മനോഹരന്‍റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കൊച്ചി: തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസിന്റെ കസ്റ്റഡിയിൽ മരിച്ച ഇരുമ്പനം സ്വദേശി മനോഹരന്റെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ്‌മോർട്ടം നടന്നത്. ശരീരത്തിൽ അടിയേറ്റ പാടുകളില്ലെന്നും ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ സൂചിപ്പിച്ചു. ആന്തരിക അവയവങ്ങൾ പരിശോധനയ്ക്കായി അയച്ചു. മനോഹരന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. തുടർന്ന് പൊലീസ് സർജൻ ഇല്ലാത്തതിനാൽ തൃശൂർ മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടം മാറ്റുകയായിരുന്നു.

അതിനിടെ, സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി സിറ്റി പോലീസ് കമീഷണർ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മനോഹരന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി രംഗത്ത് വന്നിരുന്നു. ബൈക്കിൽനിന്ന് ഇറങ്ങി ഹെൽമെറ്റ് മാറ്റിയ മനോഹരന്റെ മുഖത്ത് പൊലീസ് അടിച്ചതായി സംഭവത്തിന് സാക്ഷിയായ രത്‌നമ്മയാണ് വെളിപ്പെടുത്തിയിരുന്നു. രാത്രി ഒൻപതരയോടെ നടന്ന സംഭവങ്ങൾക്ക് ദൃക്‌സാക്ഷിയാണ് രത്‌നമ്മ. മനോഹരനെ മർദിക്കുന്നത് കണ്ടതോടെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്ന് ചോദ്യം ചെയ്യുകയും ചെയ്തു. പേടികൊണ്ടാണ് വാഹനം നിർത്താതിരുന്നതെന്ന് മനോഹരൻ വിറച്ചുകൊണ്ട് പറഞ്ഞിട്ടും യാതൊരു ദയയും പൊലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നാണ് ആരോപണമുണ്ട്.

സംഭവത്തിൽ ഹിൽ പാലസ് സ്റ്റേഷനിലെ എസ്.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തു. മനോഹരനെ പൊലീസ് മർദിച്ച് കൊലപ്പെടുത്തിയതാണെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. കൈകാണിച്ചിട്ടും വാഹനം നിർത്തിയില്ലെന്ന് ആരോപിച്ചണ് പൊലീസ് ഇന്നലെ രാത്രി മനോഹരനെ പിടികൂടുന്നത്. സ്റ്റേഷനിലെത്തിച്ച മനോഹരൻ കുഴഞ്ഞ് വീണെന്നാണ് പൊലീസ് പറയുന്നത്. ആദ്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിനെതിരെ ആരോപണം ഉയർന്നതിന് പിന്നാലെയാണ് എസ്‌.ഐ ജിമ്മി ജോസിനെ സസ്‌പെൻഡ് ചെയ്തത്. അന്വേഷണം ജില്ല ക്രൈംബാഞ്ചിന് കൈമാറി. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമീഷണർ തൃക്കാക്കര എ.സി.പിക്ക് നിർദേശം നൽകിയിട്ടുണ്ട്. മനോഹരനെ പിടികൂടിയ സി.ഐ ഉൾപ്പെടെ നാല് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ആരോപിച്ച് ജനകീയ സമിതി പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. 

Tags:    
News Summary - postmortem report stated that the cause of Manoharan's death was heart attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.