കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഇന്ന് നിർണായക ചോദ്യംചെയ്യലുകൾ തുടരുന്നു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെയും പിതാവ് സക്കറിയയെയും വടകര എസ്.പി ഓഫിസിൽ ചോദ്യം ചെയ്യുകയാണ്. ഇതേസമയം, കേസിലെ പ്രതി മാത്യുവിനെയും റോയിയുടെ ബന്ധുവായ ജോസഫിനെയും പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിലും ചോദ്യംചെയ്യുന്നു. നിർണായകമായ വിവരങ്ങൾ ഇന്ന് ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്‍റെ പ്രതീക്ഷ. ഇതോടൊപ്പം വ്യാജ ഒസ്യത്ത് കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തി.
ഷാജുവിനെയും പിതാവ് സക്കറിയയെയും വടകര റൂറൽ എസ്.പി ഓഫിസിൽ വിളിപ്പിച്ചാണ് ചോദ്യംചെയ്യുന്നത്. കൊലകളുൾപ്പെടെ ജോളിയുടെ ക്രൂരതകൾ പലതിനും രണ്ടാം ഭർത്താവ് ഷാജു മൂകസാക്ഷിയാെണന്ന നിഗമനത്തിലാണ് അന്വേഷണസംഘം. േജാളിയുടെ മൊഴികൾ വിശകലനം ചെയ്താണ് ഇൗ നിഗമനത്തിലേക്ക് എത്തിയത്. കൂടുതൽ വ്യക്തതക്കായാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യുന്നത്.
ഷാജുവിന്‍റെ സഹോദരി ഷീനയുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. കേസിലെ പ്രതിയായ മാത്യുവിനെ പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഹരിദാസന്‍റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. കൊല്ലപ്പെട്ട റോയിയുടെ ഇൻക്വസ്റ്റ് റിപ്പോർട്ടിൽ ഒപ്പുവെച്ച ബന്ധു കാരപ്പറമ്പ് സ്വദേശി ജോസഫിന്‍റെയും മൊഴിയെടുക്കുന്നത് ഇവിടെയാണ്.
വ്യാജ ഒസ്യത്ത് കേസിൽ കോഴിക്കോട് കലക്ടറേറ്റിലാണ് ഡെപ്യൂട്ടി തഹസിൽദാർ ജയശ്രീയുടെ മൊഴി രേഖപ്പെടുത്തിയത്.
വിവാഹത്തിനു മുമ്പും ശേഷവുമുള്ള ജീവിതം സംബന്ധിച്ച് ഷാജുവിെൻറയും ജോളിയുടെയും മൊഴികളിൽ വലിയ വൈരുധ്യങ്ങളുണ്ട്. സിലിയെയും മകൾ ആൽഫിനെയും കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഷാജുവിനറിയാമെന്ന് ജോളി വ്യക്തമാക്കിയിരുന്നു. ഇതുൾപ്പെടെ ഷാജുവുമായി ബന്ധപ്പെട്ട ജോളിയുടെ മൊഴികളെല്ലാം പ്രത്യേകം രേഖപ്പെടുത്തി വിശകലനം ചെയ്ത് കണ്ടെത്തിയ വസ്തുതകളും തെളിവുകളും നിരത്തിയാണ് ഷാജുവിനെ ചോദ്യം ചെയ്യുക.
ഷാജു മാധ്യമങ്ങളോട് ഇതിനകം നടത്തിയ പ്രതികരണങ്ങളിലും വൈരുധ്യമുണ്ട്. ജോളി അറസ്റ്റിലായതിനു പിന്നാലെ ഭാര്യയുടെ ദുരൂഹ പ്രവൃത്തികൾ ഒന്നും തനിക്കറിയില്ലായിരുന്നുവെന്ന തരത്തിലാണ് ഷാജു ആദ്യം പ്രതികരിച്ചത്. പിന്നീട് മൊഴികളോരോന്നും പുറത്തുവന്നതോടെ പല ദുരൂഹതകളും ഉണ്ടെന്നും ഭയംകൊണ്ട് അന്വേഷിക്കാറില്ലെന്നുമുള്ള തരത്തിലായി വിശദീകരണം.
ആദ്യ ചോദ്യം ചെയ്യലിൽ ജോളിയുടെ പല പെരുമാറ്റത്തിലും ഇടപാടുകളിലും ദുരൂഹത സംശയിച്ചതായി ഷാജു പറഞ്ഞിരുന്നു. എന്നാൽ, എന്തുകൊണ്ട് ഇക്കാര്യങ്ങളൊന്നും അന്വേഷിച്ചില്ലെന്ന ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല. അനുമതിയില്ലാതെ ജില്ല വിടരുതെന്ന് നേരത്തേ തന്നെ ഷാജുവിനോട് പൊലീസ് നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച ചോദ്യം ചെയ്തശേഷം ഷാജുവിെൻറ അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയും അന്വേഷണസംഘം തള്ളുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.