ദിലീപ് നശിപ്പിച്ച വാട്സ്ആപ് ചാറ്റുകളില്‍ ഒന്ന് യു.എ.ഇ പൗരന്‍റേതെന്ന് ക്രൈംബ്രാഞ്ച്

ആലുവ: വധഗൂഢാലോചന കേസിലെ പ്രതിയായ നടൻ ദിലീപ്​ വീണ്ടെടുക്കാനാകാത്ത വിധത്തിൽ നിരവധി ചാറ്റ്​ മെസേജുകൾ ഫോണിൽനിന്ന് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച്. ഫോണില്‍നിന്ന് നീക്കിയ വാട്സ്ആപ് ചാറ്റുകളില്‍ ഒന്ന് ഷാര്‍ജ ക്രിക്കറ്റ് അസോസിയേഷന്‍ സി.ഇ.ഒ ഖലഫ് ബുഖാതിറിന്‍റെതാണെന്നും അന്വേഷണസംഘം ആലുവ കോടതിയില്‍ അറിയിച്ചു. ഇതിനുള്ള കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.

മൂന്ന് പ്രവാസി മലയാളികൾ, ദിലീപിന്റെ സഹോദരീഭര്‍ത്താവും വധഗൂഢാലോചന കേസിലെ പ്രതിയുമായ സുരാജ്​ എന്നിവരുമായുള്ള വാട്സ്ആപ് ചാറ്റുകളും വീണ്ടെടുക്കാനാകാത്ത വിധം നശിപ്പിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കൈമാറാന്‍ ഹൈകോടതി ഉത്തരവിട്ടതിന് പിന്നാലെയായിരുന്നു ഇത്. 12 പേരുടെ നമ്പറുകളിലേക്കുള്ള വാട്സ്ആപ് ചാറ്റുകളാണ്​ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടിലുള്ളത്. ഖലഫ് ബുഖാതിറുമായുള്ള ചാറ്റുകള്‍ നശിപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ദുബൈയില്‍ സൂപ്പര്‍മാര്‍ക്കറ്റ് നടത്തുന്ന മലപ്പുറം സ്വദേശി ജാഫര്‍, ദുബൈയിലെ സാമൂഹിക പ്രവര്‍ത്തകന്‍ തൃശൂര്‍ സ്വദേശി നസീര്‍, ദിലീപിന്റെ ഉടമസ്ഥതയിലെ ദേ പുട്ടിന്റെ ദുബൈ പാര്‍ട്ണര്‍ എന്നിവരുമായുള്ള ചാറ്റുകളും നീക്കിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഒരുവിദേശി പൗരന്‍ സഹായിച്ചതായി കേസിലെ സാക്ഷി ബാലചന്ദ്ര കുമാര്‍ മൊഴി നല്‍കിയിരുന്നു. അത് ഖലഫാണോ എന്നും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. കേസിലെ തെളിവാകുന്ന രേഖകളാണ് പ്രതികള്‍ ബോധപൂര്‍വം ഇല്ലാതാക്കിയതെന്ന് റിപ്പോര്‍ട്ടിലുണ്ട്.

സൈബർ വിദഗ്​ധൻ സായ് ശങ്കറിന്റെ സഹായത്തോടെയാണ് ചാറ്റുകൾ നശിപ്പിച്ചത്. ദിലീപ്, സുരാജ്, സായ് ശങ്കര്‍ എന്നിവര്‍ക്കെതിരെ തെളിവ് നശിപ്പിച്ചതിനും കേസെടുത്തിട്ടുണ്ട്​.

Tags:    
News Summary - Police say Dileep destroyed chats to 12 numbers irretrievably

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.