തിരുവനന്തപുരം: വൈദ്യുതി ക്ഷാമം രൂക്ഷമായ മൂന്നു ജില്ലകളിൽ പ്രത്യേക പാക്കേജ് നടപ്പാക്കാൻ കെ.എസ്.ഇ.ബി. മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന റെഗുലേറ്ററി കമീഷന്റെ നിർദേശത്തെ തുടർന്നാണിത്. അഞ്ചു വർഷത്തെ മൂലധന നിക്ഷേപ പദ്ധതിയുമായി ബന്ധപ്പെട്ട് റെഗുലേറ്ററി കമീഷൻ നടത്തിയ തെളിവെടുപ്പിൽ മൂന്ന് ജില്ലകളെ വൈദ്യുത വിതരണ രംഗം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതി കെ.എസ്.ഇ.ബി അവതരിപ്പിച്ചു.
നടപ്പാക്കുന്ന പദ്ധതിയുടെ വിശദാംശങ്ങളടക്കം രണ്ടാഴ്ചക്കകം സമർപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് കമീഷൻ നിർദേശം നൽകി. മൂന്ന് ജില്ലകളിലായി പുതിയ സബ് സ്റ്റേഷനുകളുടെ നിർമാണപ്രവർത്തനങ്ങൾ, ട്രാൻസ്ഫോർമറുകൾ സ്ഥാപിക്കൽ, വൈദ്യുത ലൈനുകളുടെ വിപുലീകരണം തുടങ്ങിയവക്കായി ആകെ 1023.04 കോടി രൂപയാണ് ചെലവിടുകയെന്ന് കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ അറിയിച്ചു. മലപ്പുറം ജില്ലയിൽ 410.93 കോടി, ഇടുക്കിയിൽ 217.96 കോടി, കാസർകോട്-394.15 കോടി എന്നിങ്ങനെയാണ് വിഹിതം ഉൾപ്പെടുത്തിയിട്ടുള്ളത്. മലപ്പുറത്തെ വൈദ്യുതി ഉപയോഗത്തിൽ രണ്ടുവർഷത്തിനിടെ 16 ശതമാനം വർധനയുണ്ടായെന്നും എന്നാൽ, ഇതനുസരിച്ചുള്ള വിതരണ ശൃംഖലയില്ലെന്നും കെ.എസ്.ഇ.ബി സമ്മതിച്ചിരുന്നു.
തിരുവനന്തപുരം: മുമ്പെങ്ങുമില്ലാത്ത വിധം വൈദ്യുതി പ്രതിസന്ധി ഉണ്ടായത് കെ.എസ്.ഇ.ബിക്ക് പാഠമാകണമെന്ന് റെഗുലേറ്ററി കമീഷൻ. മൂലധന നിക്ഷേപ പദ്ധതിയുടെ ഭാഗമായി 2024-‘25 വർഷം 1099 വിതരണ ട്രാൻസ്ഫോർമറുകൾ കൂടി സ്ഥാപിക്കുമെന്ന കെ.എസ്.ഇ.ബിയുടെ വിശദീകരണം കേട്ടശേഷമായിരുന്നു കമീഷൻ പ്രതികരണം. ഇപ്പോഴുണ്ടായ വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണവും കെ.എസ്.ഇ.ബി ഗൗരവമായി കാണണം. മൂലധന നിക്ഷേപ പദ്ധതികൾ തയാറാക്കുമ്പോൾ വൈദ്യുതി ഉപയോഗം ഉയർന്നതുമൂലമുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരിക്കാൻ കരുതൽ വേണമെന്നും കമീഷൻ അംഗം ബി. പ്രദീപ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.