തിരുവനന്തപുരം: തന്നെ ക്രൂരമായി മർദിച്ചെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് എ.ഡി.ജി.പി. സുദേഷ് കുമാറിന്‍റെ മകളുടെ മർദനമേറ്റ പൊലീസ് ഡ്രൈവർ ഗവാസ്കർ. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്‍റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്കർ പറഞ്ഞു.
സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്. തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മർദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്കർ വ്യക്തമാക്കി.
എ.ഡി.ജി.പിയുടെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്‍റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്‍റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവർ ചുമതലയിൽ നിന്ന് മാറ്റിത്തരണമെന്നും അഭ്യർഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായി കാണും. മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്‍റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദേശിച്ചു.
എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്‍റെ തന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദേശിച്ചു. അതിൽ പൊലീസിന്‍റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായി പോലും ഉലഞ്ഞാൽ എ.ഡി.ജി.പി ചീത്ത വിളിക്കും. മറ്റൊരു വാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്‍റെ പേരിലാണ് മുൻ ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്കർ വെളിപ്പെടുത്തി.
എ.ഡി.ജി.പിയുടെ മകൾക്ക് കായിക പരിശീലനം നൽകുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നിൽ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്‍റെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തത്. എ.ഡി.ജി.പിയുടെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാൻ അദ്ദേഹം തയാറാണെന്നും വാർത്താ സൈറ്റിന് നൽകിയ അഭിമുഖത്തിൽ ഗവാസ്കർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.