ടി. വീണ

മാസപ്പടി കേസിൽ ടി. വീണക്ക് വീണ്ടും സമൻസ്; 29ന് ചോദ്യം ചെയ്യലിന് ഹാജരാകണം

തിരുവനന്തപുരം: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍റെ മകൾ ടി. വീണയെ വീണ്ടും ചോദ്യം ചെയ്യും. ഈമാസം 29ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണക്ക് സമൻസ് അയച്ചു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ (പി.എം.എൽ.എ) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ 17ന് എട്ടര മണിക്കൂറാണ് ഇ.ഡി ഉദ്യോഗസ്ഥർ വീണയെ ചോദ്യം ചെയ്തത്. പിന്നാലെ വീണയുടെ ബാങ്ക് ലോക്കർ തുറന്നും പരിശോധന നടത്തി. തിരുവനന്തപുരത്തുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറാണ് തുറന്ന് പരിശോധിച്ചത്.

കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ ലോക്കർ പരിശോധിച്ചത്. ഇ.ഡിക്ക് മുന്നിൽ കഴിഞ്ഞദിവസം വീണ ഹാജരാക്കിയ രേഖകളിൽ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ ലോക്കറിന്റെ വിവരങ്ങളുമുണ്ട്.

അന്വേഷണഘട്ടത്തിൽ എപ്പോഴെങ്കിലും വീണ ലോക്കർ തുറന്നിട്ടുണ്ടോ എന്ന വിശദാംശങ്ങളടക്കം ഇ.ഡി ബാങ്കിൽനിന്ന് ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമാണ് വീണ്ടും വീണയെ വിളിപ്പിച്ചിരിക്കുന്നത്. എക്സാലോജിക് ബംഗളൂരു ഓഫിസിൽനിന്ന് എസ്.എഫ്.ഐ.ഒ ശേഖരിച്ച മുഴുവൻ രേഖകളും പരിശോധിച്ച ഇ.ഡി സംഘം വീണയെ വിശദമായി ചോദ്യം ചെയ്യാനാണ് വളിപ്പിച്ചിരിക്കുന്നത്.

പനമ്പിള്ളി നഗറിലെ ഇ.ഡി ഓഫിസിലാകും ചോദ്യം ചെയ്യൽ. സ്വകാര്യ കരിമണൽ കമ്പനിയായ കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡിൽ (സി.എം.ആർ.എൽ) നിന്ന് വീണ മാനേജിങ് ഡയറക്ടറായ എക്സാലോജിക് സൊലൂഷൻസ് എന്ന സ്ഥാപനം സേവനമൊന്നും നൽകാതെ 2.78 കോടി കൈപറ്റിയെന്നും സി.എം.ആർ.എല്ലിന്‍റെ സഹോദര സ്ഥാപനമായ എംപവർ ഇന്ത്യ ക്യാപിറ്റൽ ഇൻവെസ്റ്റ്മെന്‍റ്സിൽനിന്ന് 50ലക്ഷം രൂപ വായ്പ നേടിയെന്നും ഇത് കള്ളപ്പണ നിരോധന നിയമപ്രകാരം കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച പണത്തിന്‍റെ പരിധിയിൽ വരുമെന്നുമാണ് ഇ.ഡി കേസ്.

ഈ മാസം 12ന് ഹാജരാകണമെന്നാവശ്യപ്പെട്ട് വീണക്ക് ആദ്യം ഇ.ഡി നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അവധി ആവശ്യപ്പെട്ടതിനാൽ രേഖകൾ സഹിതം ബുധനാഴ്ച ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.

Tags:    
News Summary - T. Veena summoned again in Masappadi case; to appear for questioning on 29th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.