വിമാനത്തിലെ പ്രതിഷേധം: പൊലീസ്​ വിമാനത്തിൽ പരിശോധന നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിലുണ്ടായ യൂത്ത്​ കോൺഗ്രസ്​ പ്രവർത്തകരുടെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇൻഡിഗോ വിമാനത്തിൽ പൊലീസ് പരിശോധന നടത്തി. മഹസർ തയാറാക്കാൻ വിമാനം പരിശോധിക്കണമെന്ന്‌​ ഇൻഡിഗോ അധികൃതർക്ക്‌ പൊലീസ്​ നോട്ടീസ്‌ നൽകിയിരുന്നു. ഇതി‍െൻറ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വൈകീട്ട്‌ വിമാനം എത്തിയപ്പോഴാണ്​ പരിശോധനക്ക്​ സമയം അനുവദിച്ചത്​.

മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറുമായെത്തിയാണ്​ മഹസർ തയാറാക്കിയത്​. വിമാനത്തിലെ പ്രതിഷേധത്തിൽ അനിലി‍െൻറ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പ്രതികൾ വ്യോമയാന നിയമങ്ങൾ ലംഘിച്ചെന്ന നിലയിലാണ്​ അന്വേഷണം. കേസന്വേഷിക്കുന്ന പ്രത്യേകസംഘത്തിലെ അംഗമായ ശംഖുംമുഖം അസി. കമീഷണർ ഡി.കെ. പൃഥ്വിരാജി‍െൻറ മേൽനോട്ടത്തിൽ ശംഖുംമുഖം എസ്‌.എച്ച്‌.ഒയും പരിശോധന സംഘത്തിലുണ്ടായിരുന്നു. പ്രതിഷേധക്കാർ ഇരുന്ന സീറ്റുകളിൽനിന്ന്‌ മുഖ്യമന്ത്രിയുടെ സീറ്റിലേക്കുള്ള ദൂരമടക്കമുള്ള വിവരങ്ങൾ ശേഖരിച്ചു. മുഖ്യമന്ത്രിക്കുനേരെ പ്രതിഷേധമുണ്ടായെന്ന തരത്തിൽ വിമാന കമ്പനി വ്യാമയാന വകുപ്പിന്​ നൽകിയ റിപ്പോർട്ട്​ അന്വേഷണത്തിൽ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ്​​ പൊലീസ്​ മുന്നോട്ടുപോവുന്നത്​.

ഇൻഡിഗോ വിമാന കമ്പനിയിൽനിന്ന് വിമാനത്തിലെ എല്ലാ യാത്രക്കാരുടെ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ ഇതിനകം ശേഖരിച്ചിട്ടുണ്ട്​. ലഭിക്കാവുന്ന പരമാവധി പേരുടെ മൊഴികളും രേഖപ്പെടുത്തി. കേസിലെ ഗൂഢാലോചന ഉൾപ്പെടെ പുറത്ത് കൊണ്ടുവരുന്ന രീതിയിലുള്ള അന്വേഷണം വേണമെന്നാണ് പ്രത്യേക സംഘത്തലവൻ ക്രൈംബ്രാഞ്ച് എസ്​.പി. പ്രജീഷ് തോട്ടത്തിലിന് ലഭിച്ച നിർദേശം. പ്രജീഷ് തോട്ടത്തിലി‍െൻറ നേതൃത്വത്തിൽ കൊച്ചിയിൽ ചേർന്ന യോഗം അന്വേഷണം വിപുലീകരിക്കാനും തീരുമാനിച്ചു. ആറംഗ സംഘ​ത്തെയാണ്​ ആദ്യം നിയോഗിച്ചത്​. കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്തി സംഘം വിപുലീകരിച്ചാകും തുടർന്നുള്ള അന്വേഷണം. കേസിൽ പ്രതികൾ അന്താരാഷ്ട്ര വ്യോമ ഗതാഗത നിയമങ്ങൾ ലംഘിച്ചതി‍െൻറ വിശദാശംങ്ങൾ ശാസ്‌ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയിൽ അവതരിപ്പിക്കാനും തിരുവനന്തപുരം ജില്ല കോടതിക്ക്‌ ജുഡീഷ്യൽ ഫസ്‌റ്റ്‌ക്ലാസ്‌ കോടതി കൈമാറിയ കേസ്‌ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും അന്വേഷണസംഘത്തി‍െൻറ യോഗം തീരുമാനിച്ചിട്ടുണ്ട്​.

Tags:    
News Summary - Police inspection On indigo flight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.