കോട്ടയം: കോട്ടയം പൂഞ്ഞാറില്‍ തിടനാട് വനിതാ റാലിക്ക് വരുന്നവര്‍ക്ക് സാരി വാഗ്ദാനം ചെയ്ത് ബി.ജെ.പി വനിതാ നേതാവ്. പ്രവർത്തകർക്ക് സാരി വാഗ്ദാനം ചെയ്തു കൊണ്ടുള്ള ബി.ജെ.പി ജില്ല വൈസ് പ്രസിഡന്റ് മിനര്‍വ മോഹനന്റെ ശബ്ദ സംഭാഷണം പുറത്തായിട്ടുണ്ട്. ബി.ജെ.പി പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റാണ് മിനര്‍വ മോഹന്‍. പഞ്ചായത്ത് അംഗങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സംഭാഷണമെത്തിയത്. ഗ്രൂപ്പ് മാറി അയച്ച സന്ദേശം പിന്നീട് ഡിലീറ്റ് ചെയ്തു. എന്നാൽ ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കുമെന്നും എൽ.ഡി.എഫും യു.ഡി.എഫും പ്രതികരിച്ചു.
തൃശൂർ മണലൂർ നിയോജക മണ്ഡലത്തിലെ വാടാനപ്പള്ളിയിൽ വോട്ടർമാർക്കായി ബി.ജെ.പി കിറ്റ് തയാറാക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ. തളിക്കുളത്തെ സ്വകാര്യവ്യക്തിയുടെ വീടിനോട് ചേർന്നുള്ള ചാമ്പ്യൻസ് ട്രേഡേഴ്‌സ് വാടാനപ്പള്ളി എന്ന സ്വകാര്യ ഗോഡൗണിലാണ് വോട്ടിനുവേണ്ടി കിറ്റ് തയാറാക്കിയെന്ന് ആരോപണം ഉയർന്നിരുന്നു. തെരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ വേണ്ടി സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് ബി.ജെ.പിയുടെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റ് തയാറാക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ കേന്ദ്രം വളഞ്ഞു. പിന്നാലെ എൽ.ഡി.എഫ് പ്രവർത്തകരും സ്ഥലത്തെത്തി.
പ്രതിഷേധക്കാർ ഗോഡൗണിന് മുന്നിൽനിന്ന് മുദ്രാവാക്യം വിളിക്കുകയും സൂപ്പർ മാർക്കറ്റ് അടച്ചു പൂട്ടണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു. സംഭവം ആർ.ഡി.ഒയെ അറിയിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി സൂപ്പർമാർക്കറ്റ് അടപ്പിച്ചു. വെസ്റ്റ് പൊലീസ് കേസെടുത്തു. 4000 കിറ്റുകൾ തയാറാക്കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. 12,000 കിറ്റുകൾക്കുള്ള തയാറെടുപ്പാണ് നടന്നിരുന്നതെന്നും അതിൽ 4000 കിറ്റുകൾ കൊണ്ടുപോകാനുള്ള നാലു വാഹനങ്ങൾ എത്തിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിച്ചു.
പെരുമാറ്റച്ചട്ടം ലംഘിച്ച് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണത്തിനെതിരെ സ്റ്റേറ്റ് ഇലക്ഷൻ ഓഫിസർക്കും, മണലൂർ റിട്ടേണിങ് ഓഫിസർക്കും യു.ഡി.എഫിന്റെ ചീഫ് ഇലക്ഷൻ ഏജന്റ് പരാതി നൽകി.
ശിവരാമപുരത്ത് താമസിക്കുന്നവർക്ക് നൂറിലേറെ സ്ലിപ്പുകൾ വിതരണം ചെയ്തതായും സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എത്തി കിറ്റുകൾ കൈപ്പറ്റിയെന്നും എൽ.ഡി.എഫ് നേതാക്കൾ ആരോപിച്ചു. ബി.ജെ.പി പ്രാദേശിക നേതാവ് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്തതെന്നും ആരോപണങ്ങളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.