പോപുലർ ഫ്രണ്ട് ജപ്തി: ബന്ധമില്ലാത്തവരുടെ സ്വത്ത് തിരികെ നൽകിയെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: മിന്നൽ ഹർത്താലിലെ നാശനഷ്ടത്തിന്‍റെ പേരിൽ നടപടിയെടുത്തപ്പോൾ പോപുലർ ഫ്രണ്ടുമായി ബന്ധമില്ലാത്തവരിൽനിന്ന് ജപ്തി ചെയ്ത് പിടിച്ചെടുത്ത സ്വത്ത് തിരികെ നൽകിയതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. മലപ്പുറം ജില്ലയിൽ 13, കോട്ടയത്ത് നാല്, കണ്ണൂർ, വയനാട് ജില്ലകളിൽ രണ്ട് വീതം, തൃശൂർ, പാലക്കാട്, കാസർകോട്, ആലപ്പുഴ ഓരോന്ന് വീതം എന്നിങ്ങനെ സംഘടനയുമായി ബന്ധമില്ലാത്ത 25 പേരുടെ സ്വത്തുക്കൾ തെറ്റായി ജപ്തി ചെയ്‌തിരുന്നു.

2022 സെപ്റ്റംബർ 23ന് നടത്തിയ മിന്നൽ ഹർത്താലിലെ അക്രമങ്ങളെ തുടർന്ന് ഹൈകോടതി സ്വമേധയാ സ്വീകരിച്ചതും കേരള ചേംബർ ഓഫ് കോമേഴ്‌സ്, മലയാളവേദി തുടങ്ങിയ സംഘടനകൾ നൽകിയതുമായ ഹരജികളിലാണ് വിശദീകരണം. മിന്നൽ ഹർത്താലിലെ അക്രമങ്ങളിൽ 5.20 കോടി രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു റിപ്പോർട്ട്.

തുടർന്നാണ് സംഘടനയുടെയും ഭാരവാഹികളുടെയും സ്വത്തുക്കൾ ജപ്തി ചെയ്ത് നഷ്ടം ഈടാക്കാൻ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതും വ്യാപക ജപ്തിയിലൂടെ സ്വത്ത് പിടിച്ചെടുത്തതും. എന്നാൽ, സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്വത്തും പിടിച്ചെടുത്തുവെന്ന പരാതി പിന്നാലെ ഉണ്ടാവുകയായിരുന്നു. ചിലർ കോടതിയെയും സമീപിച്ചു. ഇവ തിരിച്ചുനൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

അതേസമയം, ജയിലിൽ കഴിയുന്ന പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താറിനെ വിവിധ കേസുകളിൽ വിഡിയോ കോൺഫറൻസിങ് മുഖേന കോടതിയിൽ ഹാജരാക്കിയാൽ മതിയെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് നിർദേശിച്ചു.

വിവിധ കോടതികളിൽ നേരിട്ട് ഹാജരാക്കുന്നതിന് പകരം വിഡിയോ കോൺഫറൻസിങ് മുഖേന ഹാജരാക്കാൻ നിർദേശിക്കണമെന്ന് സത്താറിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. വിയ്യൂരിലെ അതീവ സുരക്ഷ ജയിൽ സൂപ്രണ്ടിന്‍റെ കത്ത് സ്റ്റേറ്റ് അറ്റോണി കോടതിക്ക് കൈമാറി.

സത്താർ കഴിയുന്ന വിയ്യൂരിലെ ജയിലിൽ അഞ്ച് വിഡിയോ കോൺഫറൻസിങ് മുറികളുണ്ടെന്നും പ്രതിയെ വിഡിയോ കോൺഫറൻസിങ്ങിലൂടെ ഹാജരാക്കാൻ കഴിയുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. ഹരജികൾ ഫെബ്രുവരി 22ന് പരിഗണിക്കാൻ മാറ്റി.

Tags:    
News Summary - Popular front confiscation: Govt says properties of unrelated people have been returned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.