മലപ്പുറം: പാലക്കാട്ടെ പെട്ടി പരിശോധനക്ക് സമാനമായി നിലമ്പൂരിലും പെട്ടി പരിശോധിച്ചത് വിവാദമാകുന്നു. ഷാഫി പറമ്പിൽ എം.പിയും രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും സഞ്ചരിച്ച വാഹനം കൈ കാണിച്ച് തടഞ്ഞു നിറുത്തി പൊലീസ് കാറും കാറിനകത്തുള്ള പെട്ടിയും പരിശോധിക്കുകയായിരുന്നു. വെളളിയാഴ്ച രാത്രി 10 മണിയോടെ നിലമ്പൂരിൽ വടപുറത്തായിരുന്നു വാഹന പരിശോധന.
ഷാഫി പറമ്പിൽ ആണ് വാഹനം ഓടിച്ചിരുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ മുൻപിലുള്ള സീറ്റിൽ തന്നെ ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സ്വാഭാവിക പരിശോധന മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. കാർ പരിശോധിച്ചതിനു ശേഷം കാറിന്‍റെ ഡിക്കിയിൽ ഉണ്ടായിരുന്ന പെട്ടി പുറത്തേക്കെടുത്ത് പരിശോധിച്ചു. വസ്ത്രങ്ങളും പുസ്തകങ്ങളും ആണ് പെട്ടിയിൽ ഉണ്ടായിരുന്നത്.
എന്നാൽ എം.പിയേയും എം.എൽ.എയേയും മനസിലായില്ലെന്ന് പൊലീസ് പറഞ്ഞു. പൊട്ടി മുളച്ച് എം.എൽ.എയേയും എം.പിയും ആയതല്ല. ഇതൊക്കെ കുറേ കണ്ടിട്ട് തന്നെയാണ് വന്നതെന്ന് ഷാഫി പറമ്പിൽ പറയുന്നുണ്ട്.
സി.പി.എമ്മിന് വേണ്ടി വേഷം കെട്ടേണ്ടന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പരിശോധന ഏകപക്ഷീയമാണെന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും പ്രതികരിച്ചു. യു.ഡി.എഫ് എം.പിമാരുടെയും ജനപ്രതിനിധികളുടെയും വണ്ടി മാത്രമാണ് പരിശോധിക്കുന്നതെന്നും ഷാഫി വിമർശിച്ചു.
വാഹന പരിശോധനക്കിടെ ഉദ്യോഗസ്ഥരോട് രാഹുൽ മാങ്കൂട്ടത്തിൽ കയർത്തു. നിനക്ക് സർവീസിനുള്ള പാരിതോഷികം തരാമെന്നും ഇടതുപക്ഷ നേതാക്കളുടെ പെട്ടി ഇതുപോലെ പരിശോധിക്കുമോ എന്നും രാഹുൽ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസും വാഹനത്തിലുണ്ടായിരുന്നു.
പാലക്കാട് പെട്ടി വിവാദത്തിന്‍റെ തനിയാവർത്തനം തന്നെയാണ് നിലമ്പൂരിലും നടന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ് പറഞ്ഞു. ഇത് ബോധ പൂർവമായ നീക്കമാണെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.