മുട്ടിൽ മരംമുറി കേസിൽ തുടരന്വേഷണത്തിന് സാധ്യത

കൽപറ്റ: മുട്ടിൽ മരംമുറി കേസിൽ തുടരന്വേഷണത്തിന് സാധ്യത തെളിയുന്നു. തുടരന്വേഷണം ആവശ്യപ്പെട്ട് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ.ഡി.ജി.പിക്ക് നൽകിയ കത്തിൽ ശനിയാഴ്ച ചേരുന്ന യോഗത്തിൽ തീരുമാനമുണ്ടായേക്കും. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തിലാണ് എസ്.പിമാരും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിയുമുൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗം ചേരുന്നത്. ആവശ്യമാണെന്ന് തോന്നുന്നപക്ഷം കോടതിയിൽ അപേക്ഷ നൽകിയശേഷം കേസിൽ തുടരന്വേഷണം നടത്തി അധിക കുറ്റപത്രം സമർപ്പിക്കാവുന്നതേയുള്ളൂവെന്ന് ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്. വെങ്കടേഷ് ‘മാധ്യമ’ത്തോട് പറഞ്ഞു.

കേസന്വേഷണത്തിൽ അപാകത ഉണ്ടാ‍യോ എന്ന് പരിശോധിക്കും. കേസിൽ സുൽത്താൻ ബത്തേരി കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും കേസ് അന്വേഷണവും ദുർബലമാണെന്ന് കാണിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജോസഫ് മാത്യു നൽകിയ കത്ത് പരിശോധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെയും അന്വേഷണ ഉദ്യോഗസ്ഥനെയും ഉൾപ്പെടുത്തി യോഗം ചേർന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, ശനിയാഴ്ച ചേരുന്ന യോഗത്തിന് ശേഷം തുടരന്വേഷണം സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്. നിലവിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും അന്വേഷണവും സാക്ഷികളും ദുർബലമാണെന്നും ഇതുമായി മുന്നോട്ട് പോയാൽ കേസ് ജയിക്കാനുള്ള ഒരു സാധ്യതയുമില്ലെന്നും പ്രതികൾക്കനുകൂലമായ സ്ഥിതിയായിരിക്കും ഉണ്ടാവുക എന്നുമാണ് സ്പെഷൽ പ്രോസിക്യൂട്ടറുടെ വാദം. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജോസഫ് മാത്യു ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിക്ക് നൽകിയ 18 പേജ് വരുന്ന കത്തിൽ അന്വേഷണത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടുന്നുണ്ട്.

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ മറവിൽ പ്രവർത്തിച്ച ശക്തികളെ കുറിച്ചോ ഇതുമായി ബന്ധപ്പെട്ട് റവന്യൂ തലത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ പങ്കിനെ കുറിച്ചോ അന്വേഷണമുണ്ടായിട്ടില്ലെന്ന് കത്തിലുണ്ട്. കേസ് വാദിക്കുന്ന സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഭാഗത്തുനിന്ന് ഇത്തരം ആരോപണങ്ങൾ ഉയർന്നത് മുഖവിലക്കെടുക്കാതെ മുന്നോട്ട് പോയാൽ കേസിന് വലിയ തിരിച്ചടിയുണ്ടാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തുടരന്വേഷണവും അഡീഷനൽ കുറ്റപത്രം നൽകുന്നതും ആലോചിക്കുന്നത്.

പ്രത്യേക അന്വേഷണസംഘം 2023 ഡിസംബര്‍ നാലിനാണ് സുൽത്താൻ ബത്തേരി കോടതിയില്‍ 86,000 പേജു വരുന്ന കുറ്റപത്രം സമര്‍പ്പിച്ചത്. രാജ്യത്ത് ആദ്യമായി തടികളുടെ ഡി.എന്‍.എ പരിശോധനാഫലവും ഉള്‍പ്പെടുത്തിയായിരുന്നു കുറ്റപത്രം. സഹോദരൻമാരായ റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ് കുട്ടി അഗസ്റ്റിന്‍ എന്നിവരാണ് കേസിലെ മുഖ്യ പ്രതികള്‍.

അതേസമയം, മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട് വനംവകുപ്പ് 43 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ജില്ല കോടതിയിൽ ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വനം വകുപ്പിന്റെ കേസുകളിൽ സമർപ്പിക്കുന്ന കുറ്റപത്രം പൊലീസ് കേസിനെ ബാധിക്കാൻ സാധ്യത ഉണ്ടെന്നും അതിനാൽ കുറ്റപത്രം സമർപ്പിക്കരുതെന്നും കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥൻ നോർത്ത് റേഞ്ച് സി.സി.എഫിന് കത്തെഴുതിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുറ്റപത്രം സമർപ്പിക്കാത്തതെന്നാണ് വനം ഉദ്യോഗസ്ഥർ പറയുന്നത്.

Tags:    
News Summary - Possibility of further investigation in Muttil tree cutting case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.