തിരുവനന്തപുരം: ആൾക്കൂട്ടക്കൊലപാതകവും അക്രമവും തടയുന്നതിന് ജില്ലകളിൽ പ്രേത്യക കർമസേന രൂപവത്കരിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്. ഇതിനായി എല്ലാ ജില്ലകളിലും ജില്ല പൊലീസ് മേധാവിമാരെ നോഡൽ ഓഫിസർമാരായി നിയോഗിച്ചു. ഇവരെ സഹായിക്കുന്നതിന് ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആൾക്കൂട്ടക്കൊലപാതകത്തിനും അക്രമത്തിനും നേതൃത്വം നൽകാൻ സാധ്യതയുള്ളവരെയും അത്തരം സംഭവങ്ങൾ നടക്കാൻ സാധ്യതയുള്ള സ്ഥലങ്ങളെയും കുറിച്ച് വിവരങ്ങൾ ശേഖരിക്കുക, വിദ്വേഷപ്രസംഗങ്ങളോ പ്രകോപനപരമായ പ്രസ്താവനകളോ വ്യാജവാർത്തകളോ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുക തുടങ്ങിയവ കർമസേനയുടെ ചുമതലയാണ്.
പ്രശ്നസാധ്യത പ്രദേശങ്ങളിൽ പൊലീസ് പേട്രാളിങ് കൂടുതൽ ഗൗരവപൂർവം നടത്താനും നിർദേശിച്ചിട്ടുണ്ട്. നോഡൽ ഓഫിസർമാർ മാസത്തിലൊരിക്കൽ ജില്ലയിലെ ഇൻറലിജൻസ് വിഭാഗത്തിെൻറയും സ്റ്റേഷൻ ഹൗസ് ഓഫിസർമാരുടെയും യോഗം വിളിക്കണം. ഒന്നിലേറെ ജില്ലകളെ ബാധിക്കുന്ന തരത്തിെല എന്തെങ്കിലും അക്രമസംഭവങ്ങൾക്ക് സാധ്യയുണ്ടെങ്കിൽ ആ വിവരം സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയിൽപ്പെടുത്തണം. എവിടെയെങ്കിലും ആൾക്കൂട്ടക്കൊലപാതകമോ അക്രമമോ നടന്നാൽ ബന്ധപ്പെട്ട ലോക്കൽ പൊലീസ് സ്റ്റേഷനിൽ കാലംതാമസംകൂടാതെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണം. സാക്ഷികളുണ്ടെങ്കിൽ അവരുടെ മേൽവിലാസമുൾപ്പെടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നും സുപ്രീംകോടതി നിർദേശം പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.