മഴക്കാലമാണ്, എലി എട്ടിന്‍റെ പണി തരും; ജാഗ്രതൈ

കോഴിക്കോട്: കേരളത്തിൽ നാം ഏറെ കാത്തിരുന്ന മഴക്കാലമെത്തി. മഴക്കാലത്ത് പിടികൂടുന്ന  മാരക പകർച്ച വ്യാധിയാണ് എലിപ്പനി. പ്രധാനമായും കരൾ, വൃക്കകൾ, ശ്വാസകോശം, തലച്ചോറ് എന്നീ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗത്തിന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ മരണംവരെ സംഭവിക്കും. അതിനാൽ തന്നെ ഇതിനെതിരേ ജാഗ്രതപാലിക്കലും അത്യാവശ്യമാണ്. അതിനാൽ മഴക്കാലത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങുമ്പോഴും വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോഴും ചെളിയിലും വെള്ളത്തിലും ഇടപഴകുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഇത്തരം ചളിയിലൂടെ മാരകമായ എലിപ്പനി പിടികൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. സമീപ വർഷങ്ങളിൽ കേരളത്തിൽ എലിപ്പനി ബാധിതരുടെ എണ്ണം  കൂടിക്കൊണ്ടിരിക്കുകയാണ്.

ലെപ്റ്റോസ്പൈര ഇന്ററോഗാൻസ് (Leptospira interrogans) ജനുസിൽപ്പെട്ട ഒരിനം ബാക്ടീരിയ മനുഷ്യരിൽ ഉണ്ടാക്കുന്ന ഒരു ജന്തുജന്യ രോഗമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലികളുടെ മൂത്രത്തിലൂടെയാണ് രോഗാണുക്കൾ പുറത്തുവരുന്നത്. എലികൾക്ക് പുറമേ അണ്ണാൻ, പശു, ആട്, നായ എന്നിവയുടെ മൂത്രം, വിസർജ്യം മുതലായവ കലർന്ന വെള്ളവുമായി സമ്പർക്കം വരുന്നവർക്കും ഈ രോഗം ഉണ്ടാകാം. തൊലിയിലുള്ള മുറിവുകളിൽ കൂടിയോ കണ്ണ്, മൂക്ക്, വായ വഴിയോ രോഗാണു മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നു. അതിനാൽ കൈകാലുകളിൽ മുറിവോ ഉപ്പൂറ്റിയിൽ വിള്ളലുള്ളവരും മഴക്കാലത്ത് പ്രത്യേകം ജാഗ്രത പാലിക്കണം.

മലിനമായ മണ്ണിലും വെള്ളക്കെട്ടിലും വയലിലും ജോലി ചെയ്യുന്നവർക്കാണ് എലിപ്പനി സാധ്യത കൂടുതൽ. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർ, ശുചീകരണ തൊഴിലാളികൾ, കൃഷിയിലും കന്നുകാലി പരിചരണത്തിലും ഏർപ്പെട്ടവർ, മീൻപിടിത്തക്കാർ, നിർമാണ തൊഴിലാളികൾ എന്നിവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ ഗുളിക ആഴ്ചയിലൊരിക്കൽ കഴിക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും.

ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ചാൽ സാധാരണ 10 ദിവസത്തിനകം രോഗലക്ഷണങ്ങൾ കാണിക്കും. ചിലപ്പോൾ 20 ദിവസം വരെ ആകാം.

രോഗലക്ഷണങ്ങൾ

* ശക്തമായ വിറയലോടുകൂടിയ പനി, കുളിർ, തളർച്ച, ശരീരവേദന, തലവേദന, ഛർദ്ദി എന്നിവയാണ് പ്രാരംഭലക്ഷണങ്ങൾ.

* ചില ആളുകൾക്ക് വിശപ്പില്ലായ്മ, മനംപിരട്ടൽ എന്നീ ലക്ഷണങ്ങൾ കൂടി ഉണ്ടാകാറുണ്ട്.

* കണ്ണിനു ചുവപ്പ്, നിർജലീകരണം, വെളിച്ചത്തിലേക്ക് നോക്കാൻ പ്രയാസം എന്നിവയും ഉണ്ടാകും.

* തലവേദന, തലയുടെ പിൻഭാഗത്തുനിന്നും തുടങ്ങി നെറ്റിയിലേക്ക് വ്യാപിക്കും.

* ശരീരവേദന പ്രധാനമായും തുടയിലെ പേശികൾക്കാണ് വേദന ഉണ്ടാകുന്നത്.

രോഗം മൂർച്ഛിക്കുമ്പോൾ

* ശക്തമായ തലവേദന, ഇടവിട്ടുള്ള കടുത്ത പനി, പേശികൾ വലിഞ്ഞു മുറുകി പൊട്ടുന്നതുപോലെ വേദന, കണ്ണിനു നല്ല ചുവന്ന നിറം എന്നിവ ഉണ്ടാകും.

* വിശപ്പില്ലായ്മ, മനംപിരട്ടൽ, ഛർദ്ദി, വയറിളക്കം, നെഞ്ചുവേദന, വരണ്ട ചുമ എന്നിവയും പ്രകടമാകാം. ചിലർ മാനസിക വിഭ്രമങ്ങൾ പ്രകടിപ്പിക്കും.

* മൂത്രം ഇരുണ്ട ചുവപ്പ് നിറം/കറുത്ത നിറമായി മാറുന്നു.

രോഗനിർണയം

* രക്തം, മൂത്രം, രക്തത്തിൽ നിന്നും വേർതിരിക്കുന്ന സിറം എന്നിവയുടെ പരിശോധനയിലൂടെ രോഗം കണ്ടെത്താം.

ചികിത്സ

*തുടക്കത്തിലേ തന്നെ കണ്ടെത്തി ചികിത്സിച്ചാൽ എലിപ്പനി പൂർണമായും ഭേദമാക്കാനാകും.

*ഏത് പനിയും എലിപ്പനി ആകാം. പനിക്ക് സ്വയം ചികിത്സ അത്യന്തം അപകടകരമാണ്.

*തൊഴിൽ, ജീവിത ചുറ്റുപാടുകൾ എന്നിവയെക്കുറിച്ച് ഡോക്ടറോട് പറയുന്നത് ശരിയായ രോഗനിർണയത്തിന് സഹായകമാവും..

പ്രതിരോധിക്കാം

* എലികളെ നിയന്ത്രിക്കുന്നതാണ് ഏറ്റവും പ്രധാന പ്രതിരോധമാർഗം.

* എലിവിഷം, എലിപ്പെട്ടി, നാടൻ എലിക്കെണികൾ എന്നിവ ഉപയോഗിച്ച് എലികളെ നശിപ്പിക്കുക.

* മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കി എലികളെ അകറ്റുക. മലിന ജലം വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.

* മൃഗ പരിചരണത്തിന് ശേഷം കൈകാലുകൾ സോപ്പുപയോഗിച്ചു ശുദ്ധ ജലത്തിൽ കഴുകുക.

* കാലിലോ ശരീരത്തിലോ മുറിവുള്ളപ്പോൾ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ ഇറങ്ങാതെ ശ്രദ്ധിക്കുക.

* ഒഴിവാക്കാൻ പറ്റില്ലെങ്കിൽ ഗം ബൂട്സ്, കയ്യുറകൾ എന്നിവ ഉപയോഗിക്കുക.

* രോഗ സാധ്യത ഏറിയ മേഖലകളിൽ പണിയെടുക്കുന്നവർ ആരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമായ പ്രതിരോധ ചികിത്സ (ഡോക്സിസൈക്ലിൻ) മുൻകൂട്ടി സ്വീകരിക്കുക. * തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.

* ഭക്ഷണ പദാർഥങ്ങൾ അടച്ചു സൂക്ഷിക്കുക.

* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ ഈ രോഗത്തെ തടയാനാകും.

Tags:    
News Summary - leptospirosis alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.