തിരുവനന്തപുരം: സംസ്ഥാനത്തെ ഐ.പി.എസുകാരുടെ ക്യാമ്പ് ഓഫിസിലും വീട്ടിലും സ്വകാര്യജോലിക്കായി നിയോഗിച്ചിരിക്കുന്ന പൊലീസുകാരെയും ക്യാമ്പ് ഫോളോവേഴ്സിനെയും എത്രയുംവേഗം മടക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദേശത്തിന് പുല്ലുവില.
സംസ്ഥാനത്തെ ഒരുവിഭാഗം ഐ.പി.എസ് ഉദ്യോഗസ്ഥർ കാര്യങ്ങൾ തീരുമാനിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഉറപ്പ് വിശ്വസിച്ച് നീതിക്കായി കാത്തിരുന്ന ക്യാമ്പ് ഫോളോവേഴ്സ് അടക്കം നിരാശയിലാണ്. പ്രശ്നങ്ങൾക്ക് ഒരുമാസത്തിനകം പരിഹാരംകാണുമെന്ന് ജൂൺ 20നാണ് മുഖ്യമന്ത്രി ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകിയത്. എന്നാൽ മാസം ഒന്നുകഴിഞ്ഞിട്ടും ഐ.പി.എസുകാരുടെ വീടുകളിൽ തങ്ങൾക്ക് അടിമപ്പണിയാണെന്ന് ഭാരവാഹികൾ ആരോപിക്കുന്നു. ദാസ്യപ്പണിക്ക് വിസ്സമ്മതിച്ചവർക്കെതിരെ കള്ളക്കേസെടുത്ത സംഭവങ്ങളും ഉണ്ടായി. ഇതുസംബന്ധിച്ച കേസുകൾ അഡ്മിനിട്രേഷൻ ട്രൈബ്യൂണിലിെൻറ പരിഗണനയിലാണെന്നും അവർ പറയുന്നു. എറണാകുളത്തെ യുവ ഐ.പി.എസുകാരെൻറ വീട്ടിലും ക്യാമ്പിലുമായി നാല് പേരും പൊലീസ് ക്ലബിൽ രണ്ടുപേരും പണിയെടുക്കുന്നുണ്ട്. വയനാട്, മലപ്പുറം, കോട്ടയം, കണ്ണൂർ, തൃശൂർ ജില്ലകളിലെ ചില എസ്.പിമാരും ഇതുസംബന്ധിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് അനുസരിച്ചിട്ടില്ല.
ഇതിനെതിരെ പരാതി നൽകിയാൽ കള്ളക്കേസിൽ കുടുക്കുകയാണെന്നും ഭാരവാഹികൾ ആരോപിക്കുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ക്യാമ്പ് ഫോളോവേഴ്സിനെയും രേഖയില്ലാതെ ‘അദർ ഡ്യൂട്ടി’ക്കായി നിയോഗിക്കപ്പെട്ടവരെയും മടക്കി അയക്കാൻ ഐ.പി.എസുകാരിൽ ചിലർ തയാറായെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞതോടെ പറഞ്ഞുവിട്ടവരെയൊക്കെ തിരിച്ചുവിളിക്കുകയായിരുന്നു. സേനയിൽ ദാസ്യപ്പണി വെച്ചുപൊറുപ്പിക്കില്ലെന്നും വർക്ക് അറേഞ്ച്മെൻറ് എന്നപേരിൽ നടത്തുന്ന മാറ്റങ്ങൾ അവസാനിപ്പിക്കണമെന്നും ജൂൺ 26ന് ചേർന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി താക്കീത് ചെയ്തിരുന്നു. എന്നാൽ രേഖയില്ലാതെ ജോലിചെയ്തവരുടെ പട്ടിക തയാറാക്കിയ പൊലീസ് ആസ്ഥാനത്തടക്കം കാര്യങ്ങൾ പഴയപടി തന്നെ.
ഇരുന്നൂറോളം ഉദ്യോഗസ്ഥരാണ് പൊലീസ് ആസ്ഥാനത്ത് വർക്ക് അറേഞ്ച്മെൻറിൽ ഇപ്പോഴും ജോലിചെയ്യുന്നത്. പൊലീസ് ടെലി കമ്യൂണിക്കേഷനിൽ നിന്ന് വർഷങ്ങളായി പൊലീസ് ആസ്ഥാനത്ത് വർക്ക് അറേഞ്ച്മെൻറിൽ എത്തിയ എസ്.ഐ അടക്കമുള്ള ഒമ്പതുപേരും വ്യാജ തസ്തിക സൃഷ്ടിച്ച് ഇപ്പോഴും ഇവിടെ തുടരുന്നു. ടോമിൻ ജെ. തച്ചങ്കരി പൊലീസ് ആസ്ഥാനം എ.ഡി.ജി.പിയായിരുന്ന ഘട്ടത്തിൽ ഇവരിൽ പലരെയും മാതൃയൂനിറ്റിലേക്ക് മടക്കി ഉത്തരവിട്ടിരുന്നെങ്കിലും കനത്ത സമ്മർദത്തെ തുടർന്ന് മരവിപ്പിക്കേണ്ടിവന്നു. എ.ഡി.ജി.പി സുദേഷ് കുമാറിെൻറ മകളുടെ സംഭവത്തിന് ശേഷവും ഐ.പി.എസുകാരുടെ സ്വകാര്യ ആവശ്യങ്ങൾക്ക് നിയോഗിക്കപ്പെട്ട പൊലീസുകാരുടെ എണ്ണത്തിൽ കുറവുണ്ടായിട്ടില്ല. ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥെൻറ ഭാര്യക്ക് സുരക്ഷയൊരുക്കുന്നതിന് ഇപ്പോഴും മൂന്ന് വനിതാപൊലീസുകാരുണ്ട്. സുരക്ഷ ആവശ്യമുള്ളതും ആവശ്യമില്ലാത്ത രാഷ്ട്രീയ-മതസമുദായ ജഡ്ജിമാരുടെ പട്ടിക തയാറാക്കാൻ ജൂണിൽ മുഖ്യമന്ത്രി ഇൻറലിജൻസ് മേധാവിക്ക് നിർദേശം നൽകിയെങ്കിലും രാഷ്ട്രീയ സമർദത്തെ തുടർന്ന് പട്ടിക ഒതുക്കി. ദാസ്യപ്പണി വിവാദത്തിെൻറ പശ്ചാത്തലത്തിൽ ജൂണിൽ ഒരു രേഖയുമില്ലാതെ ജോലിചെയ്യുന്ന പൊലീസുകാരുടെ വിവരങ്ങൾ കേരള പൊലീസ് അസോസിയേഷനും സമാന്തരമായി ശേഖരിച്ചെങ്കിലും ഐ.പി.എസുകാരുടെ സമ്മർദത്തെ തുടർന്ന് ഈ പട്ടികയും ഇതുവരെ വെളിച്ചംകണ്ടിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.