കൊച്ചി: രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണത്തിന് ക്ഷേത്രങ്ങളും പരിസരങ്ങളും ഉപയോഗിക്കുന്നത് തടയുന്ന നിയമം കർശനമാക്കണമെന്ന ഹരജിയിൽ സർക്കാറിനും ദേവസ്വം ബോർഡുകൾക്കും ഹൈകോടതി നോട്ടീസ്.
ദേവസ്വം ബോർഡ് നിയന്ത്രണത്തിലില്ലാത്ത ക്ഷേത്രങ്ങൾക്കും മതസ്ഥാപന ദുരുപയോഗം തടയൽ നിയമം ബാധകമാക്കണമെന്ന കൊച്ചി സ്വദേശി എൻ. പ്രകാശിന്റെ ഹരജിയിലാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളി കൃഷ്ണ എന്നിവരടങ്ങിയ ബെഞ്ച് വിശദീകരണം തേടിയത്. മൂന്നാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം.
ആറ്റിങ്ങൽ ഇന്ദിലയപ്പൻ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ ഏഴിന് ‘നിങ്ങളെന്ന കമ്യൂണിസ്റ്റാക്കി’ നാടകവും 11ന് അലോഷിയുടെ വിപ്ലവഗാനങ്ങളും അവതരിപ്പിച്ചതടക്കം കാണിച്ചാണ് ഹരജി. കോഴിക്കോട് തളി ക്ഷേത്രമണ്ഡപത്തിൽ ഏപ്രിൽ 27ന് വിവാഹത്തിനിടെ എസ്.എഫ്.ഐക്ക് മുദ്രാവാക്യം വിളിച്ച സംഭവവും ഉന്നയിച്ചു.
കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവഗാനം പാടിയതുമായി ബന്ധപ്പെട്ട് ഏപ്രിൽ മൂന്നിലെ ഇടക്കാല ഉത്തരവ് എല്ലായിടത്തും ബാധകമാണെന്ന് കോടതി വാക്കാൽ പറഞ്ഞു. ക്ഷേത്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുത് തുടങ്ങിയ നിർദേശങ്ങളാണ് ഇടക്കാല ഉത്തരവിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.