എം.ആർ. അജിത്കുമാർ 

പൊലീസിൽ അഴിച്ചുപണി ഉടൻ; എം.ആർ. അജിത്കുമാറിനെ സുപ്രധാന പദവിയിൽ തിരിച്ചെത്തിക്കാൻ ചരടുവലി

തിരുവനന്തപുരം: പൊലീസിൽ ഉടൻ അഴിച്ചുപണി വരുന്നു. എ.ഡി.ജി.പി തലത്തിലും തിരുവനന്തപുരം, കൊച്ചി കമീഷണർമാർക്കും മാറ്റമുണ്ടാകും. ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങിയേക്കും. ഇതിന്‍റെ മറപിടിച്ച് എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെ വീണ്ടും ക്രമസമാധാന ചുമതലയിലേക്ക് കൊണ്ടുവരാൻ നീക്കമുണ്ട്. അഴിമതി ആരോപണങ്ങളിൽ ഹൈകോടതി ക്ലീൻ ചിറ്റ് നൽകിയത് ചൂണ്ടിക്കാട്ടിയാണ് ചരടുവലി. നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് വിശ്വസ്തനെ നിർണായക സ്ഥാനത്ത് ഇരുത്തുകയാണ് ലക്ഷ്യം.

മുഖ്യമന്ത്രിയുടെ അതിവിശ്വസ്തനായി അറിയപ്പെടുന്ന അജിത്കുമാറിന് ഇപ്പോൾ പൊലീസിന് പുറത്ത് എക്സൈസിന്റെയും ബെവ്കോ ചെയർമാന്‍റെയും ചുമതലയാണ്. ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, പൂരം കലക്കൽ വിവാദം, പി.വി. അൻവറിന്‍റെ അഴിമതി ആരോപണം തുടങ്ങിയ വിവാദങ്ങളിൽപെട്ടതോടെയാണ് അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽനിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതരായത്. കേന്ദ്ര ഡെപ്യൂട്ടേഷനിലായ എ.ഡി.ജി.പി ദിനേന്ദ്ര കശ്യപ് തിരിച്ചു വരും.

ആർ. നിശാന്തിനി, അജീത ബീഗം, സതീഷ് ബിനോ, പുട്ട വിമലാദിത്യ, രാഹുൽ ആർ. നായർ എന്നീ ഡി.ഐ.ജിമാർക്ക് ഐ.ജിയായി സ്ഥാനക്കയറ്റം ലഭിക്കും. പുട്ട വിമലാദിത്യ കൊച്ചി കമീഷണറും അജിത ബീഗം, സതീഷ് ബിനോ എന്നിവർ തിരുവനന്തപുരം, കൊച്ചി റേഞ്ച് ഡി.ഐ.ജിമാരുമാണ്. ഇതോടെ കമീഷണർ, റേഞ്ച് ഡി.ഐ.ജി സ്ഥാനങ്ങളിൽ അഴിച്ചുപണി ഉണ്ടാകും. അരുൾ ബി. കൃഷ്ണ, ഹിമേന്ദ്രനാഥ്, ശിവവിക്രം എന്നിവർ ഡി.ഐ.ജിമാരാകും.

Tags:    
News Summary - Police reshuffle imminent; String pulling to bring back M.R. Ajith Kumar to important post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.