംസ്ഥാന സർക്കാറാണ് തീരുമാനിക്കുക. ഇത് സംബന്ധിച്ച് ഉപസമിതി റിപ്പോർട്ട് കൂടി വന്നതിനുശേഷമാകും ഏതെല്ലാം സ്ഥാപനങ്ങളിലെന്നത് തീരുമാനിക്കുക’ -എന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ അജണ്ടയാണെന്ന് മുൻപ് വിമർശിച്ച പദ്ധതിയുമായി യു.ഡി.എഫിന് എങ്ങനെ മുന്നോട്ടുപോകാനാകുമെന്ന ചോദ്യങ്ങൾക്ക് മുന്നണി കൺവീനർക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല. പകരം ‘കേന്ദ്രസർക്കാരിൽ നിന്നുള്ളത് നമുക്ക് അവകാശപ്പെട്ട ഫണ്ടാണെന്നും അത് ഏറ്റുവാങ്ങുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അതിൽ യാതൊരു തടസ്സവുമില്ലെന്നുമായിരുന്നു മറുപടി. എൽ.ഡി.എഫ് ഒപ്പിട്ട ഘട്ടത്തിൽ യു.ഡി.എഫ് ശക്തമായ വിയോജിപ്പുയർത്തിയ കാര്യം മാധ്യമപ്രവർത്തകർ ആവർത്തിച്ചപ്പോൾ ‘എൽ.ഡി.എഫ് അന്ന് രഹസ്യമായി ഒപ്പിട്ടത് പിന്മാറാൻ വേണ്ടിയായിരുന്നോ’ എന്നായിരുന്നു മറുചോദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.