പിടിയിലായ പ്രതികളെ കാസിനോ കേന്ദ്രത്തിന് പുറത്ത് ഇരുത്തിയിരിക്കുന്നു
കൊടുങ്ങല്ലൂർ: ലക്ഷങ്ങൾ മറിയുന്ന 'കട്ടൻ ബസാർ കാസിനോ' ശീട്ടുകളി കേന്ദ്രത്തിൽ തൃശൂർ പൊലീസ് സംഘത്തിെൻറ പാതിര റെയ്ഡ്. ലോക്കൽ പൊലീസിനെ പങ്കെടുപ്പിക്കാതെ സായുധ പൊലീസിെൻറ സഹായത്തോടെ വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിൽ എട്ടുപേർ പിടിയിലായി. 1,16,000 രൂപയും കളി സാമഗ്രികളും പിടികൂടി.
പറയാട് കല്ലുംപുറത്ത് നിജിത്ത്, കൂട്ടമംഗലം സ്വദേശികളായ കണ്ണൻ കിലകത്ത് ബദറുദീൻ, എടവഴി പുറത്ത് മജീദ്, കൂളിമുട്ടം സ്വദേശി സലാം, വലിയ പാലംതുരുത്ത് തേനാശ്ശേരി ഷെറിൻലാൽ, എടത്തിരുത്തി കറപ്പംവീട്ടിൽ യൂസഫ്, മാപ്രാണം ചിറയൻ പറമ്പിൽ അബ്ദുസലീം, മടപ്ലാൻതുരുത്ത് ചേരമൻ തുരുത്ത് എൽബിൻ എന്നിവരാണ് പിടിയിലായത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പൊലീസ് സംഘം മഫ്തിയിലാണ് അഞ്ചേക്കർ പറമ്പിലെ കളികേന്ദ്രത്തിൽ എത്തിയത്.
റൂറൽ എസ്.പി വിശ്വനാഥിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. അഞ്ച് ലക്ഷത്തോളം രൂപയാണ് ശീട്ടുകളി കേന്ദ്രത്തിെൻറ പ്രതിമാസ വരുമാനം. കളിസ്ഥലത്തേക്കുള്ള എല്ലാ വഴികളിലും കാവൽക്കാർ ഉണ്ടായിരുന്നു.
കളിസ്ഥലത്ത് എത്തുക ഏറെ പ്രയാസകരമായതിനാൽ പൊലീസ് സംഘം താടിയും മുടിയും വളർത്തി കളി നടക്കുന്നതിനു മുമ്പുതന്നെ എത്തി വിവിധ സ്ഥലങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഏക്കറുകൾ വരുന്ന പറമ്പിെൻറ അഞ്ചു ഭാഗത്തായി ടോർച്ചുകളുമായി കാവൽക്കാർ ഉണ്ടായിരുന്നു.
വിവിധ സ്ഥലങ്ങളിൽനിന്ന് വാഹനത്തിലാണ് കളിക്കാരെ എത്തിച്ചിരുന്നതെന്നും പൊലീസ് അറിയിച്ചു. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി രാജേഷിെൻറ നേതൃത്വത്തിൽ സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.ജെ. ജിജോ, റൂറൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ മുഹമ്മദ് റാഫി, എ.എസ്.ഐമാരായ പി. ജയകൃഷ്ണൻ, സി.എ. ജോബ്, സി.പി.ഒമാരായ സൂരജ് വി. ദേവ്, മിഥുൻ കൃഷ്ണ, അനൂപ് ലാലൻ, മാനുവൽ എന്നിവരാണ് റെയ്ഡ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.