രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും വോട്ടിനെത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം

കൊച്ചി: നടൻ മമ്മൂട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളും സിനിമ താരങ്ങളും വോട്ടിനെത്തിയത് കുടുംബാംഗങ്ങൾക്കൊപ്പം. മമ്മൂട്ടി വൈകീട്ട്​ മൂന്നിനാണ്​ പൊന്നുരുന്നി സി.കെ.സി എൽ.പി സ്കൂളിലെ ബൂത്തിലെത്തി വോട്ട്​ ചെയ്തത്. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു. മണ്ഡലത്തിലെ ഇടതുസ്ഥാനാർഥി കെ.ജെ. ഷൈനും ഇതേ സമയം ബൂത്തിലുണ്ടായിരുന്നു.

രാവിലെ വോട്ടെടുപ്പ് തുടങ്ങിയപ്പോൾതന്നെ പ്രതിപക്ഷ നേതാവ് ഭാര്യ ലക്ഷ്മിപ്രിയ, മകൾ ഉണ്ണിമായ എന്നിവർക്കൊപ്പമെത്തി പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളജിലെ ബൂത്തിൽ വോട്ട്​ ചെയ്തു. മന്ത്രി പി. രാജീവും കുടുംബവും കൊച്ചിൻ യൂനിവേഴ്‌സിറ്റി കോളനി ഹാളിൽ വോട്ട് രേഖപ്പെടുത്തി.

യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻ രാവിലെ ഏഴിന്​ മാമംഗലം എസ്.എൻ.ഡി.പി നഴ്സറി സ്കൂളിൽ വോട്ട്​ ചെയ്തു. ഭാര്യ അന്ന ലിൻഡ ഈഡനുമൊത്താണ് എത്തിയത്. എൻ.ഡി.എ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ ഭാര്യ ശ്രീകുമാരി, മക്കളായ അശ്വതി, രേവതി എന്നിവർക്കൊപ്പമെത്തിയാണ് വോട്ട്​ ചെയ്തത്. ചേരാനല്ലൂരിലെ പഴയ പഞ്ചായത്ത് കെട്ടിടത്തിൽ ബൂത്ത് നമ്പർ 15ലായിരുന്നു വോട്ട്.

എറണാകുളം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ജെ. ഷൈനിന്‍റെ മകൾ ആമി ഷൈനിന് ഇത് കന്നിവോട്ടായിരുന്നു. ആദ്യ വോട്ടുതന്നെ അമ്മക്ക്​ നൽകാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് ആലുവ സെൻറ് സേവ്യേഴ്സ് കോളജിൽ ഡിഗ്രിക്ക്​ പഠിക്കുന്ന ആമി. രാവിലെ ഭർത്താവ് ഡൈന്യൂസ് തോമസിനും മകൾക്കുമൊപ്പമെത്തിയാണ് ഷൈൻ വോട്ട്​ ചെയ്തത്. നോർത്ത് പറവൂർ വെടിമറ കുമാരവിലാസം എൽ.പി സ്‌കൂളിലെ 105ാം ബൂത്തിലായിരുന്നു വോട്ട്.

സിറോ മലബാർ സഭ മേജർ ആർച്ബിഷപ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ എന്നിവർ കാക്കനാട് തെങ്ങോട് ഗവ. സ്കൂളിൽ രാവിലെയെത്തി വോട്ട്​ രേഖപ്പെടുത്തി. വരാപ്പുഴ ആർച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം സെൻറ് മേരീസ് സ്കൂളിൽ രാവിലെ 8.30ന് വോട്ട് ചെയ്തു. ജസ്റ്റിസ്​ ദേവൻ രാമചന്ദ്രനും കുടുംബവും പാലാരിവട്ടം വിൻസെന്‍റ്​ ഡി പോൾ കോൺവെന്‍റ്​ സ്കൂളിലെ 51ാം നമ്പർ ബൂത്തിലാണ് വോട്ട്​ ചെയ്തത്.

എം.എൽ.എമാരായ ഉമ തോമസ് പാലാരിവട്ടം (പാർട്ട്‌ നമ്പർ 51) വിൻസെന്റ് ഡി പോൾ കോൺവെന്റ് സ്കൂളിലും ടി.ജെ. വിനോദും കുടുംബവും പാലാരിവട്ടം (പാർട്ട്‌ നമ്പർ 39) എസ്.ഡി.ഡി.ഡി.ഐ.ടി.സി പുതിയ റോഡിലും (ഹരിജൻ വെൽഫയർ സെന്റർ ഓഫിസ്) വോട്ട് ചെയ്തു. എറണാകുളം ജില്ല കലക്ടറും ജില്ല വരണാധികാരിയുമായ എൻ.എസ്.കെ. ഉമേഷ് രാവിലെ എറണാകുളം എസ്.ആർ.വി സ്കൂളിലാണ് വോട്ട്​ ചെയ്തത്. കാക്കനാട് ചെമ്പുമുക്ക് എൽ.പി സ്കൂളിൽ നടൻ ഹരിശ്രീ അശോകനും ഇടപ്പള്ളി സെൻറ് പയസ് സ്കൂളിൽ നടി അമല പോളും വോട്ട്​ ചെയ്തു. 

മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയത് കുടുംബസമേതം


കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർ.സി. അമല സ്കൂൾ 161ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ കമല, മകൾ വീണ എന്നിവർക്കൊപ്പം രാവിലെ 7.30ഓടെയാണ് മുഖ്യമന്ത്രി ബൂത്തിലെത്തിയത്. സ്പീക്കർ എ.എൻ. ഷംസീർ വോട്ട് ചെയ്യാനെത്തിയതും കുടുംബസമേതം. പാറാൽ എൽ.പി സ്കൂളിൽ 103ാം നമ്പർ ബൂത്തിലാണ് രാവിലെ ഒമ്പതോടെ എത്തി അദ്ദേഹം വോട്ട് ചെയ്തത്.

കോൺഗ്രസ്-എസ് സംസ്ഥാന പ്രസിഡന്റും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളി എട്ടുമണിയോടെ കാസർകോട് മണ്ഡലത്തിൽപെട്ട കടന്നപ്പള്ളിയിലെ ചെറുവിച്ചേരി ഗവ. എൽ.പി സ്കൂളിലെ 47ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. മന്ത്രി എ.കെ. ശശീന്ദ്രൻ രാവിലെ 7.30ന് മേലെ ചൊവ്വ ധർമസമാജം യു.പി സ്കൂളിലും സമ്മതിദാനാവകാശം വിനിയോഗിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ മോറാഴ സി.എച്ച്. കമ്മാരൻ മാസ്റ്റർ സ്മാരക എ.യു.പി സ്കൂളിൽ 108ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പാപ്പിനിശ്ശേരി അരോളി ജി.എച്ച്.എസ്.എസിലെ 51ാം നമ്പർ ബൂത്തിലും വോട്ട് രേഖപ്പെടുത്തി. തിരുവനന്തപുരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രൻ രാവിലെ കക്കാട് ഗവ. യു.പി സ്കൂളിലെ 148ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി.

കെ.പി.സി.സി പ്രസിഡന്റും കണ്ണൂർ മണ്ഡലം സ്ഥാനാർഥിയുമായ കെ. സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്കൂളിലെ 142ാം ബൂത്തിൽ സമ്മതിദാനാവകാശം വിനിയോഗിച്ചു.

Tags:    
News Summary - Political leaders and film stars came to vote with their family members

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.