തിരുവനന്തപുരം: സേനാംഗങ്ങളും കുടുംബാംഗങ്ങളും ചെയ്യുന്ന സദ്പ്രവർത്തികൾക്ക് ബഹുമതി നൽകാനൊരുങ്ങി പൊലീസ്. ഇതിനായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയുടെ ഓഫിസിൽ ഗുഡ്വർക്ക് സെല്ലിന് രൂപം നൽകി. ഓരോ പൊലീസ് ഉദ്യോഗസ്ഥനും ചെയ്ത സദ്പ്രവർത്തികൾ ഈവർഷം മുതൽ ഇ-മെയിൽ വിലാസത്തിൽ അയക്കണമെന്നാണ് നിർദേശം. സേനാംഗങ്ങൾ ഡ്യൂട്ടിക്കിടയിലും വ്യക്തിപരമായും ചെയ്ത നല്ല കാര്യങ്ങൾ രേഖപ്പെടുത്തണം. സേനാംഗത്തിന്‍റെ കുടുംബാംഗങ്ങൾക്ക് ലഭിച്ച നേട്ടങ്ങളും രേഖപ്പെടുത്തണം.
സാമൂഹിക പുരോഗതിക്കായി നടത്തുന്ന ദാനം, കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും, പരിസ്ഥിതി പ്രവർത്തനം, വിദ്യാഭ്യാസം, കായികം, കല, സാഹിത്യം, സിനിമ, വയോജനങ്ങളെയും കുട്ടികളെയും സഹായിക്കൽ തുടങ്ങിയവ വ്യക്തിപരമായ പ്രവർത്തികളിൽ ഉൾപ്പെടുത്താം. നേരിട്ടോ യൂനിറ്റ് മേധാവികൾ മുഖേനയോ വിവരങ്ങൾ അയക്കാം. സ്പെഷൽ ബ്രാഞ്ച് ഓഫിസുകളിൽ ഉദ്യോഗസ്ഥനെ ഇതിനായി നിയോഗിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
ജില്ല പൊലീസ് മേധാവികൾ എല്ലാ ഞായറാഴ്ചയും ക്രോഡീകരിച്ച റിപ്പോർട്ട് എ.ഡി.ജി.പിയുടെ വാട്സ്ആപ്പിലേക്ക് അയക്കണം. അർഹരായ പൊലീസ് ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും ബഹുമതിയും അംഗീകാരവും നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.