മഞ്ചേരി: പാങ്ങ് പടിഞ്ഞാറ്റുമുറിയിൽ മരിച്ച 14 മാസം പ്രായമായ ആൺകുഞ്ഞിന് മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായി പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫോറൻസിക് സർജൻ ഡോ. രഹ്‌നാസിന്റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
ആന്തരികാവയവങ്ങൾ പരിശോധനക്കായി കോഴിക്കോട് കെമിക്കൽ ലാബിലേക്ക് അയച്ചു. യഥാർഥ മരണകാരണമറിയാൻ ആന്തരികാവയവ പരിശോധനഫലം ലഭിക്കണമെന്ന് ഫോറൻസിക് വിഭാഗം അധികൃതർ പറഞ്ഞു. കോട്ടക്കൽ പുതുപ്പറമ്പ് നോവപ്പടിയിലെ വാടകവീട്ടിൽ താമസിക്കുന്ന പാങ്ങ് പടിഞ്ഞാറ്റുംമുറി കോട്ടക്കാരൻ നവാസ്-ഹിറ ഹരീറ ദമ്പതികളുടെ മകൻ ഇസൻ ഇർഹാനാണ് വെള്ളിയാഴ്ച വൈകിട്ട് 5.30ഓടെ മരിച്ചത്.
പ്രതിരോധ വാക്സിനും മതിയായ ചികിത്സയും ലഭിക്കാത്തതിനെ തുടർന്നാണ് മരണമെന്ന് ആരോപണമുയർന്നിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ 8.45ഓടെ പാങ്ങ് പടിഞ്ഞാറ്റുംമുറി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കിയിരുന്നു. പൊതുപ്രവർത്തകർ ഇടപെട്ടതിനെ തുടർന്ന് കാടാമ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അപസ്മാരത്തെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് കുടുംബം പറയുന്നത്.
പൊലീസ് നിർദേശപ്രകാരം വൈകിട്ട് അഞ്ചോടെ മൃതദേഹം പുറത്തെടുത്തു. ശനിയാഴ്ച വൈകീട്ട് ആറോടെയാണ് പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ 10.30 ന് പോസ്റ്റ്മോർട്ടം ആരംഭിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി ഉച്ചക്ക് 12.30ന് വിട്ടുനൽകി. തുടർന്ന് പടിഞ്ഞാറ്റുംമുറി ജുമുഅ മസ്ജിദിൽ വീണ്ടും ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.