തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കേ വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കാനാവും ഏതൊരു സർക്കാറും മുന്നണിയും താൽപര്യപ്പെടുക. എന്നാൽ, കേരളത്തിൽ സി.പി.എമ്മിന്‍റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ഏതാനും നാളുകളായി ആരോപണങ്ങളുടെയും വിവാദങ്ങളുടെയും തീച്ചൂളയിലാണ് സംസ്ഥാന സർക്കാറും നേതൃത്വം നൽകുന്ന സി.പി.എമ്മും. അതിൽ ഏറ്റവുമൊടുവിലത്തേതാണ് വിവാദമായ പൊലീസ് നിയമ ഭേദഗതി.

സ്വർണക്കടത്തും ലൈഫ് മിഷൻ അഴിമതിയാരോപണവും ബിനീഷ് കോടിയേരി വിഷയവുമെല്ലാമായി വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്കാണ് സർക്കാർ അഞ്ചാം വർഷത്തിൽ കടന്നുപോയ്ക്കൊണ്ടിരിക്കുന്നത്. അതിനിടെയാണ് പരക്കെ ആക്ഷേപം നേരിട്ട മുന്നാക്ക സംവരണം നടപ്പാക്കാൻ സർക്കാർ തീരുമാനിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് ശക്തമായ വിമർശനം നേരിട്ടെങ്കിലും സംവരണ തീരുമാനത്തെ നേരിട്ട് എതിർക്കാൻ പ്രതിപക്ഷം ആർജ്ജവം കാട്ടാത്തത് സർക്കാറിന് പിടിവള്ളിയായി. അതിനാൽ മുന്നാക്ക സംവരണവുമായി സർക്കാർ മുന്നോട്ടു പോവുക തന്നെ ചെയ്തു.

എന്നാൽ, സൈബർ ഇടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾ തടയാനെന്ന പേരിൽ പൊലീസ് നിയമം ഭേദഗതി ചെയ്ത് ഒരു കരിനിയമം എഴുതിച്ചേർക്കുമ്പോൾ ഇങ്ങനെയൊരു തിരിച്ചടി സി.പി.എം മുന്നിൽകണ്ടിട്ടുണ്ടാകില്ല. മുന്നാക്ക സംവരണം പോലെ ഇതും മുന്നോട്ടു തന്നെ പോകുമെന്ന ധാരണക്ക് കനത്ത തിരിച്ചടിയേറ്റത് സി.പി.എം കേന്ദ്ര നേതൃത്വം വിയോജിപ്പ് പ്രകടിപ്പിച്ചതോടെയാണ്.

ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും കൂട്ടർക്കുമെതിരായ സൈബർ ആക്രമണം വിവാദമായതോടെയാണ് സൈബറിടങ്ങളിലെ സ്ത്രീസുരക്ഷ വീണ്ടും പ്രധാന ചർച്ചയായത്. ഇതിന് പിന്നാലെ, സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുത്തി കേരള പൊലീസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന നിർദേശം സംസ്ഥാന പൊലീസ് മേധാവി മുന്നോട്ടുവെക്കുകയായിരുന്നു. സൈബർ കേസുകളിൽ കർ​ശ​ന ന​ട​പ​ടി​ക​ൾ​ക്ക് മ​തി​യാ​യ നി​യ​മം കേ​ന്ദ്ര ഐ​.ടി ആ​ക്ടി​ൽ ഇ​ല്ലെ​ന്നും അ​തി​നാ​ൽ കേ​ര​ള പോ​ലീ​സ് ആ​ക്ടി​ൽ പു​തി​യ വ​കു​പ്പു​ക​ൾ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മായിരുന്നു ഡി.ജി.പിയുടെ ശിപാർശ.

തുടർന്ന്, സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷ ഉറപ്പാക്കിക്കൊണ്ട് പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഭേദഗതി ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

ഇക്കഴിഞ്ഞ 21നാണ് ഭേദഗതിയിൽ ഗവർണർ ഒപ്പിട്ട് ഓർഡിനൻസ് ഇറക്കിയത്. നിലവിലെ പൊലീസ് ആക്ടിൽ 118 എ എന്ന വകുപ്പ് കൂട്ടിച്ചേർക്കാനായിരുന്നു മന്ത്രിസഭ ശിപാർശ. ഏതെങ്കിലും വ്യക്തിയെ ഭീഷണിപ്പെടുത്താനോ അപമാനിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഉദ്ദേശിച്ച് ഏതെങ്കിലും തരത്തിലുള്ള വിനിമയ ഉപാധികളിലൂടെ ഉള്ളടക്കം നിര്‍മിക്കുകയോ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേർത്ത വകുപ്പിലുണ്ടായിരുന്നത്.

അതേസമയം, നിയമഭേദഗതിക്കെതിരെ വ്യാപക വിമർശനവുമുയർന്നു. പൊലീസിന്​ അമിതാധികാരം നൽകുന്നതാണ്​ പുതിയ ഭേദഗതിയെന്നും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിലനിൽക്കുന്ന വികാരത്തെ മുൻനിർത്തി വിമർശനങ്ങളെ അടിച്ചമർത്താനും അഭിപ്രായസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനും മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുമുള്ള ഓർഡിനൻസുമായാണ് സർക്കാർ രംഗത്തുവരുന്നതെന്നാണ്​ ആരോപണമുയർന്നത്. ദേശീയതലത്തിൽ തന്നെ വിവാദമായതോടെ സംഭവം കൈവിടുകയാണെന്ന് സർക്കാറിന് തോന്നിത്തുടങ്ങിയിരുന്നു.

പൊലീസ്​ആക്ട്​ഭേദഗതി സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവർത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ലെന്നും മറിച്ചുള്ള ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ രംഗത്തെത്തി. പ്രശാന്ത് ഭൂഷൺ, പി. ചിദംബരം, ശശി തരൂർ തുടങ്ങിയ പ്രമുഖർ ശക്തമായ വിമർശനമുയർത്തി രംഗത്തെത്തി. സി.പി.എം ജനറൽ സെക്രട്ടറി ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കുമെന്ന് പി. ചിദംബരം ഇന്നലെ തന്നെ ചോദിച്ചിരുന്നു.

സൈബ​ർ മീ​ഡി​യ എ​ന്ന​തി​ന്​ പ​ക​രം എ​ല്ലാ ത​ര​ത്തി​ലു​മു​ള്ള വി​നി​മ​യോ​പാ​ധി എ​ന്നാ​ണ്​ എന്നാണ് ഓർഡിനൻസിൽ പറഞ്ഞത്. പ​ത്ര, ദൃ​ശ്യ, ഒാ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ളും ഫേ​സ്​​ബു​ക്കും ട്വി​റ്റ​റും അ​ട​ക്കം സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളു​മെ​ല്ലാം നി​യ​മ​പ​രി​ധി​യി​ലാ​കും. വാ​ർ​ത്ത​യും ചി​ത്ര​വും ദൃ​ശ്യ​വു​മ​ട​ക്കം ഏ​ത്​ ത​ര​ത്തി​ലു​ള്ള ഉ​ള്ള​ട​ക്ക​വും അ​പ​കീ​ർ​ത്തി​ക​ര​മെ​ന്ന്​ പ​രാ​തി ല​ഭി​ച്ചാ​ൽ മൂ​ന്ന്​ വ​ർ​ഷം വ​രെ ത​ട​േ​വാ 10,000 രൂ​പ പി​ഴ​േ​യാ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കു​ന്ന കു​റ്റം ചു​മ​ത്തി കേ​സെ​ടു​ക്കാം. ഇതിനെതിരെ സി.പി.എം കേന്ദ്ര നേതൃത്വം രംഗത്തെത്തിയതോടെയാണ് മുൻനിലപാടിൽ നിന്ന് പിന്നാക്കം പോകാൻ സംസ്ഥാന സർക്കാർ നിർബന്ധിതരായത്. ഭേദഗതി പുന:പരിശോധിക്കണമെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെടുകയും ചെയ്തു.

തദ്ദേശ തെരഞ്ഞെടുപ്പും അതിന് പിന്നാലെ ഏതാനും മാസങ്ങൾക്കകം നിയമസഭ തെരഞ്ഞെടുപ്പും വരാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയായിരുന്നു സംസ്ഥാനത്ത് ഇരുമുന്നണികളും. സ്വർണക്കടത്ത്, ലൈഫ് മിഷൻ, മുന്നാക്ക സംവരണം തുടങ്ങിയവ സർക്കാറിനെതിരെ ആയുധമായപ്പോൾ രണ്ട് ലീഗ് എം.എൽ.എമാരെ കേസിൽ പൂട്ടിയാണ് സർക്കാർ പ്രതിപക്ഷത്തിന് തിരിച്ചടി നൽകിയത്. ഈയൊരു സാഹചര്യത്തിൽ, നിയമപരമായി പോലും നിലനിൽക്കാൻ സാധ്യത കുറവുള്ള ഒരു നിയമം കൊണ്ടുവന്ന് സ്വയം തിരിച്ചടി ഏറ്റുവാങ്ങിയിരിക്കുകയാണ് സംസ്ഥാന സർക്കാറും സി.പി.എമ്മും. നിയമം പിൻവലിച്ച് തലയൂരിയെങ്കിലും അതിന്‍റെ അലയൊലികൾ പാർട്ടിയെയും സർക്കാറിനെയും ഉടനെയൊന്നും വിട്ടുപോകാൻ ഇടയില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.