കെ.എം. എബ്രഹാം
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അധികാര ദുർവിനിയോഗത്തിലൂടെ ഫോൺ, യാത്രാവിവരങ്ങൾ (സി.ഡി.ആർ) ചോർത്തിയ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ നിയമനടപടിക്ക് സാധ്യത. സാമൂഹിക പ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന്റെ ഹരജിയിൽ അനധികൃതസ്വത്ത് സമ്പാദനത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ച ഹൈകോടതി വിധിക്ക് പിന്നാലെ, തനിക്കെതിരെ നടന്ന ഗൂഢാലോചന ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എം. എബ്രഹാം മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു.
ഈ കത്തിൽ മുഴുവൻ അസത്യങ്ങളാണെന്നും സി.ബി.ഐ അന്വേഷണത്തിന്റെ ജാള്യം മറയ്ക്കാനാണ് എബ്രഹാമിന്റെ നീക്കമെന്നും നടപടി നിയമവിരുദ്ധമാണെന്നും ജോമോൻ പുവെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു. ഹൈകോടതി തള്ളിയ കാര്യങ്ങൾ മുഖ്യമന്ത്രിക്ക് പരാതി കൊടുത്ത് അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്ന് ജോമോന്റെ കത്തിൽ പറയുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായ മുൻ ചീഫ് സെക്രട്ടറി കെ.എ. എബ്രഹാമിന്റെ നടപടി കോടതിയലക്ഷ്യമാണെന്നും സ്വകാര്യ ആവശ്യത്തിനു പൊതുപ്രവർത്തകന്റെ വ്യക്തി വിവരങ്ങൾ ചോർത്തിയത് നിയമവിരുദ്ധമാണെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഹൈകോടതി വിധിയിൽ ആക്ഷേപമുണ്ടെങ്കിൽ സുപ്രീംകോടതിയെ സമീപിക്കുന്നതിന് പകരം മുഖ്യമന്ത്രിക്ക് കത്ത് നൽകിയ കെ.എം. എബ്രഹാമിന്റെ നടപടി സാമാന്യയുക്തിക്ക് നിരക്കാത്തതാണെന്നും ചൂണ്ടിക്കാട്ടുന്നു. മറ്റു രണ്ടുപേരുമായി ചേർന്ന് തനിക്കെതിരെ ഗൂഡാലോചന നടത്തിയതായി ജോമോന്റെ ഫോൺ വിളി വിവരങ്ങളിൽ നിന്ന് വ്യക്തമായതായി മുഖ്യമന്ത്രിക്കുള്ള കത്തിൽ എബ്രഹാം പറയുന്നുണ്ട്.
ജോമോന്റെ യാത്രാവിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചതായും പറയുന്നു. താൻ ധനവകുപ്പ് സെക്രട്ടറി ആയിരിക്കെ അഴിമതി കണ്ടെത്തിയ പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്ത് ഉണ്ടായിരുന്ന രണ്ടുപേരാണ് ജോമോൻ പുത്തൻപുരക്കലിനൊപ്പം ഗൂഢാലോചനക്ക് പിന്നിലെന്നാണ് എബ്രഹാം പറയുന്നത്. എന്നാൽ, അവർ ആരൊക്കെയെന്ന് വ്യക്തമാക്കിയിട്ടുമില്ല. വ്യക്തിവിവരങ്ങൾ ചോർത്തുന്നതിനെതിരെ സുപ്രീംകോടതി വിധി നിലനിൽക്കുമ്പോഴാണ് എബ്രഹാമിന്റെ നടപടിയെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.