മാനന്തവാടിയിൽ പോളിങ് ഓഫീസറെ മാറ്റി; താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചെന്ന് പരാതി

വയനാട്: മാനന്തവാടി മണ്ഡലത്തിലെ ചെറുകാട്ടൂരിൽ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ച പോളിങ് ഓഫീസറെ തെരഞ്ഞെടുപ്പ് ചുമതലയിൽ നിന്ന് നീക്കി. മാനന്തവാടി ചെറുകാട്ടൂർ സെന്റ് ജോസഫ് സ്കൂളിലെ 199-ാം നമ്പർ ബൂത്തിലാണ് സംഭവം. വോട്ട് ചെയ്യാനെത്തിയവരോട് താമരക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ പ്രേരിപ്പിച്ചു എന്ന പരാതിയെത്തുടർന്നാണ് നടപടി.

വോട്ട് രേഖപ്പെടുത്താനായി ക്യൂവിൽ നിന്നിരുന്ന വോട്ടർമാരോടും ബൂത്തിനകത്തെത്തിയ പ്രായമായവരോടും താമര ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥൻ നിർദേശിക്കുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ കോൺഗ്രസ് പ്രവർത്തകർ ഉടൻ തന്നെ തെരഞ്ഞെടുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെത്തുടർന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കി പകരം പുതിയ ഉദ്യോഗസ്ഥനെ നിയമിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കർശന നിർദേശം ലംഘിച്ചതിനാണ് നടപടി. ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സാധ്യതയുണ്ട്. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയുണ്ടായ ഈ സംഭവം ബൂത്തിന് മുന്നിൽ നേരിയ തോതിൽ വാക്കേറ്റത്തിനും ഇടയാക്കി. എങ്കിലും പുതിയ ഉദ്യോഗസ്ഥൻ ചുമതലയേറ്റതോടെ വോട്ടെടുപ്പ് സുഗമമായി തുടരുകയാണ്.

Tags:    
News Summary - Polling officer transferred in Mananthavady

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.