മരിച്ച നിഷ
കരുളായി: ഉള്‍വനങ്ങളില്‍ താമസിക്കുന്ന ആദിവാസി സ്ത്രീകളുടെ പ്രസവത്തെ തുടര്‍ന്നുള്ള മരണം ആവർത്തിരിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന പറഞ്ഞു. കഴിഞ്ഞദിവസം കരുളായി ഉള്‍വനത്തില്‍ പ്രസവത്തെ തുടര്‍ന്ന് ചോലനായ്ക്ക യുവതിയും കുഞ്ഞും മരിച്ച സംഭവത്തെ തുടര്‍ന്നാണ് ജില്ല മെഡിക്കല്‍ ഓഫിസരുടെ വിശദീകരണം.
ഉള്‍വനങ്ങളിൽ അധിവസിക്കുന്ന ആദിവാസി സ്ത്രീകൾ ഗര്‍ഭിണികളായ ശേഷം പ്രസവത്തിന് മാസങ്ങള്‍ക്ക് മുന്നേ തന്നെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രത്യേകം സജ്ജമാക്കിയ കേന്ദ്രത്തിലേക്ക് വീട്ടുകാരുടെ അനുവാദത്തോടെ മാറ്റാനുള്ള സൗകര്യമൊരുക്കും. ഇതിനായി 'ഗോത്ര ഗേഹം' എന്ന പദ്ധതി പുനരാരംഭിക്കും. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉൾവനത്തിലെ മണ്ണളയില്‍ താമസിക്കുന്ന പ്രാക്തന ഗോത്രവര്‍ഗത്തില്‍പെട്ട മോഹനെൻറ ഭാര്യ നിഷയും (ചക്കി -38) അവരുടെ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞും മരിച്ചത്.
എന്നാൽ, ഇക്കാര്യം ആരോഗ്യ വകുപ്പും പുറം ലോകവും അറിയുന്നത് രണ്ടുദിവസം കഴിഞ്ഞായിരുന്നു. കരുളായിയില്‍നിന്ന് ഏതാണ്ട് 20 കിലോമീറ്റര്‍ അകലെയാണ് ഇവരുടെ താമസം. വ്യാഴാഴ്ച രാവിലെയാണ് നിഷ ഒരാണ്കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിനെ മുലയൂട്ടി അല്പസമയത്തിനകം ഇവര്‍ മരിക്കുകയുമായിരുന്നു. രണ്ടുദിവസം കുടുംബം കുഞ്ഞിനെ നോക്കിയെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ കുഞ്ഞും മരിച്ചു.
വനത്തിനകത്തെ മാഞ്ചീരിയിൽ ക്യാമ്പിന് പോകാറുള്ള ട്രൈബൽ മെഡിക്കൽ സംഘം ബന്ധുക്കളെ കണ്ട് നിഷയോട് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇവരെ കാണത്തതിനെ തുടർന്ന് ഫോൺ ചെയ്തപ്പോഴാണ് ആരോഗ്യ വകുപ്പ് മരണ വിവരങ്ങൾ അറിഞ്ഞത്.
ഉടനെ കുട്ടികളുടെ ഡോക്ടര്‍ അടക്കമുള്ള സംഘം മണ്ണളയിലെത്തിയിരുന്നു. മാസം തികയാതെ നിഷ പ്രസവിച്ചതാവാം മരണകാരണമെന്നും കുഞ്ഞിന് ഭാരക്കുറവുണ്ടായിരുന്നതിനാൽ കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോരാന്‍ കുടുംബം അനുവദിക്കാത്തതാണ് കുഞ്ഞ് മരിക്കാനിടയാക്കിയതെന്നുമാണ് ആരോഗ്യ വകുപ്പിെൻറ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.