തിരുവനന്തപുരം: ഇടതുകോട്ടകളെല്ലാം അട്ടിമറിച്ച് സംസ്ഥാനത്ത് യു.ഡി.എഫ് ചരിത്ര വിജയത്തിലേക്ക്. വോട്ടെണ്ണൽ മൂന്നു മണിക്കൂർ പിന്നിടുമ്പോൾ 102 സീറ്റുകളിൽ യു.ഡി.എഫ് മുന്നിലാണ്. 37 സീറ്റിൽ എൽ.ഡി.എഫും ഒരു സീറ്റിൽ എൻ.ഡി.എയും ലീഡ് ചെയ്യുന്നു.
യു.ഡി.എഫ് തരംഗത്തിന്‍റെ വ്യക്തമായ സൂചനകളാണ് പുറത്തുവരുന്നത്. യു.ഡി.എഫിന്‍റെ പ്രമുഖ നേതാക്കളെല്ലാം വ്യക്തമായ ലീഡ് നേടി മുന്നേറുകയാണ്. മുഖ്യമന്ത്രിയടക്കം 14 മന്ത്രിമാർ പിന്നിലാണ്. മന്ത്രിമാർ കൂട്ടത്തോടെ പിന്നിലായത് എൽ.ഡി.എഫ് സർക്കാറിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതിന്‍റെ സൂചനയാണ് നൽകുന്നത്.
റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ, ആർ. ബിന്ദു, ഗണേഷ് കുമാർ, പി. രാജീവ്, ഒ.ആർ. കേളു, വി. ശിവന്‍കുട്ടി, വീണാ ജോർജ്, വി. അബ്ദുറഹിമാൻ, എം.ബി. രാജേഷ്, ജെ. ചിഞ്ചുറാണി, എ.കെ. ശശീന്ദ്രൻ, പി. പ്രസാദ് എന്നിവർ പിന്നിലാണ്. ബേപ്പൂരിൽ പി.എ. മുഹമ്മദ് റിയാസ് മുന്നിലാണ്. ഇടതുകോട്ടയായ ധർമടക്ക് നാല് റൗണ്ട് പൂർത്തിയാകുമ്പോൾ പിണറായി വിജയൻ 2812 വോട്ടുകൾക്ക് പിന്നിലാണ്. യു.ഡി.എഫിന്‍റെ അഡ്വ. വി.പി. അബ്ദുൽ റഷീദാണ് പിണറായിയെ വിറപ്പിക്കുന്നത്, 23,527 വോട്ടുകൾ നേടി മുന്നിലാണ്. പിണറായിക്ക് 20,715 വോട്ടുകളാണ് ലഭിച്ചത്. ആദ്യ റൗണ്ടിൽ മുന്നിലെത്തിയ പിണറായി പിന്നീടുള്ള രണ്ട് റൗണ്ടിലും പിറകിൽ പോയി. ആദ്യഘട്ടത്തിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്. വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണി തുടങ്ങിയതോടെയാണ് യു.ഡി.എഫ് ബഹുദൂരം മുന്നിലെത്തിയത്.
കേരളം അടുത്ത അഞ്ചുവർഷം ആരു ഭരിക്കുമെന്ന് മണിക്കൂറുകൾക്കകം അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ ആറരയോടെ കനത്ത സുരക്ഷയിൽ തുറന്നു. വോട്ടെടുപ്പ് കഴിഞ്ഞ് 25 ദിവസം നീണ്ട ഉദ്വേഗഭരിതമായ കാത്തിരിപ്പിന് വിരാമമിട്ടാണ് വോട്ടെണ്ണൽ തുടങ്ങിയത്. ഉച്ചയോടെ 140 മണ്ഡലങ്ങളിലെയും പൂർണ്ണരൂപം പുറത്തുവരുമെന്നാണ് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.