പൂ​ക്കോ​ട്ടൂ​ര്‍ യു​ദ്ധ സ്മാ​ര​കം

പൂക്കോട്ടൂര്‍ യുദ്ധത്തിന് നൂറ്റാണ്ടിന്റെ വിസ്മൃതി

പൂക്കോട്ടൂര്‍: സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തപങ്കില അധ്യായമായ പൂക്കോട്ടൂര്‍ യുദ്ധത്തിന് നൂറ്റാണ്ടിന്റെ വിസ്മൃതി. എന്നാൽ, വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ യുദ്ധ വാര്‍ഷികം ആചരിക്കുന്നതിലുപരി ഈ യുദ്ധത്തിന്റെ പ്രാധാന്യവും ചരിത്രവും ഭാവി തലമുറക്ക് കൈമാറാനുള്ള ഒന്നും ഇതുവരെ ഉണ്ടായിട്ടില്ല.

1921 ആഗസ്ത് 26നാണ് പൂക്കോട്ടൂര്‍ യുദ്ധം നടക്കുന്നത്. ഇതേക്കുറിച്ച് പഠിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുപോലും ഗവേഷകര്‍ എത്താറുണ്ടെങ്കിലും അടിസ്ഥാന വിവരങ്ങള്‍ ലഭിക്കാതെ മടങ്ങാറാണ് പതിവ്. പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചാത്ത് കാര്യാലയത്തിന് മുന്നിലെ സ്മാരകവും യുദ്ധം നടന്ന പിലാക്കലില്‍ സംരക്ഷണമില്ലാതെ ചിതറിക്കിടക്കുന്ന പോരാളികളുടെ ഖബറുകളും മാത്രമാണ് നിലവിലുള്ളത്. ചരിത്ര റഫറല്‍ ലൈബ്രറിയോ മ്യൂസിയമോ ഒരുക്കാനായിട്ടില്ല.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കു വീട്ടില്‍ മുഹമ്മദായിരുന്നു പൂക്കോട്ടൂര്‍ യുദ്ധത്തിന് നേതൃത്വം നല്‍കിയത്. നിലമ്പൂര്‍ കോവിലകത്തിന്റെ ഭാഗമായ പൂക്കോട്ടൂര്‍ കോവിലകത്തെ തോക്കും പണവും മോഷ്ടിച്ചെന്നാരോപിച്ചു വടക്കു വീട്ടില്‍ മുഹമ്മദിനെതിരെയുണ്ടായ നടപടി ജന്മി കുടിയാന്‍ തര്‍ക്കങ്ങള്‍ക്കിടെ ദേശീയ പ്രക്ഷോഭത്തിന്റെ വഴിയിലേക്കു ജനതയെ നയിക്കുകയായിരുന്നു.

1921 ആഗസ്റ്റ് 20ന് കണ്ണൂരില്‍ നിന്നു തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് പട്ടാളത്തെയാണ് നാടന്‍ ആയുധങ്ങളുമായി പൂക്കോട്ടൂരിലെ ഭടന്മാര്‍ നേരിട്ടത്. സ്പെഷല്‍ ഫോഴ്സ് സൂപ്രണ്ടായിരുന്ന ലങ്കാസ്റ്ററടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും നാനൂറില്‍പരം മാപ്പിളമാരുമാണ് പൂക്കോട്ടൂര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടത്. കോണ്‍ഗ്രസ് ഖിലാഫത്ത് നേതാക്കളായ അബ്ദുറഹിമാന്‍ സാഹിബ്, എം.പി. നാരായണമേനോന്‍, ഇ. മൊയ്തു മൗലവി, ഗോപാല മേനോന്‍ എന്നിവരുടെ പങ്കും പൂക്കോട്ടൂര്‍ യുദ്ധത്തിലേക്കു ഗ്രാമീണരെ നയിച്ചതില്‍ പ്രധാനമാണ്.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ലൈറ്റ് ആൻഡ് സൗണ്ട് ഷോ വെറും വാക്കായി

പൂക്കോട്ടൂര്‍: പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി 'ലൈറ്റ് ആൻഡ് സൗണ്ട് ഷോ' ഒരുക്കുമെന്ന് കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ചരിത്ര വിദ്യാര്‍ഥികള്‍ക്കുവരെ ഉപകാരപ്പെടുന്ന പദ്ധതി സ്ഥിരം സംവിധാനമാക്കി നിലനിര്‍ത്തി ടൂറിസം സാധ്യതകളും ചര്‍ച്ചയായിരുന്നെങ്കിലും പിന്നീട് നടപടികള്‍ ഉണ്ടായില്ല. തുടര്‍ന്നു വന്ന രണ്ട് എല്‍.ഡി.എഫ് സര്‍ക്കാറുകളും പദ്ധതിയെ അവഗണിച്ചു.

എന്നാല്‍ 1921ലെ സ്വാതന്ത്ര്യ സമര ചരിത്രം ആസ്പദമാക്കി ഡോക്യുമെന്ററി നിര്‍മിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട് അബ്ദുറഹിമാന്‍ പറഞ്ഞു. ഇതില്‍ പൂക്കോട്ടൂര്‍ യുദ്ധത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കും. അഞ്ച് ലക്ഷം രൂപയുടെ പദ്ധതിക്ക് ഡി.പി.സി അംഗീകാരമായിട്ടുണ്ടെന്നും മറ്റ് സാങ്കേതിക അനുമതികള്‍കൂടി ലഭിക്കുന്നതോടെ ചിത്രീകരണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലക്ഷ്യത്തില്‍ നിന്ന് അകന്നുപോയ ചരിത്ര ലൈബ്രറി വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്ന് പൂക്കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മുഹമ്മദ് ഇസ്മയില്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ പൂക്കോട്ടൂര്‍ യുദ്ധ വാര്‍ഷികം വിപുലമായി നടത്തും. വാര്‍ഷിക ദിവസമായ ആഗസ്ത് 26ന് വാര്‍ഷിക പരിപാടികള്‍ക്ക് തുടക്കമാകും.

Tags:    
News Summary - Pookotoor battle forgotten for a century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.