തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെ കുരുക്കിയ ഫോണ്‍വിളി സംപ്രേഷണം ചെയ്ത മംഗളം ചാനലിൽ ക്രൈംബ്രാഞ്ച് സംഘം വീണ്ടും തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് ആരംഭിച്ച പരിശോധന നാലുമണിക്കൂറോളം നീണ്ടു. ജീവനക്കാരെ വിശദമായി ചോദ്യം ചെയ്ത സംഘം കേസിൽ നിർണായകമായേക്കാവുന്ന ഡിജിറ്റൽ തെളിവുകൾ കണ്ടെടുത്തു. വിവാദ ഫോൺ സംഭാഷണം സൂക്ഷിച്ചിരുന്ന കമ്പ്യൂട്ടർ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തതായാണ് വിവരം.
ചാനൽ സെർവറിൽനിന്ന് ഡിജിറ്റൽ വിവരങ്ങളും ശേഖരിച്ചു. അതേസമയം, മന്ത്രിയുമായി സംസാരിച്ച ചാനൽ ലേഖിക ഒളിവിലായതിനാൽ അവർ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുക്കാനായില്ലെന്നാണ് അറിയുന്നത്. ഇവർ ഒളിവിൽ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ പൊലീസ് നിരീക്ഷണത്തിലാണ്. ഞായറാഴ്ചയും ചാനലിൽ തെളിവെടുപ്പ് നടന്നിരുന്നു. എന്നാൽ, സി.ഇ.ഒ ഉൾപ്പെടെയുള്ള മുതിർന്നവരിൽ പലരും ഓഫിസിലില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് തിങ്കളാഴ്ച വീണ്ടും പരിശോധന നടത്താൻ തീരുമാനിച്ച്ത്. അതേസമയം, കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന സൂചനയാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് െബഹ്റ നൽകുന്നത്.
പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തിങ്കളാഴ്ച പരിഗണിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കാൻ ഇടപെടില്ലെന്ന സൂചനയാണ് കോടതി നൽകിയത്. കേസ് വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുന്ന കാര്യവും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ചാനലിലെ തെളിവെടുപ്പിനു ശേഷം, തിങ്കളാഴ്ച രാത്രി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. അറസ്റ്റ് അടക്കം കാര്യങ്ങൾ യോഗത്തിൽ ചർച്ചയായതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.