മിഹിർ അഹമ്മദ്

മിഹിർ അഹമ്മദിന്‍റെ മരണം; എ.സി.പി ഹിൽപാലസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു, 'കുട്ടികൾ ഉൾപ്പെട്ട കേസായതിനാൽ കൃത്യമായും സൂക്ഷ്മമായും കാര്യങ്ങൾ അന്വേഷിക്കുകയാണ്'

തൃപ്പൂണിത്തുറ (കൊച്ചി): സ്കൂളിൽ സഹപാഠികളുടെ റാഗിങ്ങിനിരയായ വിദ്യാർഥി മിഹിർ അഹമ്മദ് ഫ്ലാറ്റിൽ നിന്ന്​ ചാടി മരിച്ച സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടങ്ങി. അന്വേഷണ ചുമതലയുള്ള തൃക്കാക്കര എ.സി.പി പി.വി. ബേബി ഹിൽപാലസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചു. കുട്ടികൾ ഉൾപ്പെട്ട കേസായത് കൊണ്ട് കൃത്യമായും സൂക്ഷ്മമായും കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് എ.സി.പി. പറഞ്ഞു. എല്ലാ കാര്യങ്ങളും കൃത്യമായി പരിശോധിക്കും. സംഭവം നടന്നത് 15-ാം തിയതിയാണ്. മറ്റ് വിവരങ്ങൾ പുതിയതായി കിട്ടിയതായത് കൊണ്ട് വിശദമായ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തൃപ്പൂണിത്തുറ ചോയ്സ് പാരഡൈസ് ഫ്ലാറ്റിൽ താമസിക്കുന്ന സലീം-റജ്ന ദമ്പതികളുടെ മകൻ മിഹിർ അഹമ്മദ് (15)​ ജനുവരി 15നാണ് ഫ്ലാറ്റിൻ്റെ 26-ാം നിലയിൽ നിന്ന് ചാടി മരിച്ചത്. തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്​ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ മിഹിർ അഹമ്മദ് വൈകിട്ട് സ്കൂളിൽ നിന്നെത്തിയ ശേഷം 3.50ഓടെ താഴേയ്ക്ക് ചാടി ജീവനൊടുക്കുകയായിരുന്നു.

സ്കൂളിൽ മിഹിർ ക്രൂരമായ റാഗിങ്ങിന്​ ഇരയായെന്നും ഇതാണ്​  മരണത്തിലേക്ക്​ നയിച്ചതെ​ന്നുമാണ് അന്വേഷണമാവശ്യപ്പെട്ട് രക്ഷിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞത്. കഴിഞ്ഞ ദിവസം സ്കൂളിനെതിരെ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ബാലാവകാശ കമീഷനും  രക്ഷിതാക്കൾ നൽകിയ പരാതിയിൽ സഹപാഠികൾ മിഹിറിനെ വാഷ്റൂമിൽ കൊണ്ടുപോയി ശാരീരികമായി ഉപദ്രവിക്കുകയും ക്ലോസറ്റിൽ മുഖം താഴ്ത്തി ഫ്ലഷ് ചെയ്യിക്കുകയും നക്കിപ്പിക്കുകയും ചെയ്തതായി പറയുന്നുണ്ട്. നിറത്തിന്‍റെ പേരിലും വിദ്യാർഥിക്ക്​ അധിക്ഷേപം നേരിടേണ്ടിവന്നു.

സുഹൃത്തുക്കളുമായി നടത്തിയ സംഭാഷണത്തിൽ നിന്നും സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളിൽ നിന്നും മിഹിർ കഠിനമായ ശാരീരിക, മാനസിക പീഡനങ്ങൾക്ക്​ വിധേയനായി എന്ന്​ വ്യക്​തമാണെന്ന് പരാതിയിൽ പറയുന്നു​. അത്ത​രമൊരു നിസ്സഹായ ഘട്ടത്തിലാണ്​ ജീവനൊടുക്കാൻ തീരുമാനിച്ചത്​. ജീവനൊടുക്കിയ ദിവസം പോലും ക്രൂരമായ പീഡനത്തിന്​ മകൻ ഇരയായി എന്ന്​ ചാറ്റുകളിൽ നിന്ന്​ ബോധ്യപ്പെട്ടിട്ടുണ്ട്​. ഈ കാര്യങ്ങൾ സ്കൂൾ അധികൃതരെ ബോധ്യപ്പെടുത്തിയപ്പോൾ പുറം ലോകം അറിയുമ്പോൾ തങ്ങളുടെ സൽപ്പേര്​ നഷ്ടപ്പെടുമെന്ന ആശങ്കയാണ്​ അവർ പ്രകടിപ്പിക്കുന്നത്​. സംഭവത്തിന്​ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാൻ ചില സഹപാഠികൾ ചേർന്ന്​ ആരംരഭിച്ച ‘ജസ്റ്റിസ്​ ഫോർ മിഹിർ'' എന്ന ഇൻസ്റ്റഗ്രാം പേജ്​ നീക്കം ചെയ്യപ്പെട്ടതായും ഇതിന്​ പിന്നിൽ ആരുടെയോ സമ്മർദ്ദമുള്ളതായും പരാതിയിൽ പറയുന്നു.

അതേസമയം,  അന്വേഷണവുമായി സഹകരിക്കുമെന്നും സ്കൂളിൽ അത്തരം സംഭവം നടന്നതായി അറിവില്ലെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ടോയ്ലറ്റിൻ്റെ ഭാഗത്ത് രണ്ട് വശത്തും നിരീക്ഷണത്തിന് ആളുകളുണ്ട്. അത് കൊണ്ട് ടോയ്ലറ്റിനുള്ളിൽ അത്തരം സംഭവം നടക്കാനിടയില്ല. സ്കൂളിൻ്റെ സൽപേര് കളയാൻ ആസൂത്രിത ശ്രമമാണോയെന്ന് സംശയമുണ്ടെന്നും സ്കൂൾ അധികൃതർ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് നൽകിയ സന്ദേശത്തിൽ പറയുന്നു.

എന്നാൽ,  സ്കൂൾ പറയുന്ന വാദങ്ങളെല്ലാം തെറ്റാണെന്ന് മരിച്ച മിഹിറിന്റെ അമ്മാവൻ ഷെരീഫ് പറഞ്ഞു. മിഹിറിന് നീതി കിട്ടണമെന്നും ഇനിയൊരു സംഭവം ഇത്തരത്തിൽ ഉണ്ടാവാതിരിക്കാൻ ഉറപ്പുവരുത്തണമെന്നും അപകടത്തിനു ശേഷം കിട്ടിയ ചാറ്റ് ഉൾപ്പെടെയുള്ള വിവരങ്ങളെല്ലാം സ്കൂൾ അധികൃതർക്ക് കൈമാറിയിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു. വിവരങ്ങൾ എല്ലാം പൊലീസിന് കൈമാറിയിട്ടുണ്ടെന്ന് മാത്രമാണ് സ്കൂൾ അധികൃതർ പറഞ്ഞത്. സ്കൂളിന് അയച്ച മെയിലും അതിന് തന്ന റിപ്ലൈയും തങ്ങടെ കയ്യിലുണ്ടന്നും ഷെരീഫ് പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്​ സ്കൂളിലേക്ക് മാർച്ച് നടത്തും. 

Tags:    
News Summary - police starts detailed investigation in Mihir Ahmad death case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.