രാഹുൽ മാങ്കൂട്ടത്തിൽ, ടി.എൻ. പ്രതാപൻ

‘‍പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ, ക്രിസ്റ്റല്‍ ക്ലിയറാകണം’; രാഹുലിനെതിരെ ടി.എൻ. പ്രതാപൻ

തൃശൂര്‍: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയർന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും മുൻ എം.പി ടി.എൻ പ്രതാപൻ. ഗൗരവമുള്ള ആരോപണമാണ് രാഹുലിനെതിരെ ഉയര്‍ന്നതെന്ന് എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പൊതുപ്രവർത്തകർ പാലിക്കേണ്ട ചില നിഷ്കർഷതകളുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഏത് പ്രസ്ഥാനത്തിലായാലും പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആകണമെന്നും മാതൃകയാകേണ്ടവരാണെന്നും പ്രതാപന്‍ തൃശൂര്‍ പ്രസ് ക്ലബില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

“രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉൾപ്പെടെയുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനാതലത്തിലുള്ള നടപടി ഇന്നലെതന്നെ സ്വീകരിച്ചു. അനന്തര നടപടികളുണ്ടാകുമെന്ന് എ.ഐ.സി.സി വ്യക്തമാക്കിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവിയിൽനിന്ന് സ്വമേധയാ രാജിവെച്ചതാണെങ്കിലും അതിനെക്കുറിച്ച് കെ.സി. വേണുഗോപാൽ കൃത്യമായി പറഞ്ഞിട്ടുണ്ട്. സ്വകാര്യ ജീവിതത്തിലും സാമൂഹ്യ ജീവിതത്തിലും പൊതുപ്രവർത്തകർ പാലിക്കേണ്ട ചില നിഷ്കർഷതകളുണ്ടെന്നാണ് പാർട്ടിയുടെ നിലപാട്. ഏത് പ്രസ്ഥാനത്തിലായാലും പൊതുപ്രവർത്തകർ ക്രിസ്റ്റൽ ക്ലിയർ ആകണമെന്നാണ് ഞങ്ങളുടെ നിലപാട്. മാതൃകകളാകേണ്ടവരാണ് പൊതുപ്രവർത്തകർ” -ടി.എന്‍ പ്രതാപന്‍ പറഞ്ഞു.

അതേസമയം വിവാദങ്ങളിൽ കൂടുതൽ വിശദീകരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നടത്താനിരുന്ന വാർത്താസമ്മേളനം അവസാന നിമിഷം റദ്ദാക്കി. വിവാദങ്ങളിൽ തന്റെ ഭാഗം ഇപ്പോൾ വിശദീകരിക്കുന്നില്ലെന്നാണ് വാർത്താസമ്മേളനം റദ്ദാക്കിയതിന്റെ കാരണമായി രാഹുൽ പറഞ്ഞത്. വിവാദങ്ങൾ ഒന്നിനുപിറകെ ഒന്നായി വരുമ്പോഴും രാഹുൽ എം.എൽ.എ സ്ഥാനത്ത് നിന്ന് രാജി വെക്കണമെന്ന കാര്യത്തിൽ യു.ഡി.എഫിൽ രണ്ടഭിപ്രായം നിലനിൽക്കുന്നുണ്ട്. കടുത്ത നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉറപ്പിച്ചു പറയുമ്പോൾ, രാഹുലിനെ പിന്തുണക്കുന്ന നിലപാടാണ് ഷാഫി പറമ്പിൽ എം.പി അടക്കമുള്ള നേതാക്കളുടേത്.

എന്നാൽ എം.എൽ.എ സ്ഥാനം രാജിവെക്കുന്നത് ആലോചനയിൽ പോലുമില്ലെന്നാണ് അടൂരിലെ വീട്ടിൽ വെച്ച് രാഹുൽ മാധ്യമങ്ങളോട് പറഞ്ഞത്. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവ‍ൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞിരുന്നു. ‘ആരോപണങ്ങൾ ഉയർത്തുന്നവർക്കാണ് അതു തെളിയിക്കാനുള്ള ബാധ്യത. രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവെക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന ഈ സമയത്ത് തന്നെ ന്യായീകരിക്കേണ്ട അധിക ബാധ്യത കോൺഗ്രസ് പ്രവർത്തകർക്കില്ല. നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത ഏറ്റെടുക്കുന്നു. താൻ നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ ആർക്കും പരാതിപ്പെടാമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞിരുന്നു.

യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്ന രാഹുലിന്റെ ഫോൺ സംഭാഷണത്തിന്റെ കൂടുതൽ ഭാഗങ്ങൾ ശനിയാഴ്ച പുറത്തുവന്നു. അതിനു പിന്നാലെയാണ് രാഹുൽ വാർത്ത സമ്മേളനം റദ്ദാക്കിയത്. നേതൃത്വത്തിന്റെ നിർദേശപ്രകാരമാണോ വാർത്ത സമ്മേളനം റദ്ദാക്കിയതെന്നതിൽ വ്യക്തതയില്ല. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫും ബി.ജെ.പിയും പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. മാധ്യമപ്രവർത്തകയായിരുന്ന നടി റിനി ആൻ ജോർജ് ആണ് രാഹുലിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തുവന്നത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചുവെന്നും ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു പേരു വെളിപ്പെടുത്താതെ അവരുടെ ആരോപണം. അതിനു പിന്നാലെയാണ് രാഹുലിനെതിരെ കുടുതൽ പേർ ആരോപണങ്ങളുമായി രംഗത്തുവന്നത്. പിന്നാലെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കുകയായിരുന്നു.

Tags:    
News Summary - 'Political leaders are supposed to be role models, they should be crystal clear'; TN Prathapan slams Rahul Mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.