വടകര കോട്ടപ്പള്ളി പൈങ്ങോട്ടായി ഗവ യു.പി സ്കൂളിൽ 119-ാം ബൂത്തിൽ പത്ത് മണിക്ക് ശേഷവും വോട്ട് ചെയ്യാൻ നിൽക്കുന്നവർ
വടകര ലോക്സഭ മണ്ഡലങ്ങളിലെ നിരവധി ബൂത്തുകളിൽ വോട്ടെടുപ്പ് അവസാനിച്ചത് രാത്രി ഏറെ വൈകി. കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്ത് മുടപ്പിലാവില്‍ എല്‍ പി സ്‌കൂളിൽ 11. 40 ന് ശേഷവും വോട്ടിംഗ് തുടർന്നു. രാത്രി 11. 47 ഓടെയാണ് വോട്ടെടുപ്പ് പൂർണമായും അവസാനിച്ചത്. കോട്ടപ്പള്ളിയിലെ പൈങ്ങോട്ടായി ഗവ യു.പി സ്കൂളിലെ 119-ാം ബൂത്തിൽ വോട്ടെടുപ്പ് പൂർത്തിയായത് രാത്രി 11. 10 ന് . തൊട്ടടുത്തുള്ള 118ാം ബുത്തായ കോട്ടപ്പള്ളി എം എൽ പി സ്കൂളിലും വോട്ടെടുപ്പ് ഏറെ വൈകി. രാത്രി 11.43 ഓടെ കോഴിക്കോട് ജില്ലയിലെ മുഴുവന്‍ ബൂത്തുകളിലും പോളിംഗ് അവസാനിച്ചു. വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍.പി സ്‌കൂള്‍) ഏറ്റവും അവസാനം വോട്ട് രേഖപ്പെടുത്തിയത്.
കുറ്റ്യാടി മണ്ഡലത്തിലെ നിരവധി ബൂത്തുകളിൽ വൈകുന്നേരം ആറ് മണിക്ക് ശേഷം ക്യൂവിലുണ്ടായിരുന്ന വോട്ടർമാർക്ക് ടോക്കൺ വിതരണം ചെയ്താണ് വോട്ടെടുപ്പ് തുടർന്നത്. രാത്രി 10ന് ശേഷവും വോട്ട് ചെയ്യാൻ 100ലേറെ ആളുകളുണ്ടായിരുന്ന ബൂത്തുകളും വടകര മണ്ഡലത്തിലുണ്ടായിരുന്നു.
സ്ത്രീകളുൾപ്പടെ നിരവധിയാളുകൾ മണിക്കൂറുകളാണ് വോട്ട് രേഖപ്പെടുത്താനായി കാത്ത് നിന്നത്. ഉച്ചക്ക് ശേഷം വോട്ട് രേഖപ്പെടുത്താനായി എത്തിയവരായിരുന്നു ഏറെപ്പേരും. പ്രായാധിക്യമുള്ളവരുടെ ഓപ്പൺ വോട്ട് ചെയ്യാനുള്ളവരും രാത്രിയിലെ വരിയിലുണ്ടായിരുന്നു. ഇതിനിടെ, സമയം നീണ്ടതോടെ പലരും വോട്ട് രേഖപ്പെടുത്താതെ മടങ്ങുകയും ചെയ്തു.
ഷാഫി പറമ്പിലിനെയും നേതാക്കളെയും അക്രമിക്കാൻ നീക്കമെന്ന്
കൂത്തുപറമ്പിൽ വെച്ച് വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെയും നേതാക്കളെയും സംഘടിതമായി ആക്രമിക്കാൻ ശ്രമിച്ച സി പി ഐ എം ൻ്റെ ഫാസിസത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതായി യുഡിഎഫ് ആർ .എം.പി ഐ വടകര ലോക്‌സഭാ മണ്ഡലം കമ്മിറ്റി ചെയർമാൻ പാറക്കൽ അബ്ദുള്ളയും ജനറൽ കൺവീനർ എൻ വേണുവും പറഞ്ഞു.
സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ബൂത്തുകൾ സന്ദർശിക്കുന്നതിൻ്റെ ഭാഗമായി കൂത്തുപറമ്പ് മണ്ഡലത്തിലെ 24, 25 ബൂത്തുകൾ സ്ഥിതി ചെയ്യുന്ന അടിയറപ്പാറയിൽ എത്തിയപ്പോഴാണ് സി പി ഐ എം ൻ്റെ അമ്പതോളം ക്രിമിനൽ സംഘം തടഞ്ഞുവെച്ച് കൊലവിളി മുഴക്കിയത്. സ്ഥാനാർത്ഥിയെയും കൂടെയുണ്ടായിരുന്ന പാറക്കൽ അബ്ദുള്ള, എൻ വേണു ,കെ.പി ഷാജു, സി ജി തങ്കച്ചൻ എന്നിവരെ ഇരുപത് മിനുട്ടോളം റോഡിൽ തടഞ്ഞുവെച്ചാണ് കൊല്ലുമെന്ന് ആക്രോശിച്ചത്. ഒടുവിൽ പൊലീസ് എത്തിയാണ് സ്ഥാനാർത്ഥിയടക്കം നേതാക്കളെ മോചിപ്പിച്ചത്.
ഷാഫിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതു മുതൽ പരാജയ ഭീതി പൂണ്ട എൽഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയായിരുന്നു. അതിൻ്റെ ഭാഗമായാണ് പാനൂരിലെ ബോംബ് സ്ഫോടനം. ഒരാൾ കൊല്ലപ്പെട്ടിട്ടും സി പി ഐ എം അക്രമത്തിൽ നിന്നും പിന്തിരിയാൻ ഒരുക്കമല്ല എന്നാണ് സ്ഥാനാർത്ഥിയെയും നേതാക്കളെയും അപായപ്പെടുത്തുന്നതിന് നടത്തിയ ശ്രമം കാണിക്കുന്നത്.
പലേടത്തും പോളിങ്ങ് വൈകിയതിനാൽ ആളുകൾക്ക് നിശ്ചിത സമയത്തിനുള്ളിൽ വോട്ടു ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. ഇക്കാര്യം ബൂത്തുകൾ സന്ദർശിച്ചപ്പോൾ മനസ്സിലായി. എന്നാൽ അവസാന സമയത്ത് ഭീതി പരത്തി ജനങ്ങളെ വോട്ടുചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ജനാധിപത്യവിരുദ്ധ സമീപനമാണ് സി പി ഐ എം സ്വീകരിച്ചത്. അങ്ങനെ ബൂത്തുകൾ പിടിച്ചെടുത്ത് ജനാധിപത്യ പ്രക്രിയ അട്ടിമറിക്കാനാണ് കൂത്തുപറമ്പിൽ ശ്രമിച്ചത്. പലേടത്തും മുൻകൂട്ടി പ്ലാൻ ചെയ്ത് അക്രമ സംഭവങ്ങൾ ഉണ്ടാക്കുകയായിരുന്നു സി പി ഐ എം. എതിരഭിപ്രായങ്ങളെയും പ്രവർത്തനങ്ങളെയും അംഗീകരിക്കില്ലെന്ന ഫാസിസ്റ്റ് പ്രവണതയ്ക്കടിമപ്പെട്ട സി പി ഐ എംൻ്റെ ഇത്തരം നീക്കങ്ങളെ ബഹുജനങ്ങളെ അണിനിരത്തി നേരിടുമെന്ന് പാറക്കൽ അബ്ദുള്ളയും എൻ.വേണുവും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.