വി.ഡി സതീശൻ
തിരുവനന്തപുരം: പി.എം ശ്രീ വിഷയത്തിൽ ഭരണപരമായ പ്രായോഗികതയാണ് ചുവടുമാറ്റത്തിന് യു.ഡി.എഫിന്‍റെ ന്യായവാദമെങ്കിലും രാഷ്ട്രീയവും നയപരവുമായ മലക്കംമറിച്ചിൽ പ്രകടമാണ്. കാവിവത്കരണം അടക്കം രൂക്ഷമായ ആക്ഷേപങ്ങൾ ഉന്നയിച്ചാണ് ഇടതുസർക്കാറിന്‍റെ കരാർ ഒപ്പിടലിനെ പ്രതിപക്ഷത്തായിരിക്കെ യു.ഡി.എഫ് കടന്നാക്രമിച്ചത്.
മൂന്നു മാസങ്ങൾക്കിപ്പുറം സാങ്കേതികത്വവും സാമ്പത്തിക പ്രതിസന്ധിയും പിടിവള്ളിയാക്കി കളം മാറിയതോടെ രാഷ്ട്രീയ സത്യസന്ധതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. സർക്കാറിന്‍റെ പഴയ കരാറിനെ മുൻനിർത്തി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് തീരുമാനം രാഷ്ട്രീയ എതിരാളികൾക്ക് വലിയ ആയുധമാകുന്നതും ഈ പശ്ചാത്തലത്തിലാണ്.
അതേസമയം, ഇടതു സർക്കാറിന്‍റെ കാലത്ത് മന്ത്രിസഭ പോലും അറിയാതെ രഹസ്യമായി കരാർ ഒപ്പിട്ട സി.പി.എമ്മിനെ സംബന്ധിച്ച് പി.എം ശ്രീയിൽ സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതിനും ധാർമിക പരിമിതിയുണ്ട്. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ വിഷയം ചർച്ച ചെയ്തപ്പോൾ ഇക്കാര്യം പ്രകടമായിരുന്നു.
എൽ.ഡി.എഫ് കാലത്ത് എന്തിന് കരാർ ഒപ്പിട്ടു എന്ന ചോദ്യത്തിന് കൃത്യമായ മറുപടി പ്രതിപക്ഷ നേതാവിന് ഉണ്ടായിരുന്നില്ല. നടപ്പാക്കാതിരിക്കാൻ വേണ്ടിയാണോ കരാർ ഒപ്പിട്ടതെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. അതേസമയം, ഒപ്പിട്ടെങ്കിലും പിന്നീട് അന്നത്തെ സർക്കാർ പിന്മാറ്റത്തിന് തയാറായ പദ്ധതിയുമായി എന്തിന് മുന്നോട്ടുപോകുന്നു എന്ന ചോദ്യമുയർത്തിയാണ് പ്രതിപക്ഷ നീക്കം.
പാഠ്യപദ്ധതിയിലെ മതേതര സ്വഭാവവും സംസ്ഥാനത്തിന്‍റെ സിലബസ് സ്വാതന്ത്ര്യവും എത്രത്തോളം സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുമെന്നതും പ്രസക്തമായ ചോദ്യമാണ്. യു.ഡി.എഫിന്‍റെ രാഷ്ട്രീയ നിലപാടുമാറ്റം കേവലം കക്ഷിരാഷ്ട്രീയ വ്യതിയാനം മാത്രമല്ല, നയപരമായ തീരുമാനം കൂടിയാണ്. പി.എം ശ്രീ വിഷയത്തിൽ ഇതാണോ യു.ഡി.എഫിന്‍റെ നയം എന്ന ചോദ്യത്തിന് മുന്നണി കൺവീനർക്കും ഒന്നും പറയാനില്ലാത്തതും ഇക്കാര്യം അടിവരയിടുന്നു.
ഇടതുസർക്കാർ ഒപ്പുവെച്ച ധാരണപത്രം നിയമപരമായി തങ്ങളെ കെട്ടിയിട്ടിരിക്കുകയാണെന്ന് യു.ഡി.എഫ് വാദിക്കുമ്പോൾ, കേന്ദ്ര സർക്കാറിന്‍റെ വർഗീയ അജണ്ടകൾക്ക് യു.ഡി.എഫ് കീഴ്പ്പെട്ടു എന്ന ആരോപണമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
തിരുവനന്തപുരം: പി.എം ശ്രീ പദ്ധതിയിൽ മുന്നോട്ടുപോകാൻ സർക്കാറിന് യു.ഡി.എഫ് മുന്നണിയിൽനിന്ന് പച്ചക്കൊടി ലഭിച്ചതോടെ ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിച്ച മന്ത്രിസഭ ഉപസമിതിയുടെ അവസാന യോഗം ബുധനാഴ്ച ചേരാൻ തീരുമാനിച്ചു. ഈ യോഗത്തിലാണ് ഉപസമിതിയുടെ റിപ്പോർട്ടിന് രൂപംനൽകുക. വൈകീട്ട് മൂന്നിനാണ് യോഗം.
പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ ഉപസമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് അംഗങ്ങൾ. ഇതിൽ ലിജു മാത്രമാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതിൽ സംശയം ഉയർത്തിയത്. ഉപസമിതി ഇതിനകം രണ്ട് യോഗങ്ങളാണ് ചേർന്നത്. കഴിഞ്ഞ യോഗത്തിൽ നാല് മന്ത്രിമാരും പദ്ധതിയുടെ വിവിധ വശങ്ങൾ അവതരിപ്പിച്ചിരുന്നു. ഉപസമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചാൽ അടുത്ത മന്ത്രിസഭ യോഗത്തിൽ തീരുമാനമെടുക്കാനാണ് ധാരണ.
തിരുവനന്തപുരം: കേന്ദ്ര ഫണ്ട്, കഴിഞ്ഞ സർക്കാർ ഒപ്പിട്ടുപോയി തുടങ്ങിയ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഹിന്ദുത്വ പദ്ധതിയായ പി.എം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്‍റ് സംസ്ഥാന പ്രസിഡന്‍റ് നഈം ഗഫൂർ.
പദ്ധതി കേരളത്തിൽ നടപ്പാക്കാമെന്ന് യു.ഡി.എഫ് സർക്കാർ കരുതേണ്ട. കേരളത്തിലെ വിദ്യഭ്യാസ മേഖലയെ സംഘ്പരിവാറിന് തീറെഴുതുന്ന പദ്ധതിയെ ചെറുത്തുതോൽപ്പിക്കും. ഫെഡറൽ തത്ത്വങ്ങൾ ലംഘിച്ച് സംസ്ഥാന വിഹിതം തടയുന്ന മോദി സർക്കാർ നടപടിയെ ജനകീയമായും നിയമപരമായും ചെറുക്കാനുള്ള ഇച്ഛാശക്തിയാണ് യു.ഡി.എഫ് സർക്കാർ കാണിക്കേണ്ടതെന്നും നഈം ഗഫൂർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.