തിരുവനന്തപുരം: വണ്ടാനം മെഡിക്കൽ കോളജിലെ അസൗകര്യങ്ങൾ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിക്കും. നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും. ജി. സുധാകരന്റെ വിമർശനങ്ങളെ ഉൾക്കൊള്ളുന്നതായും മന്ത്രി പറഞ്ഞു. നിലവിലെ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒഴിവുകൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എല്ലാ ആഴ്ചയിലും മൂന്നു ദിവസം ഡ്രൈ ഡേ ആചരിക്കും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം തടയാനാണ് നടപടിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകളുമായി യോജിച്ച് പകർച്ചവ്യാധി തടയാൻ പദ്ധതി ആവിഷ്കരിക്കും. ചെടിച്ചട്ടികളുടെ അടിഭാഗം ഒരാഴ്ചയിൽ വൃത്തിയാക്കണം. ഉപയോഗിക്കാത്ത ശൗചാലയം വൃത്തിയാക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങൾ അടച്ച് സൂക്ഷിക്കുക. വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള ഉപയോഗശൂന്യമായ വസ്തുക്കൾ മാറ്റുക. വെള്ളം ശേഖരിക്കുന്ന ടാങ്കുകൾ മൂടിവെക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.
വെള്ളിയാഴ്ച വിദ്യാലയങ്ങൾ, ശനിയാഴ്ച ഓഫിസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ നടപ്പാക്കുന്നത്. ഫലപ്രദമായ പ്രോട്ടോകോൾ അനുസരിച്ച് മാത്രമേ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയൂ. ഹൈപവർ കമ്മിറ്റിയുടെ ശുപാർശ അനുസരിച്ച് എപിഡമിക് കലണ്ടർ തയാറാക്കും. യുദ്ധകാല അടിസ്ഥാനത്തിൽ ശിപാർശകൾ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ഹരിപ്പാട് മെഡിക്കൽ കോളജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജി. സുധാകരൻ എം.എൽ.എ രംഗത്തുവന്നിരുന്നു. ഒരു ജില്ലയിൽ രണ്ട് സർക്കാർ മെഡിക്കൽ കോളജുകളുടെ ആവശ്യം ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള ആലപ്പുഴ ജില്ലയിൽ വണ്ടാനം മെഡിക്കൽ കോളജ് അങ്ങേയറ്റം ശോചനീയാവസ്ഥയിലാണ്.
പുതിയ മെഡിക്കൽ കോളജ് നിർമിക്കുന്നതിന് പകരം വണ്ടാനം മെഡിക്കൽ കോളജ് നവീകരിക്കുന്നതിനായി താൻ സമർപ്പിച്ച 14 പ്രൊപ്പോസലുകൾക്ക് ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.വണ്ടാനം മെഡിക്കൽ കോളജിൽനിന്ന് 15 കിലോമീറ്റർ മാത്രം ദൂരപരിധിയിലുള്ള ഹരിപ്പാട് പുതിയ മെഡിക്കൽ കോളജ് വരുന്നത് അനാവശ്യമാണെന്നും പ്രാദേശിക എം.എൽ.എയുടെ ഭരണസ്വാധീനം ഉപയോഗിച്ചാണ് പദ്ധതി ബജറ്റിൽ ഉൾപ്പെടുത്തിയതെന്നും സുധാകരൻ തുറന്നടിച്ചു.
ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയുടെ താൽപ്പര്യ പ്രകാരമാണ് സ്വന്തം മണ്ഡലത്തിൽ സ്വകാര്യ പങ്കാളിത്തത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയെന്ന പദ്ധതി വിഭാവനം ചെയ്തത്.എന്നാൽ, തുടർന്നുവന്ന എൽ.ഡി.എഫ് സർക്കാർ പദ്ധതിയിൽനിന്ന് പിന്നോട്ടുപോവുകയും ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്ന് എൽ.ഡി.എഫ് സർക്കാറിൽ മന്ത്രിയായിരുന്ന ജി. സുധാകരനായിരുന്നു ഈ അന്വേഷണത്തിനും പദ്ധതിക്കെതിരായ നിലപാടുകൾക്കും മുൻകൈയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.