തിരുവനന്തപുരം: കേരള പൊലീസിനുമേൽ രാഷ്ട്രീയ സമ്മർദമുണ്ടെന്ന ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തെ ഏറ്റവും മികച്ച സേനകളിൽ ഒന്നാണ് കേരള പൊലീസ്. പക്ഷേ രാഷ്ട്രീയസമ്മർദം മൂലം അവർക്ക് ശരിയായി പ്രവർത്തിക്കാൻ സാധിക്കുന്നില്ലെന്ന് ഗവർണർ പറഞ്ഞു.
കേന്ദ്രസേനയുടെ അധിക സുരക്ഷ താൻ ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രസർക്കാറിനെ വിവരങ്ങൾ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ഗവർണർ പറഞ്ഞു. മുഖ്യമന്ത്രിക്ക് നേരെ ഇങ്ങനെ പ്രതിഷേധമുണ്ടാവുമായിരുന്നോയെന്നും അദ്ദേഹം ചോദിച്ചു. മുഖ്യമന്ത്രിയാണ് അതുവഴി പോയിരുന്നതെങ്കിൽ 22 പേർ പ്രതിഷേധിക്കാൻ ധൈര്യപ്പെടുമോ. എന്റെ കാറിന്റെ ഗ്ലാസിൽ എന്തോയെന്ന് തട്ടിയപ്പോഴാണ് താൻ പുറത്തിറങ്ങിയതെന്നും ഗവർണർ പറഞ്ഞു.
എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടിയതിനെ തുടർന്ന് ഗവർണർ റോഡിൽ കുത്തിയിരുനന് പ്രതിഷേധിച്ചിരുന്നു. 17 എസ്.എഫ്.ഐക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്‍റെ എഫ്.ഐ.ആർ പകർപ്പ് ലഭിച്ച ശേഷമാണ് റോഡിൽ ഒന്നരമണിക്കൂർ നീണ്ട കുത്തിയിരിപ്പ് പ്രതിഷേധം ഗവർണർ അവസാനിപ്പിച്ചത്.
തുടർന്ന് ഗവർണർക്കും രാജ്ഭവനും ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഗവർണറുടെ സുരക്ഷ സി.ആർ.പി.എഫ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.