തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി മന്ത്രി കെ.കെ. ശൈലജ. രാജ്യത്തെ പ്രാഥമികാരോഗ്യതലത്തിലുള്ള ഏറ്റവും മികച്ച കേന്ദ്രങ്ങൾക്ക് ലഭിക്കുന്ന അം ഗീകാരത്തിൽ ആദ്യ ഏഴ് സ്ഥാനങ്ങളും കേരളത്തിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കരസ്ഥമാക്കി.
മികച്ച ചികിത്സ സൗകര്യങ്ങളൊരുക്കി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയ തിരുവനന്തപുരം പൂഴനാട് (സ്കോര്‍: 99), മലപ്പുറം ചാലിയാര്‍ (95), പാലക്കാട് ശ്രീകൃഷ്ണപുരം (94), പത്തനംതിട്ട ഓതറ (93), കോഴിക്കോട് രാമനാട്ടുകര (92), കണ്ണൂര്‍ കൊട്ടിയൂര്‍ (92), തൃശൂര്‍ മുണ്ടൂര്‍ (88) എന്നിവയാണ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യു.എ.എസ് ബഹുമതി നേടിയത്. 55 കേന്ദ്രങ്ങളാണ് ദേശീയ അംഗീകാരത്തിനായി അയച്ചത്. അതില്‍ 32 കേന്ദ്രങ്ങള്‍ക്ക് നേരത്തേ അംഗീകാരം ലഭിച്ചിരുന്നു. 10 കേന്ദ്രങ്ങളുടെ ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്.
മേയ്, ജൂണ്‍ മാസങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ കേന്ദ്രങ്ങളുടെ ഫലമാണ് വന്നത്. ഈ വര്‍ഷാവസാനത്തോടെ 140 കേന്ദ്രങ്ങള്‍ക്ക് ദേശീയ അംഗീകാരം നേടിയെടുക്കാനാണ് ശ്രമിമെന്നും മന്ത്രി പറഞ്ഞു. രോഗികള്‍ക്കുള്ള സേവനങ്ങൾ, മരുന്നുകളുടെ ലഭ്യത, വിതരണം, ക്ലിനിക്കല്‍ സേവനങ്ങള്‍, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മാതൃ-ശിശു ആരോഗ്യം, ജീവിതശൈലി രോഗനിയന്ത്രണം, പ്രതിരോധ കുത്തിവെപ്പ് തുടങ്ങി എട്ടു വിഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിന് പരിഗണിക്കുന്നത്.
സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിവിധ മൂല്യനിര്‍ണയങ്ങളിലൂടെയാണ് ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡിനായി തെരഞ്ഞെടുക്കുന്നത്. ഈ സംഘങ്ങള്‍ ഓരോ ആശുപത്രിയും പരിശോധിച്ചാണ് ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.