എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം -പി.പി. ദിവ്യ

കണ്ണൂർ: തനിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ച കെ.എസ്‍.യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യ. കഴിഞ്ഞ മൂന്ന് മാസമായി കോൺ​ഗ്രസ്, യൂത്ത് കോൺ​ഗ്രസ് നേതാക്കൾ തനിക്കെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുകയാണെന്നും തന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ദിവ്യ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

പി.പി. ദിവ്യക്ക് ബിനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്നും കണ്ണൂർ ജില്ല പഞ്ചായത്ത്‌ കരാറുകൾ നൽകിയ കമ്പനി ദിവ്യയുടെ ബിനാമിയാണെന്നുമായിരുന്നു മുഹമ്മദ്‌ ഷമ്മാസ് ആരോപിച്ചത്. കാർട്ടൻ ഇന്ത്യ അലയൻസ് എന്ന കമ്പനിയുടെ ഡയറക്ടർ ആസിഫും, ദിവ്യയുടെ ഭർത്താവും ചേർന്ന് ഭൂമി ഇടപാട് നടത്തിയെന്നും ഷമ്മാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിവ്യ പ്രസിഡന്റ്‌ ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകൾ പ്രസ്തുത കമ്പനിക്ക് നൽകിയിരുന്നു. കണ്ണൂർ പാലക്കയം തട്ടിൽ മുഹമ്മദ്‌ ആസിഫിന്റെയും ദിവ്യയുടെ ഭർത്താവ് അജിത്തിന്റെയും പേരിൽ വാങ്ങിയത് നാലേക്കർ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് പറയുന്നു. സ്ഥലം രജിസ്റ്റർ ചെയ്ത രേഖകൾ മുഹമ്മദ്‌ ഷമ്മാസ് പുറത്തുവിട്ടു. മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പി.പി. ദിവ്യ ജില്ല പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.

ദിവ്യയുടെ ഫേസ്ബുക് കുറിപ്പ്:

കഴിഞ്ഞ മൂന്നു മാസമായി കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌ നേതാക്കന്മാർ എനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണങ്ങളിൽ ഒന്ന് പാലക്കയം തട്ടിൽ 14 ഏക്കർ ഭൂമിയും, റിസോർട്ടും സ്വന്തമായുണ്ട് എന്നൊക്കെയായിരുന്നു. ഇന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ്‌ ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ ബിനാമി കമ്പനിയുമായി ചേർന്ന് നാല് എക്കർ ഭൂമി വാങ്ങിയെന്ന വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്.

എന്റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയിട്ടുണ്ടെന്നു ഷമ്മാസ് തെളിയിക്കണം. ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കും. പഴയ ആരോപണം പുതിയ കുപ്പിയിൽ ആക്കി വന്നു പത്രസമ്മേളനം നടത്തിയ കെഎസ്‍യു ജില്ലാ നേതാവിനോട് മറ്റൊരു കാര്യം കൂടി അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഇത്രേം കാലം പറഞ്ഞ പാലക്കയം തട്ടിലെ 14 ഏക്കർ ഭൂമിയും റിസോർട്ടും ഭർത്താവിന്റെ പേരിലെ ബെനാമി പെട്രോൾ പമ്പും ഒന്ന് തെളിയിച്ചു തന്നിട്ട് വേണം പുതിയ ആരോപണം. എന്റെ കുടുംബത്തിന്റെ പേരിൽ നടത്തുന്ന വ്യാജ പ്രചാരണത്തിന് മറുപടി പറഞ്ഞേ പറ്റു. മുഹമ്മദ്‌ ഷമ്മാസിനെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകും.

Tags:    
News Summary - pp divya against muhammad shammas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.