പോ​പു​ല​ർ ഫ്ര​ണ്ട്: ജപ്തി നടപടികളിൽ പിഴവ് സംഭവിച്ചെന്ന് സർക്കാർ; പരാതി പരിഹരിക്കാൻ ഹൈകോടതി നിർദേശം

കൊച്ചി: മിന്നൽ ഹർത്താലിലുണ്ടായ നാശനഷ്ടത്തിന്‍റെ പേരിലെ ജപ്തിയുടെ ഭാഗമായി പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരിൽനിന്ന് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ഹൈകോടതി.

ജപ്തിക്ക് വേണ്ടി തയാറാക്കിയ പട്ടികയിലെ പേരുകളിലും വിലാസത്തിലും സർവേ നമ്പറുകളിലുമുണ്ടായ സാമ്യംമൂലം ജപ്തിക്കിടെ ചില അപാകതകൾ സംഭവിച്ചുവെന്നും പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി (പി.എഫ്.ഐ) ബന്ധമില്ലാത്ത ചിലരുടെ സ്വത്തും ജപ്തി ചെയ്തിട്ടുണ്ടെന്നുമുള്ള ആഭ്യന്തര അഡീഷനൽ സെക്രട്ടറിയുടെ സത്യവാങ്മൂലം പരിഗണിച്ചാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്.

റവന്യൂ റിക്കവറി ആക്ടിലെ 35ാം വകുപ്പ് പ്രകാരം നോട്ടീസുപോലും നൽകാതെ ജപ്തി ചെയ്യാമെന്ന കോടതി ഉത്തരവിനെ തുടർന്ന് രജിസ്ട്രേഷൻ ഐ.ജി നൽകിയ സർവേ നമ്പറിലുൾപ്പെട്ട സ്വത്തുക്കളുടെ പട്ടികയാണ് ജപ്തിക്കായി ലാൻഡ് റവന്യൂ കമീഷണർക്ക് അയച്ചതെന്ന് ആഭ്യന്തര അഡീഷനൽ സെക്രട്ടറി ഡി. സരിത സത്യവാങ്മൂലത്തിൽ പറഞ്ഞു.

209 പേരുടെ സ്വത്താണ് ജപ്തി ചെയ്തത്. ചുരുങ്ങിയ സമയംകൊണ്ട് പൂർത്തിയാക്കേണ്ടതിനാൽ ജപ്തി തിടുക്കത്തിൽ നടപ്പാക്കിയപ്പോഴാണ് പിഴവ് പറ്റിയത്. ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇത്തരം സ്വത്തുക്കളിലെ തുടർനടപടികൾ നിർത്തിവെക്കാൻ ലാൻഡ് റവന്യൂ കമീഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും നിർദേശം നൽകി. പി.എഫ്.ഐയുമായി ബന്ധമുള്ളവരുടെ സ്വത്ത് ജപ്തി ചെയ്തതിന്‍റെ പട്ടിക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 19 പേരുടെ പട്ടികയാണത്. ഇതിൽ 10 എണ്ണം മലപ്പുറം ജില്ലയിലാണ്. കോഴിക്കോട്- മൂന്ന്, വയനാട്- രണ്ട്, ആലപ്പുഴ, കോട്ടയം, പാലക്കാട്, തൃശൂർ -ഒന്നു വീതം എന്നിങ്ങനെയുമുണ്ട്.

സത്യവാങ്മൂലം പരിഗണിച്ച കോടതി, ഈ സ്വത്തുക്കൾ ജപ്തിയിൽനിന്ന് ഒഴിവാക്കി തിരികെ നൽകാൻ ഉത്തരവിടുകയായിരുന്നു. ജപ്തി ചെയ്യപ്പെട്ടവർക്ക് സംഘടനയുമായുള്ള ബന്ധം വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചിരുന്നു. പോപുലർ ഫ്രണ്ട് പ്രവർത്തകർ 2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെത്തുടർന്ന് സ്വമേധയ എടുത്ത കേസാണ് ഹൈകോടതിയുടെ പരിഗണനയിലുള്ളത്. ഹർത്താലിൽ 5.20 കോടി രൂപയുടെ നഷ്ടം ഉണ്ടായതായാണ് കണക്കാക്കിയത്.

Tags:    
News Summary - Popular Front: The government said infront of High Court there was a mistake in the confiscation proceedings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.