പാലക്കാട്: കേരളം മാറ്റത്തിന്റെ സന്ദേശം നൽകുമെന്നും ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബി.ജെ.പി മാത്രമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പാലക്കാട് കോട്ട മെതാനിയിൽ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്‌കാരം’ എന്നു പറഞ്ഞുകൊണ്ടായിരുന്നു പ്രസംഗത്തിന്റെ തുടക്കം. തുടർന്ന് ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമി, മന്നത്ത് പത്മനാഭൻ, അയ്യങ്കാളി, കുര്യാക്കോസ് ഏലിയാസ് ചവറ എന്നീ മഹാത്മാർക്ക് പ്രണാമം അർപ്പിച്ചു. പാലക്കാട് ബി.ജെ.പിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ കാശ് വീശുകയാണെന്നും മോദി പറഞ്ഞു.
കേരളം പതിറ്റാണ്ടുകളായി എൽ.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണ്. സംസ്ഥാനത്തെ മാറിയ സാഹചര്യം നേരിട്ട് കാണുന്നുണ്ടെന്നും ബി.ജെ.പിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർധിച്ചതായും മോദി പറഞ്ഞു. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് കേരളത്തിലെ രാഷ്ട്രീയക്കാർ പ്രവർത്തിക്കുന്നത്. കേരളത്തിലെ യുവാക്കളും സ്ത്രീകളും കർഷകരും എൻ.ഡി.എയിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. കേരളത്തിൽ വികസനം എത്തിക്കുമെന്നത് മോദിയുടെ ഗ്യാരണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. പതിറ്റാണ്ടുകളായി എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുന്നു. സി.പി.എമ്മുകാർ കോൺഗ്രസിനെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നു. തിരിച്ച് കോൺഗ്രസുകാർ സി.പി.എമ്മിനെ ബി.ജെ.പിയുടെ ബി ടീം എന്ന് വിളിക്കുന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബി.ജെ.പി മാത്രമാണ്. ഇവർ ആരെയെങ്കിലും ഭയക്കുന്നുണ്ടെങ്കിൽ അത് ബി.ജെ.പിയെ മാത്രമാണെന്നും മോദി പറഞ്ഞു. ബി.ജെ.പി അധികാരത്തിൽ വന്നാൽ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കുംഭകോണങ്ങളെപ്പറ്റി അന്വേഷണം നടത്തുമെന്നും മോദി കൂട്ടിച്ചേർത്തു.
ഹെലികോപ്റ്റർ മാർഗമാണ് മോദി പാലക്കാട്ടെത്തിയത്. പാലക്കാട് മേഴ്സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി വാഹനവ്യൂഹത്തിൽ കോട്ടമൈതാനത്തേക്ക് പുറപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.