‘പി.എം ശ്രീ’ അടിയന്തര വിഷയമായി കാണുന്നില്ല; വിശദമായ ചർച്ചക്കുശേഷം അന്തിമ തീരുമാനമെന്നും മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ പി.എം ശ്രീ (PM SHRI) പദ്ധതി അടിയന്തരമായി പരിഗണിക്കേണ്ട വിഷയമായി കാണുന്നില്ലെന്നും യു.ഡി.എഫില്‍ വിശദമായ ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍.

കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് കേന്ദ്ര സർക്കാറുമായി ഒപ്പുവെച്ച കരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറാനാകുമോ എന്നത് പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. പി.എം ശ്രീയുമായി ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ചർച്ച ചെയ്തതിനുശേഷമേ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയാനാകു. പി.എം ശ്രീയുമായി ബന്ധപ്പെട്ട് വിവിധ പാർട്ടികളുടെയും മുന്നണിയുടെയും നിലപാട് സുവ്യക്തമാണ്. പക്ഷേ, സർക്കാർ എന്ന് പറയുന്നത് ഒരു സർക്കാറിന്‍റെ തുടർച്ചയാണ്. കഴിഞ്ഞ സർക്കാർ കേന്ദ്ര സർക്കാറുമായി പി.എം ശ്രീ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. അതൊരു യാഥാർഥ്യമാണ്. അതുപ്രകാരം ചില ഫണ്ടുകൾ കൈമാറി. പിന്നാലെ രാഷ്ട്രീയ വിവാദങ്ങളെയും മുന്നണിയിലെ പ്രശ്നങ്ങളെയും തുടർന്ന് താൽക്കാലം നിർത്തിവെച്ചു. അതിന്‍റെ വിവിധ വശങ്ങളാണ് റിപ്പോർട്ടിലുള്ളത്. ചർച്ചക്ക് ശേഷം മാത്രമേ വിഷയത്തിലെ തുടർനടപടികളെ കുറിച്ച് പറയാനാവൂ എന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാർ ഒരു വർഷം മുമ്പ് കേന്ദ്ര സർക്കാറുമായി ഒപ്പുവെച്ച കരാറാണിത്. അതിൽനിന്ന് ഏകപക്ഷീയമായി സംസ്ഥാനത്തിന് പിന്മാറാനാകുമോ എന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കും. വിദഗ്ധരുമായി ചർച്ച ചെയ്തശേഷമേ വിഷയത്തിൽ തീരുമാനമെടുക്കാനാവൂ. നിലവിൽ അതൊരു അടിയന്തര വിഷയമായി കാണുന്നില്ല. സ്കൂൾ തുറക്കുന്നതും പാഠപുസ്തകങ്ങൾ കൊടുക്കുന്നതുമാണ് അടിയന്തരമായി ചെയ്യാനുള്ളത്. ഇത്തരത്തിൽ ഫണ്ടുകൾ നൽകുന്നതിന് സംസ്ഥാന സർക്കാറിനു മുന്നിൽ കേന്ദ്രം ഉപാധികൾ വെക്കാൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഴിഞ്ഞ സർക്കാറിനെ വിവാദച്ചുഴിയിലാക്കിയ പി.എം ശ്രീ പദ്ധതി ഒപ്പിടലിൽ യു.ഡി.എഫ് സർക്കാർ എന്ത് നിലപാടെടുക്കുമെന്നത് ഏറെ നിർണായകമാണ്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായി സർക്കാറിനെതിരെ യു.ഡി.എഫ് പ്രചാരണായുധമാക്കിയ വിഷയമാണ് പി.എം ശ്രീ പദ്ധതിയിലെ സ്വകാര്യ ഒപ്പിടൽ.

മന്ത്രിസഭയിലും മുന്നണിയിലും ചർച്ച ചെയ്യാതെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പിട്ട നടപടിക്കെതിരെ സി.പി.ഐ പരസ്യമായി രംഗത്തുവന്നു. മന്ത്രിസഭ യോഗത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കുമെന്ന സ്ഥിതി വന്നതോടെ നടന്ന ചർച്ചകളിലാണ് പദ്ധതി തൽക്കാലം നടപ്പാക്കുന്നില്ലെന്ന് കേന്ദ്രസർക്കാറിന് കത്ത് നൽകാൻ തീരുമാനിച്ചത്. ഇതുപ്രകാരം വിദ്യാഭ്യാസ വകുപ്പ് കേന്ദ്രസർക്കാറിന് കത്ത് നൽകുകയും ചെയ്തു. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഉപസമിതി രൂപവത്കരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു യോഗം പോലും ചേർന്നില്ല.

ധാരണാപത്രത്തിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിൽ 2025-26 വർഷത്തിൽ കേരളത്തിന് ലഭിക്കേണ്ട കേന്ദ്രവിഹിതത്തിലെ ഒരു ഗഡു അനുവദിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതി നടപ്പാക്കുന്നത് തൽക്കാലം നിർത്തിവെക്കുന്നുവെന്ന കത്ത് നൽകിയതോടെ അവശേഷിക്കുന്ന ഗഡു തടയുകയും ചെയ്തു. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടില്ലെന്ന കാരണത്താൽ 2023 മുതൽ സമഗ്രശിക്ഷ പദ്ധതിയിൽ കേരളത്തിന് ലഭിക്കാനുള്ള 1100 കോടിയോളം രൂപയാണ് കേന്ദ്രം തടഞ്ഞത്. തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഉൾപ്പെടെ വികസിപ്പിക്കാൻ പ്രത്യേക ഫണ്ട് അനുവദിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ അടങ്ങുന്ന പി.എം ശ്രീ പദ്ധതിയുടെ കാലാവധി 2022 മുതൽ 2027 വരെയാണ്.

Tags:    
News Summary - PM Shri does not see it as an urgent matter; final decision will be taken -Minister N. Samsudheen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.