നിസാമിനെ സഹായിച്ച് നടപടി നേരിട്ടത് ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍

തൃശൂര്‍: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സഹായിച്ചതിന് സസ്പെന്‍ഷന്‍ നേരിട്ടവര്‍ കമീഷണര്‍ മുതല്‍ സി.പി.ഒ വരെ. കഴിഞ്ഞ ദിവസം കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്നുപേരെ കൂടി സസ്പെന്‍ഡ് ചെയ്തതോടെ നിസാമുമായി ബന്ധപ്പെട്ട് ഇതുവരെ ഒമ്പതുപേരാണ് നടപടി നേരിട്ടത്. കമീഷണര്‍ ഒരു വര്‍ഷത്തിനു ശേഷം തിരിച്ചു കയറി.  ഒരു കുറ്റവാളിക്ക് സൗകര്യം ഒരുക്കിയതിന് ഇത്ര ഉദ്യോഗസ്ഥര്‍ നടപടി നേരിടേണ്ടി വരുന്നത് ചരിത്രത്തില്‍ ആദ്യമാണ്. കമീഷണര്‍ ഒഴികെയുള്ളവരെല്ലാം കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ പൊലീസുകാരാണ്. അതേസമയം, ജയില്‍ ജീവനക്കാര്‍ ഒരാള്‍ പോലും നടപടി നേരിട്ടിട്ടില്ല.

നിസാമിന് പൊലീസിന്‍െറ വഴിവിട്ട സഹായം ലഭിച്ച സന്ദര്‍ഭങ്ങള്‍ പലതാണ്. പ്രാഥമിക അന്വേഷണം മുതല്‍ വിവിധ ഘട്ടങ്ങളില്‍ പൊലീസ് സഹായിച്ചു. അന്വേഷണത്തിന്‍െറ നാള്‍വഴികളില്‍ പൊലീസ് ഇടപെടലുകള്‍  ചര്‍ച്ചയും വിവാദവുമായെങ്കിലും ശിക്ഷിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ജയിലിലും പുറത്തും  സഹായം ലഭിക്കുന്നത് വിഷയം ഗൗരവതരമാക്കുന്നു.

ചന്ദ്രബോസിന് നേരെയുള്ള ആക്രമണത്തിന് ശേഷം കസ്റ്റഡിയിലെടുത്ത നിസാമിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയശേഷം തെളിവെടുപ്പിനായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി നാലു ദിവസം കഴിഞ്ഞാണ് തിരിച്ചത്തെിച്ചത്. അന്ന് തൃശൂര്‍ രാമവര്‍മപുരത്തുള്ള സിറ്റി പൊലീസ് കമീഷണറുടെ ഓഫിസില്‍ കമീഷണര്‍ ജേക്കബ് ജോബുമായി ഒരു മണിക്കൂര്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് പുറത്തുവന്നതോടെ അദ്ദേഹത്തെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. കൂടിക്കാഴ്ച തെറ്റായെന്ന ഐ.ജി ടി.ജെ.ജോസിന്‍െറ റിപ്പോര്‍ട്ടിനത്തെുടര്‍ന്ന് സസ്പെന്‍ഷനും ലഭിച്ചു.

കമീഷണര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ഐ.ജി ടി.ജെ. ജോസ് പിന്നീട് കോപ്പിയടി വിവാദത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ടത് മറ്റൊരു വിരോധാഭാസം.
2015 ആഗസ്റ്റ് നാലിന് വിചാരണ കോടതിയിലത്തെിച്ച നിസാമിനെ ഭക്ഷണം കഴിക്കാന്‍ ആഡംബര ഹോട്ടലിലത്തെിച്ച് ബന്ധുക്കളും സുഹൃത്തുക്കള്‍ക്കും സംസാരിക്കാന്‍ അവസരമൊരുക്കിയത് ദൃശ്യങ്ങള്‍ ഉള്‍പ്പെടെ മാധ്യമങ്ങള്‍ പുറത്തു വിട്ടതാണ് അടുത്ത നടപടിക്ക് ഇടയാക്കിയത്. അന്ന് എസ്കോര്‍ട്ടുണ്ടായിരുന്ന കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ എസ്.ഐ പ്രദീപ്, സിവില്‍ പൊലീസ് ഓഫിസര്‍മാരായ പ്രദീഷ്, ജോര്‍ജ്, സുധീര്‍, ധനഞ്ജയന്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

ഏറ്റവുമൊടുവില്‍ കഴിഞ്ഞദിവസം ബംഗളൂരു  കോടതിയിലേക്ക് കൊണ്ടുപോകുമ്പോള്‍ എസ്കോര്‍ട്ട് പോയ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെതന്നെ സീനിയര്‍ സി.പി.ഒ സജിത്കുമാര്‍, സി.പി.ഒമാരായ രതീഷ്, വിനീഷ് എന്നിവരെയാണ്  സസ്പെന്‍ഡ് ചെയ്തത്. ഫോണ്‍ ചെയ്യാനും മറ്റും സൗകര്യം ഒരുക്കിയതിന്‍െറ പേരിലാണ് നടപടി.

നിസാം ആദ്യം തടവില്‍ കഴിഞ്ഞ വിയ്യൂരിലും  കൊലപാതകക്കേസില്‍ ശിക്ഷയുമനുഭവിക്കുന്ന കണ്ണൂര്‍ ജയിലിലും ഏറെ സുഖസൗകര്യങ്ങള്‍ അനുഭവിക്കുന്നുവെന്നാണ് കണ്ടത്തെിയിരിക്കുന്നത്.  പുറത്തു നിന്നുള്ള ഭക്ഷണം, രണ്ട് സിം കാര്‍ഡുകള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗം, ജയിലിലിരുന്ന് ബിസിനസ് നിയന്ത്രിക്കല്‍ എന്നിവയാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. എന്നിട്ടും ജയില്‍ ജീവനക്കാരില്‍ ഒരാള്‍ക്കെതിരെ പോലും നടപടിയുണ്ടായിട്ടില്ല.

 

Tags:    
News Summary - police helped Nissam in jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.