കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുൻമന്ത്രിയും നിയമസഭ സ്പീക്കറുമായ മുതിർന്ന കോൺഗ്രസ് നേതാവ് പി.പി. തങ്കച്ചൻ അന്തരിച്ചു. 86 വയസ്സായിരുന്നു. കെ.പി.സി.സി അധ്യക്ഷനായും ഒന്നര പതിറ്റാണ്ടോളം യു.ഡി.എഫ് കൺവീനറായും പ്രവർത്തിച്ചിട്ടുണ്ട്. ശ്വാസകോശ അണുബാധയെത്തുടർന്ന് ആലുവ രാജഗിരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകീട്ട് 4.30നാണ് അന്ത്യം.

ഭാര്യ: പരേതയായ ചേലോട് തക്കിരിയിൽ തങ്കമ്മ. മക്കൾ: ഡോ. രേഖ (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), വർഗീസ് പി. തങ്കച്ചൻ, ഡോ. രേണു (തോമസ് ഡെന്‍റൽ സെന്‍റർ, ഷാർജ). മരുമക്കൾ: ഡോ. സാമുവൽ കോശി (മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ), ഡോ. തോമസ് കുര്യൻ (തോമസ് ഡെന്‍റൽ സെന്‍റർ, ഷാർജ), ഡെമിന (ചെല്ലിയാംപുറം, ചെറുകുന്നം). ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം വെള്ളിയാഴ്ച രാവിലെ പെരുമ്പാവൂർ ഒന്നാംമൈലിൽ ആശ്രമം ഹൈസ്കൂളിന് സമീപത്തെ വീട്ടിൽ എത്തിക്കും. രാവിലെ 11 മുതൽ വീട്ടിൽ പൊതുദർശനം. സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് നെടുമ്പാശ്ശേരി അകപ്പറമ്പ് മാർശാബോർ അഫ്രോത്ത് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

അങ്കമാലി നായത്തോട് പൈനാടത്ത് പൗലോസ് കത്തനാരുടെയും അന്നമ്മയുടെയും മകനായി 1939 ജൂലൈ 29നാണ് തങ്കച്ചൻ ജനിച്ചത്. തേവര എസ്.എച്ച് കോളജിൽ ബിരുദപഠനം പൂർത്തിയാക്കിയശേഷം നിയമം പഠിച്ച് അഭിഭാഷകനായി. പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ഡിപ്ലോമയും നേടി. കോൺഗ്രസ് ബൂത്ത് പ്രസിഡന്‍റ്, മണ്ഡലം വൈസ് പ്രസിഡന്‍റ്, പ്രസിഡന്‍റ്, ബ്ലോക്ക് പ്രസിഡന്‍റ്, എറണാകുളം ഡി.സി.സി പ്രസിഡന്‍റ്, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എന്നിങ്ങനെ പടിപടിയായിട്ടായിരുന്നു രാഷ്ട്രീയത്തിൽ തങ്കച്ചന്‍റെ വളർച്ച.

1968ൽ 29ാംവയസ്സിൽ പെരുമ്പാവൂർ നഗരസഭ ചെയർമാനായ അദ്ദേഹം, അന്ന് രാജ്യത്തെതന്നെ ഏറ്റവും പ്രായംകുറഞ്ഞ നഗരസഭ ചെയർമാനായിരുന്നു. 1980 വരെ ചെയർമാനായി തുടർന്നു. 1977ൽ അങ്കമാലിയിലും 1980ൽ കുന്നത്തുനാട്ടിലും നിയമസഭ സ്ഥാനാർഥിയായെങ്കിലും വിജയിക്കാനായില്ല. എന്നാൽ, 1982, 1987, 1991, 1996 വർഷങ്ങളിൽ പെരുമ്പാവൂരിൽനിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2001ൽ പെരുമ്പാവൂരിലും 2006ൽ കുന്നത്തുനാട്ടിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

1987-1991 കാലഘട്ടത്തിൽ കോൺഗ്രസ് പാർലമെന്‍ററി പാർട്ടി സെക്രട്ടറിയായിരുന്നു. 1991ജൂലൈ ഒന്നിന് നിയമസഭയുടെ 14ാമത് സ്പീക്കറായി. 1995ൽ കരുണാകരൻ രാജിവെച്ച് ആന്‍റണി മുഖ്യമന്ത്രിയായപ്പോൾ കൃഷിമന്ത്രിയായി. സ്പീക്കർ പദവിയിൽനിന്ന് മന്ത്രിക്കസേരയിൽ നേരിട്ടെത്തിയ ആദ്യയാൾ എന്ന ബഹുമതിയുമുണ്ട്. 1992ൽ കേരളത്തിൽനിന്ന് ആദ്യമായി സ്പീക്കർമാരുടെ സ്ഥിരം സമിതിയിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടു. 2001 മുതൽ 2004 വരെ മാർക്കറ്റ്ഫെഡ് ചെയർമാനായി പ്രവർത്തിച്ചു. 2004ൽ കെ. മുരളീധരൻ കെ.പി.സി.സി പ്രസിഡന്‍റ് പദം ഒഴിഞ്ഞപ്പോൾ ആക്ടിങ് പ്രസിഡന്‍റായി. അതേവർഷം എ.കെ. ആന്‍റണി രാജിവെച്ചതിനെത്തുടർന്ന് യു.ഡി.എഫ് കൺവീനറായിരുന്ന ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായപ്പോൾ കൺവീനറായി ചുമതലയേറ്റ തങ്കച്ചൻ 14 വർഷം ആ സ്ഥാനത്ത് തുടർന്നു.

മുന്നണിയിലെ ഘടകകക്ഷികളെ ഒരുമിപ്പിച്ച് കൊണ്ടുപോകുന്നതിലും വിഭാഗീയതയെ കൈയടക്കത്തോടെ കൈകാര്യം ചെയ്യുന്നതിലും മികവ് പ്രകടിപ്പിച്ച തങ്കച്ചന്‍റെ സൗഹൃദവലയം കക്ഷിരാഷ്ട്രീയത്തിനതീതമായിരുന്നു. പാത്രീയാർക്കീസ് ബാവയിൽനിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവിയും ലഭിച്ചിട്ടുണ്ട്. 

Tags:    
News Summary - pp thankachan passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.